KeralaLatest News

മുഖ്യമന്ത്രിക്കെതിരെ ഗള്‍ഫില്‍ വച്ച്‌ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ ഇനി എല്‍ഡിഎഫിനൊപ്പം

ജോലി പോയി നാട്ടിലേക്കു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാള്‍ പറഞ്ഞിരുന്നു.

കോതമംഗലം: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫേസ്‌ബുക്കില്‍ ലൈവിട്ട കൃഷ്ണകുമാര്‍ ഇപ്പോൾ എൽഡിഎഫിലാണ്‌. ഗൾഫിൽ വെച്ച് മദ്യ ലഹരിയിൽ പിണറായി വിജയനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെ തുടർന്ന് അവിടെയുള്ള ചിലർ ഇദ്ദേഹത്തിന്റെ ജോലി കളയിച്ചു നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. ജോലി നഷ്ടമായി തിരിച്ചുനാട്ടിലെത്തിയ കൃഷ്ണകുമാറിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോവുകയും, നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് ഒരുതരം ഊരുവിലക്ക് പോലെയായിരുന്നു. ഇതോടെ ജീവിതം ദുരിതപൂര്‍ണമാവുകയും, കടുത്ത മാനസിക വിഷമത്തില്‍ ആവുകയും ചെയ്തു. എന്തായാലും ഇപ്പോൾ എൽഡിഎഫിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികളുമായും അടുപ്പമുള്ള ആളായിരുന്നു കൃഷ്ണകുമാർ. ജോലി പോയി നാട്ടിലേക്കു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാള്‍ പറഞ്ഞിരുന്നു.

ലുക്ക്‌ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്‍ ഡല്‍ഹി വഴി യാത്ര ചെയ്യാന്‍ പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാള്‍ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്‍ കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്പനി ഇയാള്‍ക്കു ഡല്‍ഹിയിലേക്ക് ടിക്കറ്റ് നല്‍കിയത്.

 

Related Articles

Post Your Comments


Back to top button