ചെന്നൈ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് 71.79 ശതമാനം. ഏറ്റവും ഉയർന്ന പോളിങ് കള്ളക്കുറിച്ചിയിൽ, 78 ശതമാനം. കുറവ് ചെന്നൈയിൽ, 59.40.
വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ചിലയിടങ്ങളിൽ ബിജെപി- എഐഎഡിഎംകെ പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചു. വിഴുപ്പുറം പിടാകം പഞ്ചായത്തിൽ എഐഎഡിഎംകെ- –- ഡിഎംകെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ അർധസൈനികർ തോക്ക് കാട്ടേണ്ടി വന്നു. മധുര തിരുപറംകുന്ഡ്രം മണ്ഡലത്തിൽ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് എഐഎഡിഎംകെ പ്രവർത്തകർ ക്യാഷ് സ്ലിപ് വിതരണം ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഐ എം സ്ഥാനാർഥി എസ് കെ പൊന്നുത്തായിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
തിരുപ്പത്തൂരിൽ പോളിങ് ഓഫീസർ രജനികാന്ത് (40) ഹൃദയാഘാതംമൂലം മരിച്ചു. ചെപ്പോക്ക് ട്രിപ്ലിക്കെയിൻ ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിൽ പാർട്ടി ചിഹ്നമുള്ള ബാഡ്ജ് ധരിച്ചെത്തിയതിനെതിരെ എഐഎഡിഎംകെ പരാതി നൽകി.
കോയമ്പത്തൂർ തൊണ്ടാമുത്തൂരിൽ ഡിഎംകെ സ്ഥാനാർഥി കാർത്തികേയ ശിവസേനാപതിയെ ബിജെപി- എഐഎഡിഎംകെ പ്രവർത്തകർ ബൂത്തിന് വെളിയിൽ തടഞ്ഞുവച്ച് ആക്രമിച്ചെന്നും എഐഎഡിഎംകെ എംപി പി രവീന്ദ്രനാഥിനെ ഡിഎംകെ പ്രവർത്തകർ ആക്രമിച്ചെന്നും പരാതി ഉയർന്നു. രാമനാഥപുരം കോടാങ്കിപ്പട്ടിയിൽ നാട്ടുകാർ പോളിങ് ബഹിഷ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..