07 April Wednesday

ചെങ്കടലില്‍ ഇറാന്‍ കപ്പലിന് നേരെ ആക്രമണം

അനസ് യാസിന്‍Updated: Wednesday Apr 7, 2021

മനാമ > ചെങ്കടലില്‍ ഇറാന്‍ ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. എരിത്രയ തീരത്തിനടുത്തായി ചൊവ്വാഴ്ചയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് അല്‍ അറേബ്യ ടിവി റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളുമായി ബന്ധപ്പെട്ടതാണെന്നും ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. 

ലിംപെറ്റ് മൈനുകള്‍ ഉപയോഗിച്ച് എംവി സവിസ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി തസ്നിം റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന്റെ ഹള്ളില്‍ മൈന്‍ ഘടിപ്പിച്ച ശേഷം സ്ഫോടനം നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കടല്‍ കൊള്ളക്കാരെ നേരിടുന്നതിനു ചരക്കു കപ്പലുകളില്‍ അയച്ച കമാന്റോകള്‍ക്ക് അകമ്പടി സേവിക്കുന്ന സവിസ് കുറച്ച് വര്‍ഷമായി ചെങ്കടലില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ കപ്പല്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി ഇറാന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നിലാരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സവിസ് ചരക്ക് കപ്പലാണെന്നും ആളാപയം ഇല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

കപ്പലിന് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി അവസാനം മുതല്‍ ഇസ്രായേലി, ഇറാനിയന്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

2019 അവസാനം മുതല്‍ സിറിയയിലേക്ക് പോകുന്ന 12 ഇറാനിയന്‍ കപ്പലുകളെങ്കിലും ഇസ്രായേല്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top