07 April Wednesday
സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവും തകർത്തു

പെരിങ്ങത്തൂരിലും പുല്ലൂക്കരയിലും വ്യാപക ലീഗ്‌ അക്രമം ; സിപിഐ എം ഓഫീസുകളും‌ 
കടകളും കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

മുസ്ലിം ലീഗുകാർ അടിച്ചുതകർത്തശേഷം തീയിട്ട സിപിഐ എം പെരിങ്ങൽക്കൂത്ത് ലോക്കൽ കമ്മിറ്റി ഓഫീസ്


പാനൂർ
സംഘർഷത്തിൽ കൊല്ലപ്പെട്ട മുസ്ലിംലീഗ്‌ പ്രവർത്തകൻ പുല്ലൂക്കരയിലെ മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയിൽ പരക്കെ അക്രമം. സിപിഐ എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസും‌ പെരിങ്ങത്തൂർ, ആച്ചുമുക്ക്‌ ബ്രാഞ്ച്‌ ഓഫീസുകളും കത്തിച്ചു. നിരവധി ബ്രാഞ്ച്‌ ഓഫീസുകളും കടകളും രക്തസാക്ഷി സ്‌തൂപവും ആക്രമിച്ചു. സായുധ ലീഗ്‌ ക്രിമിനൽസംഘം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ്‌ അക്രമം തുടങ്ങിയത്‌.

മോന്താലിൽനിന്ന്‌ വിലാപയാത്ര പുറപ്പെട്ടതുമുതൽ കണ്ണിൽകണ്ടതെല്ലാം തകർക്കുകയും തീയിടുകയുമായിരുന്നു. സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവുമെല്ലാം തകർത്തു. ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്ത്‌  അകത്തു കടന്നാണ്‌ ഫർണിച്ചറും രേഖകളും കൂട്ടിയിട്ട്‌ കത്തിച്ചത്‌. ഓഫീസ്‌ പൂർണമായും കത്തിനശിച്ചു.

സിപിഐ എം പെരിങ്ങത്തൂർ ബ്രാഞ്ച്‌ ഓഫീസും ആച്ചുമുക്ക്‌ ബ്രാഞ്ച്‌ ഓഫീസും തീയിട്ട്‌ നശിപ്പിച്ച ലീഗുകാർ പെരിങ്ങത്തൂർ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങൾ ആക്രമിച്ചു. പെരിങ്ങത്തൂർ, പുല്ലൂക്കര മേഖലകളിൽ രാത്രി വൈകിയും അക്രമം തുടർന്നു.

വഴിവച്ചത്‌ ലീഗ്‌ അക്രമം
സമാധാനപരമായ തെരഞ്ഞെടുപ്പിലൂടെ മാതൃകകാട്ടിയ കണ്ണൂർ ജില്ലക്ക് ഒരപവാദമായി പാനൂർ പുല്ലൂക്കരയിലെ യൂത്ത്‌ ലീഗ്‌ പ്രവർത്തകന്റെ കൊലപാതകം. വോട്ടെടുപ്പിനിടെ മുസ്ലിംലീഗുകാർ പ്രകോപനമില്ലാതെ നടത്തിയ അക്രമമാണ്‌ ദൗർഭാഗ്യകരമായ സംഭവത്തിലേക്കു നയിച്ചതെങ്കിലും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കുറച്ചുകാലമായി രാഷ്‌ട്രീയ കൊലപാതകങ്ങളിൽനിന്ന്‌ പൂർണമായും ഒഴിഞ്ഞുനിൽക്കുകയാണ്‌ കണ്ണൂർ. സമീപകാലത്ത്‌ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിഷ്‌ഠുരമായ കൊലപാതകങ്ങൾ അരങ്ങേറിയപ്പോഴും കണ്ണൂർ സമാധാനജീവിതം കാത്തുസൂക്ഷിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും, ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും യുഡിഎഫും ബിജെപിയും പരമാവധി പ്രകോപനത്തിനു ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിക്കുകയായിരുന്നു സിപിഐ എം പ്രവർത്തകർ. ഇപ്പോൾ പാനൂരിൽ  മുസ്ലിംലീഗുകാർ ആസൂത്രിതമായി സൃഷ്ടിച്ച പ്രകോപനം തിരിച്ചറിയേണ്ടതായിരുന്നു.    മുസ്ലിംലീഗിന്‌ നിർണായക സ്വാധീനമുള്ള പ്രദേശമാണ്‌ പുല്ലൂക്കര മുക്കിൽപീടിക. ലീഗുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയ പ്രവർത്തകനെ രക്ഷപ്പെടുത്താനായാണ്‌ സിപിഐ എം–- ഡിവൈഎഫ്‌ഐ പ്രവർത്തകർ അവിടേക്കു പോയത്‌. സ്‌ത്രീകളടക്കം ഇവരെ വളഞ്ഞ്‌ കല്ലെറിഞ്ഞതോടെയുണ്ടായ സംഘർഷത്തിലാണ്‌ കൊല്ലപ്പെട്ട മൻസൂറിനും സഹോദരൻ മുഹ്‌സിനും പരിക്കേൽക്കാനിടയായ ബോംബു സ്‌ഫോടനം നടന്നത്‌. പ്രചരിപ്പിക്കപ്പെട്ടതുപോലെ മൻസൂറിന്‌ വെട്ടേറ്റിട്ടില്ലെന്ന്‌ പോസ്‌റ്റു‌മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ബോംബേറിൽ കാലിലുണ്ടായ പരിക്കിൽനിന്ന്‌ രക്തംവാർന്നതാണ്‌ മരണകാരണം.

ആസൂത്രിത കൊലപാതകമായിരുന്നില്ലെന്നും ഇത്‌ വ്യക്തമാക്കുന്നു. കാരണം എന്തുതന്നെയായാലും, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കൊലപാതകമാണിതെന്ന പക്വമായ സമീപനമാണ്‌ സിപിഐ എം നേതൃത്വം കൈക്കൊണ്ടത്‌. സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന്‌ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top