കാസർകോട്
മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഐ എം ബിജെപിക്ക് വോട്ടുമറിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവന മുൻകൂർ ജാമ്യമെടുക്കൽ. പ്രചാരണത്തിന് കാസർകോടുവരെ എത്തിയിട്ടും മഞ്ചേശ്വരം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത മുല്ലപ്പള്ളി സംസ്ഥാനത്ത് യുഡിഎഫ്‌പരാജയം ഉറപ്പായപ്പോഴാണ് ഒരുമുഴംമുമ്പേ എറിയുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്‌താവന അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് മഞ്ചേശ്വരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. തന്നോട് ചോദിക്കാതെയാണ് അഭിപ്രായപ്രകടനമെന്നും ഉണ്ണിത്താൻ നീരസം പ്രകടിപ്പിച്ചു. മഞ്ചേശ്വരത്ത് ബിജെപിയെ സഹായിച്ചത് കോൺഗ്രസാണെന്ന വസ്‌തുത മറച്ചുവയ്‌ക്കാനാണ് മുല്ലപ്പള്ളി സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കോൺഗ്രസ് സ്വാധീനമുള്ളിടത്തൊക്കെ പ്രവർത്തകർ ബിജെപിക്കുവേണ്ടി വോട്ട് പിടിക്കുകയാണുണ്ടായത്. എൻമകജെ, പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലൊക്കെ ഇതു പ്രകടമായിരുന്നു.
കോൺഗ്രസിന് സ്വാധീനമുള്ള ബൂത്തുകളിൽ പോളിങ് ദിവസം അവരുടെ പ്രവർത്തകരുണ്ടായിരുന്നില്ല. കാട്ടുകുക്കെയിലെ എട്ടോളം ബൂത്തുകളിലും ഷേണിയിലുമെല്ലാം അതാണ് കണ്ടത്. പൈവളിഗെയിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അടക്കം ബിജെപിക്കുവേണ്ടി രംഗത്തിറങ്ങി. അതിനെച്ചൊല്ലി തെരഞ്ഞെടുപ്പിന്റെ തലേന്ന് ലീഗുകാരുമായി സംഘർഷമുണ്ടായി. മീഞ്ചയിൽ ഡിസിസി അംഗത്തിന്റെ നേതൃത്വത്തിലാണ് ബിജെപിക്കുവേണ്ടി വോട്ടുപിടിച്ചത്. എൽഡിഎഫ് വൻ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യമുണ്ടായി.
യുഡിഎഫിനെയും ബിജെപിയെയും ഞെട്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. സ്ഥാനാർഥിയെന്നനിലയിൽ കോന്നിയിലും മഞ്ചേശ്വരത്തും പര്യടനം പങ്കിട്ട കെ സുരേന്ദ്രന് ഇവിടെ വലിയ ചലനമൊന്നും ഉണ്ടാക്കാനായില്ല. കർണാടകത്തിൽനിന്നുള്ള പ്രവർത്തകരെ കൊണ്ടുവന്നായിരുന്നു ബിജെപി പ്രചാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..