07 April Wednesday

നാടുറപ്പിച്ചു 
 ഇടത് തേരോട്ടം ; ആരോഗ്യവും അന്നവും തന്ന സർക്കാരിനോട് അവർ കടമ നിറവേറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

പ്രതിസന്ധികാലത്ത് കെെപിടിച്ചു നടത്തിയ സർക്കാരിന്റെ തുടർച്ച ഉറപ്പിക്കാൻ ജനം രാവിലെ മുതൽ പോളിങ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. വീടും പാർപ്പിടവും വിദ്യാഭ്യാസവും ആരോഗ്യവും അന്നവും തന്ന സർക്കാരിനോട് അവർ കടമ നിറവേറ്റി 

തിരുവനന്തപുരം
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലത്തിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ കേരളം ശാന്തമായി വിധിയെഴുതി. പത്തനംതിട്ട ആറാട്ടുപുഴയിൽ എൽഡിഎഫ്‌ സ്ഥാനാർഥി വീണാ ജോർജിനുനേരെ കൈയേറ്റശ്രമം ഉണ്ടായി. മറ്റ്‌ ചിലയിടങ്ങളിലും  ഒറ്റപ്പെട്ട ബിജെപി–- യുഡിഎഫ്‌ അക്രമശ്രമങ്ങളൊഴിച്ചാൽ വോട്ടെടുപ്പ്‌ സമാധാന പൂർണമായിരുന്നു.  കാര്യമായ സാങ്കേതിക തകരാറുകളുമുണ്ടായില്ല. മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള വയനാട്‌ ജില്ലയിലും നിലമ്പൂർ, വണ്ടൂർ, ഏറനാട്‌ മണ്ഡലങ്ങളിലും രാവിലെ ഏഴിന്‌ തുടങ്ങിയ വോട്ടെടുപ്പ്‌ വൈകിട്ട്‌ ആറിന്‌ അവസാനിച്ചു. മറ്റിടങ്ങളിൽ രാത്രി‌ ഏഴിനും അവസാനിച്ചു.

എറണാകുളം
ഏതാനും ബൂത്തുകളിൽ യന്ത്രത്തകരാർമൂലം ചെറിയ താമസമുണ്ടായതൊഴിച്ചാൽ പോളിങ്ങിന്‌ കാര്യമായ തടസ്സമുണ്ടായില്ല. എവിടെയും അനിഷ്‌ട സംഭവങ്ങളും റിപ്പോർട്ട്‌ ചെയ്‌തില്ല. വൈകിട്ടോടെ പെയ്‌ത വേനൽമഴയ്‌ക്കും വോട്ടർമാരുടെ ആവേശം കുറയ്‌ക്കാനായില്ല.

മലപ്പുറം
ജില്ലയിൽ വോട്ടിങ് സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പലയിടത്തും വോട്ടിങ്‌ യന്ത്രം തകരാറിലായത്‌ പോളിങ് തുടങ്ങാൻ വൈകി. വൈകിട്ട്‌ 6.30 വരെ 73.38 ശതമാനമാണ്‌ ജില്ലയിലെ ആകെ പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.83 ശതമാനമായിരുന്നു.

കോട്ടയം
ജില്ലയിൽ രാവിലെ മുതൽ എല്ലാ മണ്ഡലത്തിലും കനത്ത പോളിങ്ങായിരുന്നു. ബൂത്തുകൾക്കുമുമ്പിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. പോളിങ്ങിൽ കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ മുന്നിൽ നിന്നപ്പോൾ കടുത്തുരുത്തി പിന്നിലായി. പകൽ 2.15ന് ജില്ലയിലെ‌ പോളിങ്‌ 50 ശതമാനം കടന്നു. പടിഞ്ഞാറൻ മലയോര മേഖലകളിലെ ബൂത്തുകളിലടക്കം രാവിലെ മുതൽ വോട്ടർമാരെത്തി. ഉച്ചയ്‌ക്കുശേഷം മഴ പെയ്‌തത്‌ പോളിങ്‌ അൽപ്പം മന്ദീഭവിപ്പിച്ചു. വൈകിട്ട്‌ ആറിന്‌ പോളിങ്‌ ശതമാനം 71.10 എത്തി. വോട്ടെടുപ്പ്‌‌ സമാധാനപരമായിരുന്നു. അപൂർവം ചിലയിടങ്ങളിൽ വോട്ടിങ്‌ യന്ത്രം കേടായെങ്കിലും വൈകാതെ ശരിയാക്കി.

ഇടുക്കി
ഇടുക്കി ജില്ലയിൽ   69.79 ശതമാനം പോളിങ്‌‌ നടന്നു. അഞ്ചു മണ്ഡലത്തിലായി 8,88,608 സമ്മതിദായകരിൽ 6,16,019 പേർ വോട്ടുചെയ്‌തു. പുരുഷന്മാർ 72.18 (3,16,920) ശതമാനവും സ്ത്രീകളുടെ വോട്ടിങ്‌‌ -66.39 (2,98,492) ശതമാനവും‌ രേഖപ്പെടുത്തി. കമ്പംമെട്ട്‌ അതിർത്തിയിൽ യുഡിഎഫ്‌ പ്രവർത്തകർ തമിഴ്‌നാട്ടിൽ നിന്നുവന്ന സമ്മതിദായകരായ തൊഴിലാളികളെ തടഞ്ഞത്‌ സംഘർഷമുണ്ടാക്കി. ഇവരുടെ വാഹനം എറിഞ്ഞുതകർത്തു. കോവിഡ്‌ബാധിതനായ എൽഡിഎഫ്‌ സ്ഥാനാർഥി കെ ഐ ആന്റണി പിപിഇ കിറ്റ്ധരിച്ചാണ്‌ വോട്ട്‌ചെയ്‌തത്‌‌. മന്ത്രി എം എം മണി മത്സരിച്ച ഉടുമ്പഞ്ചോല മണ്ഡലത്തിൽ 72.11 ശതമാനം പോളിങ്‌‌ നടന്നു. തൊടുപുഴയിൽ 69.02 ശതമാനം, ദേവികുളത്ത്‌ 66.24 പീരുമേട്ടിൽ 70.94, ഇടുക്കി മണ്ഡലത്തിൽ  -67.53. ദേവികുളം മണ്ഡലത്തിൽ മൂന്നിടത്ത്‌ വോട്ടിങ്‌‌ യന്ത്രം പണിമുടക്കി.

തൊടുപുഴ കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റ്യൻസ്‌ ഹൈസ്‌കൂളിൽ ജില്ലയിലെ നാലു ട്രാൻസ്ജെൻഡർ വോട്ടർമാരിലൊരാളായ ജ്യോത്സന രതീഷ് വോട്ടുചെയ്‌തു. സ്‌ത്രീകൾ നിയന്ത്രിക്കുന്ന 158–-ാം നമ്പർ പിങ്ക്‌ പോളിങ്‌ ബൂത്തിലായിരുന്നു പങ്കാളിക്കൊപ്പം എത്തിയ ജ്യോത്സന വോട്ടുചെയ്‌തത്‌.

പത്തനംതിട്ട
ചെറിയ സംഘർഷങ്ങളൊഴിച്ചാൽ ജില്ലയിൽ  പൊതുവെ പോളിങ്‌ സമാധാനപരമായിരുന്നു. ആറാട്ടുപുഴയിൽ എൽഡിഎഫ്‌ സ്ഥാനാർഥി വീണാ ജോർജിനുനേരെ കൈയേറ്റശ്രമം ഉണ്ടായി. ഒരു സംഘം കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന്‌ പിന്നിൽ. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിന്‌ സമീപം‌ ആറന്മുള മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി കെ ശിവദാസൻനായരുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമിച്ചു.

വയനാട്‌
അപൂർവം ചിലയിടങ്ങളിൽ യന്ത്ര തകരാറിനാൽ വോട്ടെടുപ്പ്‌ തടസ്സപ്പെട്ടു.  തികച്ചും സമാധാനപരമായിരുന്നു പോളിങ്‌. 

പാലക്കാട്
ജില്ലയിൽ പോളിങ് സമാധാനപരം. നെന്മാറയിൽ വോട്ട്‌ ചെയ്‌ത്‌ മടങ്ങുന്നതിനിടെ വൃദ്ധ കുഴഞ്ഞുവീണ്‌ മരിച്ചു. വിത്തനശേരി മച്ചത്ത്‌ വീട്ടിൽ കാർത്യായനിയമ്മയാണ് ‌(69) മരിച്ചത്‌. വിത്തനശേരി എസ്‌വിഎൽഎഎൽപി സ്‌കൂളിൽ 95എ ബൂത്തിൽ രാവിലെ പത്തിനാണ്‌ സംഭവം.‌ വോട്ട്‌ ചെയ്‌ത ശേഷം കൂടെ വന്നവരെ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ  നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മണ്ണാർക്കാട്‌ അരിയന്നൂർ യൂണിറ്റ് സ്‌കൂൾ, കെടിഎം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പർദ്ദ ധരിച്ചുവന്ന രണ്ടുപേർ കള്ളവോട്ട്‌ ചെയ്‌തതായി പരാതി. ഇതേത്തുടർന്ന്‌ യഥാർഥ വോട്ടർക്ക്‌‌ വോട്ട്‌ ചെയ്യാനായില്ല. അട്ടപ്പാടിയിലും കള്ളവോട്ട്‌ പരാതി ഉയർന്നു. ജില്ലയില്‍ അഞ്ചിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി. പട്ടാമ്പിയിൽ ബിജെപി പ്രവർത്തനം നിർജീവമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് ‌–- ബിജെപി നേതാക്കൾ ചർച്ച നടത്തിയതിനെത്തുടർന്നാണ്‌ ബിജെപി വോട്ട്‌ മറിച്ചതെന്ന്‌ ആക്ഷേപം ഉയർന്നു. മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തകരും സജീവമായില്ല.

25 ദിവസത്തെ കാത്തിരിപ്പ്‌
നാടാകെ ഇളക്കിമറിച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ ജനഹിതമറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരിക്കേണ്ടത്‌ 25 ദിവസം. മെയ്‌ രണ്ടിനാണ്‌ വോട്ടെണ്ണൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ മൂന്നാംദിനമാണ്‌ വോട്ടെണ്ണിയത്‌. 2016 മെയ്‌ 16നായിരുന്നു തെരഞ്ഞെടുപ്പ്‌. മെയ്‌ 19ന്‌ ഫലമറിഞ്ഞു. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലമറിയാൻ ഒരുമാസം കാത്തിരുന്നു. 2019 ഏപ്രിൽ 23ന്‌ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയത്‌ മെയ്‌ 23നാണ്‌.

ഇത്തവണ പശ്‌ചിമബംഗാളിലെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകാത്തതാണ്‌ വോട്ടണ്ണൽ വൈകിക്കുന്നത്‌. കേരളം, തമിഴ്‌നാട്‌, അസം, പശ്ചിമബംഗാൾ, പുതുച്ചേരി നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫെബ്രുവരി 26നാണ്‌ പ്രഖ്യാപിച്ചത്‌.  അസമിൽ മൂന്നുഘട്ട വോട്ടെടുപ്പും ചൊവ്വാഴ്‌ചയോടെ പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top