06 April Tuesday

പോളിങ്സ്റ്റേഷന് മുന്നില്‍ ലീഗ് നേതാക്കള്‍ തമ്മിലടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021

ആലപ്പുഴ > സക്കറിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷന് മുന്നില്‍ മുസ്ലിംലീഗ് ജില്ലാ നേതാക്കള്‍ തമ്മിലടിച്ചു. ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫല്‍  കൈയേറ്റം ചെയ്തതോടെയാണ് തുടക്കം. ഗഫൂറിനെ കൈയേറ്റം ചെയ്തതറിഞ്ഞ് എത്തിയ സഹോദരന്‍ ബി എ നസീര്‍ തിരിച്ചടിച്ചു. ഇതോടെ ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പൊരിഞ്ഞ അടിയായി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ പിടിച്ചുതളളിയ എ എം നൗഫലിനെ പൊലീസ് അറസ്റ്റ്ചെയ്ത് മാറ്റി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

 ആലപ്പുഴ നഗരസഭയില്‍ ലീഗിന്റെ  ദയനീയ പരാജയത്തിന് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകമാണെന്ന് ഗഫൂര്‍ പരസ്യമായി പറഞ്ഞിരുന്നു. ജില്ലാ പ്രസിഡന്റിന്റെ കുടുംബക്കാര്‍ സീറ്റ് പങ്കിട്ടെന്നായിരുന്നു ആക്ഷേപം. പരാജയത്തിനുത്തരവാദി ജില്ലാ നേതൃത്വമാണെന്നും തുറന്നുപറഞ്ഞതോടെ ഗഫൂറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.

 ചൊവ്വാഴ്ച പോളിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഗഫൂര്‍  സ്റ്റേഷന് മുന്നിലുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു എത്തിയപ്പോള്‍ ഗഫൂറിനോട് സംസാരിക്കുകയും ചെയ്തു. ഇതാണ് നൗഫലിനെ ചൊടിപ്പിച്ചത്. പൊലീസ് പ്രവര്‍ത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും ഇവര്‍ സംഘടിച്ചെത്തി തമ്മിലടിച്ചു. ഒട്ടേറെ പേര്‍ക്ക്  പരിക്കുണ്ട്. എ എം നൗഫലിനെ കസ്റ്റഡിയിലെടുത്തശേഷം സ്ഥലത്ത് വലിയ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top