06 April Tuesday

ബംഗാളിൽ മാറ്റത്തിന്റെ കാറ്റ്

ഗോപി കൊൽക്കത്തUpdated: Tuesday Apr 6, 2021

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1952ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതൽ 17–-ാമത് നിയമസഭാ തെരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളിൽ ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ 16 തെരഞ്ഞെടുപ്പിൽ പതിമൂന്നിലും അവിഭക്ത കമ്യൂണിസ്റ്റു പാർടിയും പാർടി പിളർന്നതിനുശേഷം സിപിഐ എമ്മും മുന്നേറിയ ചരിത്രമാണുള്ളത്. 1972ലെ രക്തപങ്കിലമായ തെരഞ്ഞെടുപ്പിൽ അടിച്ചമർത്തപ്പെട്ട പാർടി 1977ൽ വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് അധികാരം നേടി ചരിത്രം സൃഷ്ടിച്ചു. പിന്നീട്‌ ഏഴു തെരഞ്ഞെടുപ്പിലും തുടർച്ചയായി വൻ ജനവിധി നേടി അധികാരത്തിൽ തുടർന്നു. 34 വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം ചില തിരിച്ചടികൾ നേരിട്ടു. അത് തരണംചെയ്ത് മുന്നേറാനുള്ള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത്. ബംഗാളിന്റെ വിപ്ലവ മണ്ണിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് വീണ്ടും ഇടം തേടാൻ കഴിയുമെന്നു തന്നെയാണ്‌ മുൻകാല ചരിത്രവും അനുഭവവും തെളിയിക്കുന്നത്‌.

1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 238 സീറ്റിൽ 28 എണ്ണമാണ് കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ലഭിച്ചത്. 150 സീറ്റ്‌ നേടി കോൺഗ്രസ് മന്ത്രിസഭയുണ്ടാക്കി. ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ പാർടി പ്രധാന പ്രതിപക്ഷമായി. 1957ൽ ആകെ സീറ്റുകൾ 252 ആയി വർധിച്ചു. കോൺഗ്രസിന് 152 സീറ്റ്‌ ലഭിച്ചപ്പോൾ കമ്യൂണിസ്റ്റു പ്രാതിനിധ്യം 46 ആയി വർധിച്ചു. 1962ൽ കോൺഗ്രസിന് 157ഉം കമ്യൂണിസ്റ്റു പാർടിക്ക്‌ 49 ഉം വീതമാണ് കിട്ടിയത്. 1964ൽ കമ്യൂണിസ്റ്റു പ്രസ്ഥാനം രണ്ടു പാർടിയായി. അതിനുശേഷം 1967ലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസിനെതിരെ സിപിഐ എം, സിപിഐ ഉൾപ്പെടെ വിവിധ ഇടതുപക്ഷ പാർടികൾ ചേർന്ന്‌ മുന്നണി രൂപീകരിച്ചു. നിയമസഭയുടെ അംഗസംഖ്യ അപ്പോൾ 280 ആയി. കോൺഗ്രസ് ഇതരകക്ഷികൾ ചേർന്ന്‌ രൂപീകരിച്ച ഐക്യമുന്നണിക്ക്‌ നേരിയ ഭൂരിപക്ഷം ലഭിച്ചു. കോൺഗ്രസിന് 127 സീറ്റും സിപിഐ എമ്മിന് 43ഉം സിപിഐയ്‌ക്ക് 16 സീറ്റും കിട്ടി. ആദ്യമായി സംസ്ഥാനത്ത് കോൺഗ്രസിതര സർക്കാരുണ്ടായി. ഒമ്പത് കക്ഷികൾ ചേർന്ന്‌ രൂപീകരിച്ച മന്ത്രിസഭയിൽ ബംഗ്ലാ കോൺഗ്രസ് നേതാവ് അജയ് മുഖർജി മുഖ്യമന്ത്രിയും സിപിഐ എം നേതാവ് ജ്യോതി ബസു ഉപമുഖ്യമന്ത്രിയുമായി. 14 മാസത്തെ ഭരണത്തിനുശേഷം ആ ഗവൺമെന്റ് തകർന്നു. പ്രഫുൽ ചന്ദ്രഘോഷ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഗവൺമെന്റ് ഉണ്ടാക്കിയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ നിലം പതിച്ചു. 1969ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. 80 സീറ്റ്‌ നേടി സിപിഐ എം നിയമസഭയിൽ ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസിന് 55 സീറ്റ്‌ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ചില കോൺഗ്രസ് ഇതര കക്ഷികൾ ചേർന്ന്‌ സർക്കാർ രൂപീകരിച്ചു. ഏറ്റവും വലിയ കക്ഷി സിപിഐ എം ആയിരുന്നെങ്കിലും 33 സീറ്റുമാത്രം ലഭിച്ച ബംഗ്ലാകോൺഗ്രസ് നേതാവ് അജയ് മുഖർജിയുടെ പിടിവാശിമൂലം മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് നൽകി ജ്യോതി ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. ഒമ്പതു മാസത്തെ ഭരണത്തിനുശേഷം അതും തകർന്നു. 1970 മാർച്ച് 19ന് ഗവൺമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി. 1971 മാർച്ചിൽ ലോക്‌സഭാ–-നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു.


 

ആ തെരഞ്ഞെടുപ്പ് സമയത്ത് ദേശീയതലത്തിൽ വൻ രാഷ്ട്രീയ വ്യതിയാനങ്ങൾ സംഭവിച്ചു. കോൺഗ്രസ് പിളർന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ പ്രത്യേക കോൺഗ്രസ് രൂപം കൊണ്ടു. ഇടതുപക്ഷത്തുനിന്ന സിപിഐ ഇന്ദിരാ കോൺഗ്രസിനൊപ്പം ചേർന്നു. 1971ൽ നടന്ന ഇന്ത്യ–-പാകിസ്ഥാൻ യുദ്ധത്തിലും ബംഗ്ലാദേശ് വിമോചനത്തിലും രാജ്യം നേടിയ വിജയം മുതലെടുത്ത് ഇന്ദിര ഗാന്ധി ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനോടൊപ്പമാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. രാജ്യമൊട്ടാകെ ഇന്ദിരാ കോൺഗ്രസ് വൻ വിജയം നേടിയിട്ടും ബംഗാൾ അതിന് വ്യത്യസ്തമായി വിധി എഴുതി. ഇവിടെ ലോക്‌സഭയിലും നിയമസഭയിലും സിപിഐ എം വലിയ ഒറ്റക്കക്ഷിയായി. സിപിഐ എമ്മിന് നിയമസഭയിൽ 280ൽ 113 സീറ്റ്‌ ലഭിച്ചു. ലോക്‌സഭയിലേക്ക് 20 സീറ്റിലും ജയിച്ചു. കോൺഗ്രസിന് നിയമസഭയിൽ 105 സീറ്റും ലോക്‌സഭയിൽ 13 സീറ്റും കിട്ടി. സിപിഐ എം മുന്നണിയിലുള്ള ഇടത് ജനാധിപത്യ പാർടികൾക്ക് 24 സീറ്റുംലഭിച്ചു. വലിയ കക്ഷിയായ സിപിഐ എം ഗവൺമെന്റുണ്ടാക്കാൻ അവകാശം ഉന്നയിച്ചെങ്കിലും ഇന്ദിരാ കോൺഗ്രസിന്റെ സമ്മർദത്തിന്‌ വഴങ്ങി ഗവർണർ അനുവദിച്ചില്ല. നിയമസഭ വിളിച്ചുകൂട്ടാതെ പിരിച്ചു വിട്ടു. ജ്യോതി ബസുവിനെതിരെ മുഖ്യമന്ത്രിയായിരുന്ന അജയ് മുഖർജി ബാരാനഗറിൽ മത്സരിച്ചു. ബസു 11053 വോട്ടിന് അജയ് മുഖർജിയെ പരാജയപ്പെടുത്തി.

കോൺഗ്രസ് തരംഗത്തിലും മുന്നേറിയ സിപിഐ എമ്മിനെ എങ്ങനെയും വകവരുത്തുക എന്നതായി അതിനുശേഷം കോൺഗ്രസ് ലക്ഷ്യം. കേന്ദ്രമന്ത്രി സിദ്ധാർത്ഥ ശങ്കർറേയ്ക്ക് ഇന്ദിര ഗാന്ധി ബംഗാളിന്റെ പ്രത്യേക ചുമതല നൽകി.

1972ൽ രക്തപങ്കിലമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് നടന്നത്. നിയമം നോക്കുകുത്തിയാക്കി പട്ടാളത്തെയും പൊലീസിനെയും ദുർവിനിയോഗിച്ച് കോൺഗ്രസ് ഗുണ്ടകൾ ബൂത്തുകൾ പിടിച്ചെടുത്തു. നിരവധി സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടു. ഒരു തരത്തിലും നീതി ലഭിക്കില്ലെന്നുറപ്പായപ്പോൾ സിപിഐ എമ്മും ആർഎസ്‌പിയും ഫോർവേഡ് ബ്ലോക്കും പിൻമാറി. അക്രമം താരതമ്യേന കുറവായിരുന്ന 14 മണ്ഡലത്തിൽ എന്നിട്ടും പാർടി ജയിച്ചു. സിദ്ധാർത്ഥ ശങ്കർ റേയുടെ നേതൃത്വത്തിൽ ഗവൺമെന്റ് സിപിഐ എം പ്രവർത്തകരെ വേട്ടയാടി. അഞ്ചു വർഷത്തിനുള്ളിൽ 1200 പാർടി പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടകളും പൊലീസും ചേർന്ന്‌ കൊലപ്പെടുത്തി. 1977ൽ സിപിഐ എമ്മിനെയും ഇടതുകക്ഷികളെയും വംഗജനത വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. ആകെയുള്ള 294 സീറ്റിൽ 231 ഉം ലഭിച്ചു. സിപിഐ എമ്മിന്‌ 178 സീറ്റാണ് കിട്ടിയത്. കോൺഗ്രസിന് വെറും 20 മാത്രം. 

അന്ന്‌ കോൺഗ്രസിനൊപ്പമായിരുന്ന സിപിഐയ്ക്ക് വെറും രണ്ടു സീറ്റാണ്‌ ലഭിച്ചത്‌. 29 സീറ്റ്‌ ജനതാപാർടി നേടി. ബംഗാളിന്റെ രാഷ്ട്രീയചരിത്രത്തിൽ പുതിയൊരധ്യായമാണ് കുറിച്ചത്. 77 മുതൽ 2006 വരെ ഏഴു തെരഞ്ഞെടുപ്പിലും സിപിഐ എമ്മും അവരുടെ നേതൃത്വത്തിൽ ഇടതു മുന്നണിയും വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ ഘട്ടത്തിലും സിപിഐ എമ്മിന് ഒറ്റയ്ക്ക്‌ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും മറ്റു ഇടതുപാർടികളെയും ഉൾപ്പെടുത്തിയാണ് ഗവൺമെന്റ് രൂപീകരിച്ചത്.

മമത ബാനർജി 1998ൽ സ്വന്തമായി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. സിപിഐ എമ്മിനെ നേരിടാൻ അക്രമവും കൊലപാതകവുമെന്ന പഴയതന്ത്രം ആവർത്തിച്ചു. അതിന് എല്ലാ തീവ്ര വിഘടന പ്രതിലോമ വിധ്വംസക ശക്തികളെയും കൂട്ടുപിടിച്ചു. ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും 2011ൽ താഴെയിറക്കി. അതിനുശേഷം അക്രമ തേർവാഴ്ചയാണ് മമത നടപ്പാക്കിയത്. തെരഞ്ഞെടുപ്പുകൾ വെറും പ്രഹസനമാക്കി. 10 വർഷത്തിനുള്ളിൽ ഒരു തെരഞ്ഞെടുപ്പും നീതിപൂർവമായി നടന്നിട്ടില്ല.

എന്തെല്ലാം ദുർഘട ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെങ്കിലും ജനങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച് മുന്നേറിയ പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളത്. 1977ലെ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിനെ അനുസ്‌മരിപ്പിക്കുന്ന പ്രകടനമാണ്‌ ബംഗാളിൽ ഇപ്പോൾ നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top