06 April Tuesday
രാജസ്ഥാനിലും രാത്രികര്‍ഫ്യൂ

ലക്ഷം കടന്ന് രോ​ഗികള്‍ ; 24 മണിക്കൂറിൽ 478 മരണം, മഹാരാഷ്ട്രയില്‍ മരണം 222

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


‌ന്യൂഡൽഹി
രാജ്യത്ത്‌ ആദ്യമായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം ലക്ഷം കടന്നു. 24 മണിക്കൂറിൽ 1,03,558 രോ​ഗികള്‍. ഇതില്‍ 81. 90 ശതമാനവും  മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, കർണാടകം, ഉത്തർപ്രദേശ്‌, ഡൽഹി, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ‌. മഹാരാഷ്ട്രയിൽ മാത്രം 57,074. സംസ്ഥാനത്ത്‌ ഒറ്റദിവസം റിപ്പോർട്ട്‌ ചെയ്യുന്ന ഉയർന്ന പ്രതിദിന രോഗസംഖ്യ‌. 24 മണിക്കൂറിൽ 478 മരണം. 222 മരണവും മഹാരാഷ്ട്രയില്‍‌. 

മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച മുതൽ രാത്രി എട്ട്‌ മുതൽ രാവിലെ ഏഴ്‌ വരെ‌ കർഫ്യു.‌ വെള്ളി രാത്രി എട്ട്‌ മുതൽ തിങ്കൾ രാവിലെ ഏഴ്‌ വരെ പൂർണ അടച്ചുപൂട്ടലുമാണ്‌. അവശ്യസേവനങ്ങൾക്ക്‌ മാത്രമേ ഇളവുള്ളു. പകൽസമയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്‌. ഈ മാസം  30 വരെയാണ്‌ നിയന്ത്രണം.

രാജസ്ഥാനിലും കോവിഡ്‌  ഉയരുന്ന പശ്‌ചാത്തലത്തിൽ രാത്രികർഫ്യു ഏർപ്പെടുത്തി. മൾട്ടിപ്ലക്‌സുകളും ജിംനേഷ്യങ്ങളും ഒന്ന്‌ മുതൽ ഒമ്പത്‌ വരെയുള്ള ക്ലാസുകളും അടയ്‌ക്കും‌. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വരുന്നവർ 72 മണിക്കൂർ മുമ്പ്‌ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ഉത്തർപ്രദേശിൽ കണ്ടെയ്‌ൻമെന്റ്‌ സോണുകൾക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ഒരു കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ച സ്ഥലത്തിന്‌ ചുറ്റുമുള്ള 25 മീറ്റർ ഭാഗം കണ്ടെയ്‌ൻമെന്റ്‌ സോണാക്കും.

ഡൽഹിയിൽ ഈ വർഷം ആദ്യമായാണ്‌ 4,000ത്തിന്‌ മുകളിൽ രോഗം റിപ്പോർട്ട്‌ ചെയ്യുന്നത്‌. 21 മരണവും. ജനുവരി ഒന്നിന്‌ ശേഷമുള്ള ഉയർന്ന മരണസംഖ്യയാണിത്‌. ഡൽഹിയിൽ രോഗത്തിന്റെ നാലാംഘട്ട വ്യാപനം അതിതീവ്രമാകുന്നുവെന്നാണ്‌ പ്രതിദിന രോഗസംഖ്യയിലെ വർധന സൂചിപ്പിക്കുന്നത്‌.

മുഖ്യമന്ത്രിമാരുടെ യോഗം
കോവിഡ്‌ കുതിച്ചുയരുന്ന പശ്‌ചാത്തലത്തിൽ വ്യാഴാഴ്‌ച മുഖ്യമന്ത്രിമാരുടെ  യോഗം വിളിച്ചുചേർത്തു. വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്‌‌. മാർച്ചിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top