ചടയമംഗലം
കടംവാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്ന് അടുത്ത ബന്ധുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാണകക്കുഴിയിൽ കുഴിച്ചിട്ടു. രണ്ടുപേർ അറസ്റ്റിൽ. ആറ്റൂർക്കോണം പള്ളി വടക്കതിൽ ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ പിതൃസഹോദരിയുടെ മകൻ ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദീൻ (54), സുഹൃത്ത് പട്ടാഴി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ നിസാം (47) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 31ന് രാത്രി ഏഴോടെ വീട്ടിൽനിന്ന് ഇറങ്ങിയ ഹാഷിം രണ്ടുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഹാഷിമുമായി മദ്യപിക്കാറുണ്ടായിരുന്ന നിരവധി സുഹൃത്തുക്കളെ പൊലീസ് ചോദ്യംചെയ്‌തു. ഞായറാഴ്‌ച ഉച്ചയോടെ ചോദ്യംചെയ്‌തപ്പോഴാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. തിങ്കളാഴ്‌ച ഉച്ചയോടെ ഷറഫുദീന്റെ വീട്ടുപരിസരത്തെ ചാണകക്കുഴിയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ബന്ധുക്കളും സുഹൃത്തുക്കളുമായ ഹാഷിമും ഷറഫുദീനും ഗൾഫിൽ ഒരുമിച്ച് ജോലിചെയ്‌തിരുന്നു. ഈ സമയത്ത് ഷറഫുദീൻ ഹാഷിമിൽനിന്ന് 20,000 രൂപ വായ്‌പ വാങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഷറഫുദീനോട് ഹാഷിം പണം തിരികെ ആവശ്യപ്പെട്ടു. പണം കിട്ടാതായയോടെ ഇവർ തമ്മിൽ പലപ്പോഴും തർക്കമുണ്ടായി. അടുത്തിടെ ഷറഫുദീൻ പണം തിരികെ നൽകി. എന്നാൽ, വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച ഷറഫുദീൻ ഹാഷിമിനെ മദ്യപിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു. ഒറ്റയ്‌ക്ക് വരാനായിരുന്നു ക്ഷണം. വീട്ടിൽ എത്തിയപ്പോൾ സുഹൃത്ത് നിസ്സാമും അവിടെയുണ്ടായിരുന്നു. മൂവരും ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിലായ ഹാഷിമിനെ നിർബന്ധിച്ച് വീട്ടിൽ കിടത്തി. അർധബോധാവസ്ഥയിൽ കിടന്ന ഹാഷിമിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം വീടിന് സമീപത്തെ ചാണകക്കുഴിയിൽ കുഴിച്ചിടുകയായിരുന്നു.
അഞ്ചുദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൊട്ടാരക്കര ഡിവൈഎസ്‌പി സ്റ്റുവർട്ട്, പൂയപ്പള്ളി ഇൻസ്‌പെക്ടർ സന്തോഷ്, എസ്ഐ ഗോപീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുംതെളിവെടുത്തു. കൊട്ടാരക്കര കോടതി പ്രതികളെ റിമാൻഡുചെയ്‌തു. ഹാഷിമിന്റെ ഭാര്യ ഷാമില. മക്കൾ: ആഷിക്, ആസിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..