ന്യൂഡൽഹി
ഐഎസ്‌ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന ഡി കെ ജെയിൻ സമിതി റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം സുപ്രീംകോടതി തള്ളി. ഒരാഴ്‌ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. ‘ കേസിലെ തുടർനടപടി എന്തായിരിക്കണമെന്ന് പഠിക്കാനാണ് ജസ്‌റ്റിസ് ജെയിൻ സമിതിയെ കോടതി നിയമിച്ചത്. സമിതി മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകി. നാളെ തന്നെ കേസ് പരിഗണിക്കണം. ഇത് ദേശീയ പ്രാധാന്യമുള്ള കേസാണ് ’–- സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത ആവശ്യപ്പെട്ടു.
‘എന്തിനാണ് നാളെ തന്നെ കേസ് ലിസ്‌റ്റ് ചെയ്യുന്നത്. ഒരാഴ്‌ച കഴിയട്ടെ’–- ജസ്‌റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഐഎസ്‌ആർഒ കേസിൽ പൊലീസുകാർ ഉൾപ്പെടെ പങ്കാളികളായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് 2018ൽ സുപ്രീംകോടതി മുൻജഡ്‌ജി കൂടിയായ ഡി കെ ജെയിൻ സമിതിയെ നിയമിച്ചത്. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം ശനിയാഴ്‌ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..