05 April Monday

എല്ലാവർക്കുമെത്തി പുതുക്കിയ 
ശമ്പളവും 
പെൻഷനും

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


തിരുവനന്തപുരം
പുതുക്കിയ ശമ്പളവും പെൻഷനും വിതരണം പൂർത്തിയാകുന്നു. രണ്ടുദിവസത്തിനുള്ളിൽ 48,925 ശമ്പള ബില്ലുകൾ പാസാക്കി. തുക ശമ്പള അക്കൗണ്ടിലേക്ക് നൽകി. ശമ്പള വിതരണത്തിന്റെ ഏകദേശം 75 ശതമാനം വരുമിത്‌. ബാക്കിയുള്ള ശമ്പള വിതരണം തിങ്കളാഴ്‌ച പൂർത്തിയാകും. 1,08,936 ചെക്കുകൾ സാമ്പത്തിക വർഷത്തിന്റെ ആദ്യദിവസങ്ങളിൽ ട്രഷറിയിൽനിന്ന് മാറിനൽകി. ഞായറാഴ്‌ച വൈകിട്ടുവരെ 1405 കോടി രൂപ പെൻഷനായും 689 കോടി രൂപ പെൻഷൻ ക്ഷാമബത്ത (ഡിആർ) കുടിശ്ശികയായും വിതരണം ചെയ്തു. ട്രഷറിവഴി പെൻഷൻ വാങ്ങുന്ന എല്ലാവരുടെയും പരിഷ്കരിച്ച പെൻഷൻ വിതരണം പൂർത്തിയായി.

ഈസ്‌റ്റർ ദിനത്തിലും ശമ്പളം, പെൻഷൻ വിതരണത്തിനായി ജോലിക്കെത്തിയ ട്രഷറി ജീവനക്കാരെ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അഭിനന്ദിച്ചു. സർക്കാർ വാക്ക് നൽകിയതുപോലെ പുതുക്കിയ ശമ്പള, പെൻഷൻ വിതരണം ഉറപ്പാക്കി. കോവിഡ് ഉയർത്തിയ വെല്ലുവിളി ശമ്പള, പെൻഷൻ പരിഷ്കരണത്തിൽ സന്നിഗ്‌ധാവസ്ഥ സൃഷ്ടിച്ചു. കൃത്യമായ ധനമാനേജുമെന്റിലൂടെ ശമ്പള, പെൻഷൻ വിതരണത്തിനാവശ്യമായ വിഭവങ്ങൾ കണ്ടെത്താനും അതു കൃത്യമായി നൽകാനും കഴിഞ്ഞുവെന്നതിൽ സർക്കാരിന്‌ ചാരിതാർഥ്യമുണ്ട്. കൃത്യമായി ഇവ വിതരണം ചെയ്യുന്നതിൽ ട്രഷറി വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തനം സ്തുത്യർഹമാണ്. ട്രഷറി കംപ്യൂട്ടർ നെറ്റ് വർക്കിലുണ്ടായ സാങ്കേതിക തകരാർ പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ട് അനുഭവിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തത് പ്രശംസനീയമാണ്. ദിവസവും രാത്രി ഒമ്പതു വരെയും  ദുഃഖവെള്ളി, ഈസ്റ്റർ എന്നീ അവധി ദിവസങ്ങളിലും പ്രവർത്തിച്ചുമാണ് ട്രഷറി ജീവനക്കാർ ഈ ബുദ്ധിമുട്ട് തരണം ചെയ്തതെന്നും ധനമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top