06 April Tuesday

കേരളത്തിൽ എൽഡിഎഫ്‌ തരംഗം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


തിരുവനന്തപുരം
കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ആദ്യമായി തുടർഭരണത്തിനുള്ള ജനാഭിലാഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. ഗ്രാമ-നഗര ഭേദമന്യേ പ്രചാരണഘട്ടത്തിലുടനീളം ദൃശ്യമായത്‌ തുടർഭരണത്തിനായുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ്‌. കേരളമാകെ എൽഡിഎഫ്‌ തരംഗം അലയടിക്കുകയാണ്‌. ഇ എം എസ്‌ സർക്കാർ അധികാരമേറ്റതിന്റെ 64–-ാം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ്‌ കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്‌.

പ്രതിസന്ധികളിൽ നാടിനെ സധൈര്യം മുന്നോട്ടുനയിച്ച സർക്കാരിന്റെ വികസനക്ഷേമ നേട്ടത്തിന്റെ തുടർച്ചയ്‌ക്കായിരിക്കും ജനങ്ങൾ വോട്ട്‌ ചെയ്യുക. മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിനെതിരായ രാജ്യത്തിന്റെ ചെറുത്തുനിൽപ്പിന്‌ കേരളത്തിലെ ഇടതുപക്ഷ വിജയം അനിവാര്യമാണ്‌.

നാടിന്റെ വികസന പ്രശ്‌നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ തയ്യാറായില്ല. പകരം ബിജെപിക്കൊപ്പം ചേർന്ന്‌ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തി പുകമറ സൃഷ്ടിക്കാനാണ്‌ ശ്രമിച്ചത്‌. ഈ നിഷേധാത്മക രാഷ്ട്രീയം വിനാശകരമാണെന്ന്‌ വോട്ടർമാർ മനസ്സിലാക്കിയിട്ടുണ്ട്‌. യുഡിഎഫും ബിജെപിയും പറഞ്ഞ നുണക്കഥകളൊന്നും ഏശിയില്ലെന്ന്‌ വിധിയെഴുത്ത്‌ തെളിയിക്കും.   പൗരത്വ നിയമം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നടപ്പിലാക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനെതിരെ പ്രതിഷേധമുയർത്താൻ തയ്യാറാകാത്ത യുഡിഎഫ്‌ ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി‌. കുറച്ച്‌ വോട്ടിനും സീറ്റിനും വേണ്ടി നാടിന്റെ താൽപ്പര്യം ബലികഴിക്കുന്നവർക്കെതിരായ വിധിയെഴുത്താകും ജനവിധി.

നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്‌ ഊർജം പകരാനും മതനിരപേക്ഷത സംരക്ഷിക്കാനും എൽഡിഎഫ്‌ സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്‌  വിജയരാഘവൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top