ആലപ്പുഴ > "ഇത്ര പെട്ടെന്ന് റേഷൻ കാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അപേക്ഷ കൊടുത്ത് പോകാമെന്ന് വിചാരിച്ചാണ് സപ്ലൈ ഓഫീസിൽ എത്തിയത്. അഞ്ചുമിനിറ്റിനകം കാർഡ് കൈയിലെത്തി'- അപേക്ഷിച്ചുടൻ റേഷൻ കാർഡ് ലഭിച്ചതിന്റെ അവിശ്വസനീയത മാറിയിട്ടില്ല സുകന്യ ബാബുവിന്. അപേക്ഷിച്ചാൽ 24 മണിക്കൂറിനകം റേഷൻകാർഡ് കിട്ടുമെന്ന ഉറപ്പാണ് നേരാകുന്നത്.
കോമളപുരം ദക്ഷിണാലയം ഷൈനിന്റെ ഭാര്യയാണ് സുകന്യ ബാബു. കൈനകരിയിൽ താമസിച്ചിരുന്ന ഇവർ അടുത്തയിടെയാണ് കോമളപുരത്തേക്ക് മാറിയത്. അക്ഷയകേന്ദ്രം വഴിയാണ് അപേക്ഷിച്ചത്. അപേക്ഷയുമായി പിറ്റേന്ന് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിൽ ചെന്നയുടനെ കാർഡ് കിട്ടി. സർക്കാർ ഓഫീസിൽ ഇങ്ങനെ എളുപ്പം നടപടി സ്വീകരിക്കുമെന്ന് കരുതിയില്ലെന്ന്- സുകന്യ പറയുന്നു.
അക്ഷയകേന്ദ്രം വഴിയല്ലാതെ
www.civilsupplieskerala.gov.in സൈറ്റിലെ സിറ്റിസൺ ലോഗിനിലൂടെയും അപേക്ഷിക്കാം. സ്ഥിരതാമസ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റുമാണ് വേണ്ടത്. കാർഡ് ലഭിച്ച് അടുത്തമാസംതൊട്ട് റേഷൻ ലഭിക്കും.
അപേക്ഷിച്ചാലുടൻ കാർഡ് കിട്ടുന്നതിനൊപ്പം ഏത് റേഷൻ കടയിൽനിന്നും സാധനങ്ങൾ ലഭിക്കും. ഇ പോസ് യന്ത്രത്തിലെ പോർട്ടബിലിറ്റി സംവിധാനം വഴിയാണിത്.
ഉപഭോക്താക്കളുടെ ആധാർവിവരം ഇ പോസ് യന്ത്രവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഏത് ഇ പോസ് യന്ത്രത്തിലും വിരലടയാളം നൽകിയാൽ റേഷൻകിട്ടും. ഇ പോസ് യന്ത്രം ആയതിനാൽ ജോലി എളുപ്പമാണെന്നാണ് റേഷൻ കടയുടമകൾ പറയുന്നത്. തങ്ങൾക്ക് ഇപ്പോൾ വലിയ സൗകര്യമാണെന്നും റേഷൻ വിതരണത്തിലെ പരാതിയുമായി ജനങ്ങൾ വരാറില്ലെന്നും അവർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..