ഡൽഹി കർഷക സമരത്തിന്റെ തിരക്കുകളിൽനിന്നാണ് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജൂകൃഷ്‌ണൻ കേരളത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് എത്തിയത്. മടങ്ങുന്നതിനിടെ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രിയ സഖാവ് വി പി സാനുവിന് അഭിവാദ്യമേകാൻ മലപ്പുറത്ത്.
‘‘10 വർഷത്തിലേറെയായി വി പി സാനുവിനെ അറിയാം. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആകുന്നതിനുമുമ്പേയുള്ള പരിചയം. ഡൽഹിയിൽ എത്തിയപ്പോൾ കൂടുതൽ ദൃഢമായി. നിരവധി സമരങ്ങളിൽ ഒന്നിച്ചുണ്ടായി. ഡൽഹിയിലെ സമരങ്ങളിലെ നിറസാന്നിധ്യമാണീ സഖാവ്’’– വിദ്യാർഥികളെ സംഘടിപ്പിച്ച് കർഷകസമരത്തിൽ അണിനിരത്താൻ നേതൃപരമായ പങ്കുവഹിച്ച സാനുവിനെക്കുറിച്ച് വിജു കൃഷ്‌ണന്റെ വാക്കുകൾ.
‘‘പശുവിന്റെ പേരിൽ സംഘപരിവാറുകാർ കൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബത്തെ കാണാൻ ഞങ്ങൾ ഒന്നിച്ചാണ് മേവാത്തിലേക്ക് പോയത്. സംഘപരിവാറുകാർ നിരവധി കൊലപാതകങ്ങൾ നടത്തിയ സ്ഥലം. എഐകെഎസ് സംഘത്തോടൊപ്പം അവിടത്തെ ഗ്രാമങ്ങളിലൂടെ യാത്രചെയ്‌തു. ജനുവരി 26ന് ഡൽഹി അതിർത്തിയിൽ കൊടും തണുപ്പിലും കർഷകർക്കൊപ്പം സാനുവും വിദ്യാർഥി പ്രവർത്തകരുമെത്തി. കർഷകർക്ക് സഹായമേകി. സമര കേന്ദ്രങ്ങളിൽ ഒപ്പംചേർന്നു. സർവകലാശാലകളിൽ സംഘപരിവാർ അതിക്രമങ്ങളുണ്ടായപ്പോഴെല്ലാം അവിടെയെത്തി പ്രതിരോധങ്ങൾക്ക് നേതൃത്വമായി. പൗരത്വ ഭേദഗതി ബില്ലിനെതിരായ ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തു.
രോഹിൻഗ്യൻ അഭയാർഥി ക്യാമ്പുകളില്‍ സന്ദർശനം നടത്തി. മനുഷ്യാവകാശ പ്രശ്‌നമായി കണ്ട് ഇടപെട്ടു’’–- വിദ്യാർഥി സംഘടനയുടെ അഖിലേന്ത്യാ നേതാവിനെക്കുറിച്ച് പറയാനേറെ. സൗമ്യമായും സ്‌നേഹത്തോടെയുമുള്ള പെരുമാറ്റംകൊണ്ട് ആരെയും ചേർത്തുനിർത്തുന്നയാളാണ് സാനു. എന്നാൽ പറയേണ്ടിടത്ത് പറയേണ്ടത് പറയും.
നിർഭയമായി ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്ന ആളെയാണ് ഇന്നത്തെ സാഹചര്യത്തിൽ പാർലമെന്റിൽ ആവശ്യം. ഭരണഘടന നേരിടുന്ന വെല്ലുവിളികൾക്കെതിരെ സഭയ്‌ക്കകത്തും സമരമുഖത്തും ജനങ്ങളുടെ ശബ്‌ദമാകണം. സാനുവിന് അതിന് കഴിയും, എനിക്കുറപ്പുണ്ട്.-വിജൂകൃഷ്‌ണൻ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..