തിരുവനന്തപുരം
രാജ്യത്തൊട്ടാകെ കോവിഡിന്റെ രണ്ടാംതരംഗ കണക്കുകൾ പഴയപോലെ കുതിച്ചുയരുന്ന സഹചര്യത്തിൽ വോട്ടെടുപ്പിനോടനുബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം. നിലവിൽ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ആശങ്കാജനകമല്ലെങ്കിലും തെരഞ്ഞെടുപ്പിനുശേഷം കോവിഡ് നിരക്ക് വർധിക്കാനുള്ള സാഹചര്യം വിദഗ്ധർ തള്ളിക്കളയുന്നില്ല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ബൂത്തിലെത്താൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ കോവിഡ് പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ബ്രേക്ക് ദ ചെയിൻ അടക്കമുള്ള പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ ബാക്ക് ടു ബേസിക്സ് നടപടികൾ ശക്തമാക്കണം. രോഗികൾ വർധിക്കുന്നതിനാൽ രാജ്യത്തൊട്ടാകെ പ്രതിരോധപ്രവർത്തനങ്ങൾക്ക് ബലം കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
2802 രോഗികൾ
സംസ്ഥാനത്ത് ഞായറാഴ്ച 2802 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 2173 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവർ 27,893. ഇതുവരെ 11,02,359 പേർ കോവിഡ് മുക്തരായി. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ രാജ്യങ്ങളിൽ നിന്നുവന്ന ആർക്കും 24 മണിക്കൂറിൽ കോവിഡ്- സ്ഥിരീകരിച്ചില്ല. 24 മണിക്കൂറിനിടെ 45,171 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 6.20 ശതമാനം. 10 കോവിഡ്‌മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4668.
16 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 2446 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,854 പേർ നിരീക്ഷണത്തിലുണ്ട്. ഞായറാഴ്ച നാല് പ്രദേശത്തെ പുതുതായി ഹോട്ട്‌സ്‌പോട്ടാക്കി. രണ്ട് പ്രദേശത്തെ ഒഴിവാക്കി. ആകെ ഹോട്ട്സ്‌പോട്ട് 359.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..