06 April Tuesday
യുഡിഎഫ്‌ കാലത്ത്‌ 
വളർച്ചയല്ല; വിളർച്ച

ക്ഷേമ പെൻഷൻ : ഉമ്മൻചാണ്ടിയുടെ വാദം പൊള്ള , നുണ ആവർത്തിച്ച്‌ സത്യമാക്കാൻ ശ്രമം

ജി രാജേഷ്‌ കുമാർUpdated: Monday Apr 5, 2021


തിരുവനന്തപുരം
ക്ഷേമപെൻഷൻ വിതരണവും സാമ്പത്തിക വളർച്ചയുമുൾപ്പെടെ സർക്കാരുകളെ താരതമ്യംചെയ്‌ത്‌ ഉമ്മൻചാണ്ടി നിരത്തുന്നത്‌ പൊള്ളയായ വാദം. ക്ഷേമ പെൻഷനിൽ യുഡിഎഫ്‌ സർക്കാരിന്റെ അലംഭാവവും എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ സമീപനവും പരക്കെ ചർച്ചയായതോടെയാണ്‌ ഉമ്മൻചാണ്ടി നുണവ്യാപാരം ആരംഭിച്ചത്‌.  കണക്കുകൾ ഇതെല്ലാം പൊളിക്കുന്നതാണ്‌.

ക്ഷേമപെൻഷൻ 2014 മുതൽ അഞ്ചു സ്ലാബായി  നൽകിയെന്നാണ്‌‌ ഉമ്മൻചാണ്ടിയുടെ വാദം. 800 മുതൽ 1500 രൂപവരെയായിരുന്നു അന്നത്തെ നിരക്ക്‌. അതിനാൽ യുഡിഎഫ് പെൻഷനിനത്തിൽ 600 രൂപയാണ്‌ നൽകിയതെന്ന പ്രചാരണം നിർത്തണമെന്നാണ്‌ ഉമ്മൻചാണ്ടിയുടെ ആവശ്യം.
2014ലെ സ്ളാബ് ഉത്തരവിൽ  അതേവർഷം ഏപ്രിൽ ഒന്നുമുതൽ 600 മുതൽ 1200 വരെയുള്ള പെൻഷൻ നിരക്കാണ്‌ പറഞ്ഞത്‌. വാർധക്യകാല പെൻഷൻ- 600 രൂപ, വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ -800 രൂപ, 80 വയസ്സിനുമുകളിൽ വികലാംഗ പെൻഷൻ -1100 രൂപ, 80 വയസ്സിനുമുകളിൽ വാർധക്യകാല പെൻഷൻ 1200 രൂപ. ഭൂരിപക്ഷത്തിനും 600 രൂപ പെൻഷനാണ്‌ ലഭിച്ചത്‌.

യുഡിഎഫ്‌ സർക്കാർ പുറത്തുപോകുമ്പോൾ പെൻഷൻ കുടിശ്ശിക 1473.67 കോടി. കർഷകത്തൊഴിലാളി പെൻഷൻ -99.69 കോടി, വാർധക്യ പെൻഷൻ -803.85 കോടി, വികലാംഗ പെൻഷൻ -95.11 കോടി, അവിവാഹിത പെൻഷൻ -25.97 കോടി, വിധവ പെൻഷൻ -449 കോടി. 2016, 2017 ആഗസ്‌ത്‌  മാസത്തിൽ തവണകളായി എൽഡിഎഫ്‌ സർക്കാർ ഇത്‌ കൊടുത്തുതീർത്തു. 

പ്രഖ്യാപനം മാത്രം, നൽകിയത്‌ എൽഡിഎഫ്‌
ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുന്നതിന്‌ തൊട്ടുമുമ്പ്‌ 2016 മാർച്ച്‌ ഒന്നിന്‌ -75 വയസ്സ്‌‌ കഴിഞ്ഞവർക്ക് വർധക്യകാല  പെൻഷൻ 1500 രൂപയാക്കി ഉത്തരവുണ്ടായി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. നൽകിത്തുടങ്ങിയത്‌ എൽഡിഎഫ്‌ സർക്കാർ. പെൻഷൻ 18 മാസ കുടിശ്ശിക വിവരം നിയമസഭയിൽ വ്യക്തമാക്കിയത്‌‌ മന്ത്രി എം കെ മുനീറും‌. സിഎജിയുടെ ഓഡിറ്റ്‌ റിപ്പോർട്ടും പെൻഷൻ കുടിശ്ശിക വിവരങ്ങൾ വെളിപ്പെടുത്തി. യുഡിഎഫ് പെൻഷനായി നൽകിയ ആകെ തുക  9311 കോടി രൂപ. ഇപ്പോൾ നൽകിയ മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷനും ചേർത്ത് എൽഡിഎഫ് സർക്കാർ നൽകിയത്‌ 35,157 കോടിയും. സഹകരണ ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥരാണ്‌ പെൻഷൻ കുടിശ്ശികയാക്കിയതെന്ന ഉമ്മൻചാണ്ടിയുടെ വാദവും നിലനിൽക്കില്ല.  2016 ആഗസ്‌ത്‌ 15ന്,‌ എൽഡിഎഫ്‌ സർക്കാരിന്റെ ഉത്തരവിലൂടെയാണ്‌ സഹകരണ ബാങ്കുവഴി പെൻഷൻ വിതരണം ആരംഭിച്ചത്.

യുഡിഎഫ്‌ കാലത്ത്‌ 
വളർച്ചയല്ല; വിളർച്ച
സാമ്പത്തിക വളർച്ചയുടെ അന്തരത്തിൽ ഉമ്മൻചാണ്ടി നിരത്തുന്ന വാദവും പച്ചക്കള്ളം. യുഡിഎഫ്കാലത്ത് വളർച്ചാ നിരക്ക്  6.42 ശതമാനവും എൽഡിഎഫ് കാലഘട്ടത്തിലെ 5.28 ശതമാനവും എന്നതാണ് വാദം. ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട്‌ അനുസരിച്ച്‌ എൽഡിഎഫ്‌ കാലത്തെ ശരാശരി 5.43 ശതമാനം. യുഡിഎഫ്‌കാലത്ത്‌ 4.94 ശതമാനവും.  ഉമ്മൻചാണ്ടിയുടെ വാദങ്ങൾ ഓരോന്നായി ഇതോടെ പൊളിഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top