ന്യൂഡൽഹി
ഛത്തീസ്‌ഗഢിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഏകദേശം 400 മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി വിവരം. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ബറ്റാലിയൻ നമ്പർ 1 ന്റെ നേതാവായ ഹിഡ്‌മ, സഹായി സുജാത എന്നിവരാണ് ശനിയാഴ്‌ച നടന്ന ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
സുരക്ഷാസേനയുടെ ക്യാമ്പുകൾ അധികം ഇല്ലാത്ത സ്ഥലത്തുവച്ചാണ് മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമിച്ചത്. മൂന്ന് ഭാഗത്തുനിന്നും സൈനികർക്ക് നേരെ വെടിയുതിർത്ത മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ തോക്കുകളും (എൽഎംജി) ഐഇഡികളും ഉപയോഗിച്ചാണ് ആക്രമിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സംസ്ഥാന പൊലീസിലെയും സിആർപിഎഫിലെയും രണ്ട് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ഓപറേഷൻ.
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്‌ടറിന്റെ സഹായം തേടിയെങ്കിലും വെടിവെയ്‌പ് തുടർന്നതോടെ വൈകിട്ട് അഞ്ചിനാണ് എത്തിച്ചേരാനായത്. കൂടുതൽ സൈനികരും വെടിയേറ്റാണ് മരിച്ചത്. ഒരാൾ മാത്രം തലകറങ്ങിവീഴുകയും നിർജലീകരണം മൂലം മരിക്കുകയും ചെയ്തു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് കൂടുതൽ തെരച്ചിൽ നടക്കുകയാണ്. സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്ങ് ചത്തീസ്‌ഗഡ് സന്ദർശിക്കും.
മാവോയിസ്‌റ്റുകൾക്ക് ഉചിതമായ സമയത്ത് തക്ക തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇരുഭാഗത്തും നഷ്‌ടമുണ്ടായിട്ടുണ്ടെന്നും യഥാർത്ഥ മരണസംഖ്യ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് ഡൽഹിയിലേക്ക് മടങ്ങിയ അമിത് ഷാ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിച്ചു. ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..