തിരുവനന്തപുരം
സംസ്ഥാനമെമ്പാടും ആവേശം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്‌ടീയ പോരാട്ടത്തിന്റെ കരുത്തും വീറും വിളിച്ചോതിയ കലാശക്കൊട്ടിൽ കേരളം ചുവപ്പിൽ മുങ്ങി. ആൾക്കൂട്ടവും കലാശക്കൊട്ടും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയെങ്കിലും റോഡ് ഷോയും റാലികളും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു പ്രചാരണത്തിന് തിരശ്ശീല വീണത്.
പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ സ്വീകരിക്കാൻ ആയിരങ്ങൾ തെരുവുവീഥികളിൽ തടിച്ചുകൂടി. തിങ്കളാഴ്‌ചത്തെ നിശ്ശബ്ദ പ്രചാരണംകൂടി കടന്ന് കേരളം ചൊവ്വാഴ്‌ച വിധിയെഴുതും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് നടത്തിയ വൻ റോഡ് ഷോ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കേരളമെങ്ങും വീറും വാശിയും നിറച്ചു. മുഖ്യമന്ത്രിക്കൊപ്പം ചലച്ചിത്ര താരങ്ങളായ ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും മണിക്കൂറുകൾ നീണ്ട റോഡ് ഷോയിൽ അണിനിരന്നു. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കോഴിക്കോടും തിരുവനന്തപുരത്തും റോഡ് ഷോ നടത്തി.
മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന വയനാട് ജില്ലയിലും മലപ്പുറത്തെ വണ്ടൂർ, ഏറനാട്, നിലമ്പൂർ എന്നിവിടങ്ങളിലും വൈകിട്ട് ആറിനും മറ്റു മണ്ഡലങ്ങളിൽ ഏഴിനും പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി തെരഞ്ഞെടുപ്പ് ലഹരിയിൽ മുങ്ങി. പ്രചാരണത്തിലെ വാശിയും രാഷ്‌ട്രീയ മുന്നേറ്റവും അവസാന നിമിഷംവരെ കാഴ്‌ചവച്ചാണ് എൽഡിഎഫ് പ്രചാരണം അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണ് യുഡിഎഫിന് ആശ്വാസം പകർന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ നേമത്ത് പദയാത്ര നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..