കൊട്ടാരക്കര > ‘‘ഈ മീനത്തിലെ കൊടുവെയിലും കൊണ്ട് മോൻ ഇനിയും ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. മോനും ജയിക്കും സർക്കാരും തുടരും... ഉറപ്പാണ്’’. മുട്ടറ പരുത്തുംപാറ കശുവണ്ടി ഫാക്ടറിയിലെത്തിയ കൊട്ടാരക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിനോട് തൊഴിലാളി കടയ്ക്കോട് ഉദയഭവനിൽ ഓമന (65)പറഞ്ഞത് ഇങ്ങനെയായിരുന്നു.
സ്വീകരണ ദിവസം ഉത്സവമായതിനാൽ അന്നുതന്നെ നേരിൽക്കാണാൻ കഴിയാത്തവരോട് വോട്ട് അഭ്യർഥിക്കാനെത്തിയതായിരുന്നു ബാലഗോപാൽ. ‘‘ഈ സർക്കാരാണ് ഞങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാറ്റിയത്. ഞങ്ങളുടെ ചെറിയ സ്വപ്നങ്ങൾ പൂർത്തിയാക്കിയത് ഈ മോന്റെ പാർടിയാണ്’’–- ഓമന പറഞ്ഞു. ‘‘കോവിഡ് കാലത്ത് ലോകം അവസാനിക്കാൻ പോകുന്നതായി തോന്നി. എല്ലാദിവസവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആശ്വാസമായിരുന്നു. ആ മനുഷ്യൻ ഞങ്ങളെ സംരക്ഷിച്ചു. ഞങ്ങളുടെ ദൈവമാണ് ഈ സർക്കാർ.
ഞങ്ങൾക്ക് വലിയ രാഷ്ട്രീയവും ലോക കാര്യങ്ങളും അറിയില്ല. പക്ഷേ, ഒന്നറിയാം വിശക്കുമ്പോൾ ഭക്ഷണം നൽകുന്നവരാണ് ദൈവങ്ങൾ. കശുവണ്ടി ഫാക്ടറികളിൽ പ്രതിസന്ധി ഉണ്ടായിട്ടും ജോലി നൽകി. കുടിശ്ശികയും ഗ്രാറ്റുവിറ്റിയും തന്നു’’–- ഒപ്പം ഉണ്ടായിരുന്ന ബീനയും ബിൻസിയും പറഞ്ഞു. സ്ഥാനാർഥിയോടു വിശേഷങ്ങൾ ചോദിച്ചറിയുന്നതിനും അവർ സമയം കണ്ടെത്തി. എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിപ്പിക്കണമെന്നും ബാലഗോപാൽ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..