04 April Sunday

VIDEO - കുന്നംകുളത്ത് വിവാഹസംഘത്തിനുനേരെ കോണ്‍ഗ്രസ് അക്രമം; സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

കുന്നംകുളം > റോഡ്‌ഷോക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാഹസംഘത്തെയും വഴിയാത്രക്കാരെയും ആക്രമിച്ചു. കുന്നംകുളം കാട്ടകാമ്പലില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

യുഡിഎഫിന്റെ റോഡ് ഷോക്കിടെ വാഹനങ്ങള്‍ കടത്തിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമിസംഘം ചിറക്കല്‍ അറഫ പാലസ് വിവാഹ കല്യാണമണ്ഡപത്തില്‍ ഓടിക്കയറുകയും, കല്യാണത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ആക്രമിക്കുകയുമായിരുന്നു.

റോഡ് ഷോയില്‍ പങ്കെടുത്ത ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ ഹാളിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തുകയും, സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. പെരുന്തുരുത്തി അയിരിപ്പറ അബ്ബാസിന്റെ മകന്‍ അമീറിന്റെ വിവാഹമാണ് ഹാളില്‍ നടന്നിരുന്നത്. സ്ത്രീകളുള്‍പ്പടെ 5 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വരന്റെ അനുജന്റെ ഹോണ്ട കാര്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘം തകര്‍ത്തു. ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. പെരുന്തുരുത്തി സ്വദേശികളായ കൊട്ടിലിങ്ങല്‍ മുഹമ്മദ് മകന്‍ ഷുഹൈബ്, അമ്മ ഷെറീന, മേനോത്ത് മൊയ്തീന്റെ മകന്‍ മുഹമ്മദ് ഷാഹിന്‍, കുറ്റിയില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ നിസാം, മങ്കടവില്‍ ബാലന്റെ മകള്‍ മജിത, കല്ലുംപുറം ചെറുവത്തൂര്‍ ചാര്‍ളിയുടെ മകന്‍ സിബിന്‍, ചാലിശ്ശേരി തുറക്കല്‍ മുഹമ്മദിന്റെ മകന്‍ ഹാഷിം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരാജയഭീതി പൂണ്ട കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍  നിരപരാധികളെ അക്രമിച്ച്  അക്രമ നാടകം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ സഹതാപമുണ്ടാക്കാനാണ് ശ്രമമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫിന്റെ കുല്‍സിത ശ്രമം തിരിച്ചറിയണമെന്നും ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top