04 April Sunday

കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായി: പിണറായി

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

പിണറായി > കേരളത്തിൽ കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായാണ് നീങ്ങുന്നതെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അകമ്പടി സേവിക്കുന്നതും യുഡിഎഫാണ്. ജനങ്ങൾ വിശ്വസിച്ച്  അധികാരത്തിലേറ്റിയ എത്ര സംസ്ഥാന സർക്കാരുകളെയാണ്  കോൺഗ്രസ്‌ ബിജെപിക്ക് സമ്മാനിച്ചത്? അങ്ങനെ വെള്ളിത്തളികയിലാക്കി ബിജെപിക്ക് കാഴ്ചവയ്‌ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാമെന്ന് കോൺഗ്രസ്‌ വ്യാമോഹിക്കരുത്. അത്തരം ദുർമോഹങ്ങൾക്കുള്ള തിരിച്ചടി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കും. വാഗ്ദാനലംഘനങ്ങളുടെ അപ്പോസ്തലരെയും വർഗീയതയുടെ ഉപാസകരെയും പടിക്കുപുറത്തുനിർത്താൻ അറിയാവുന്ന നാടാണിത്.    

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഭായീഭായീ കളി കേരളത്തിലെ ആബാലവൃദ്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. എൽഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തുവെന്നും ഈ നാടിനും നാട്ടുകാർക്കും ബോധ്യമുണ്ട്.  എൽഡിഎഫ് സർക്കാർ വീണ്ടും വരണമെന്ന ആഗ്രഹം കേരളത്തിന്റെ പൊതുവികാരമായി മാറിയത്.

‘‘പ്രധാനമന്ത്രി നേരത്തെ  കേരളത്തിൽ വന്നപ്പോൾ ചിലതെല്ലാം നടപ്പാക്കുമെന്ന്‌ പറഞ്ഞിരുന്നു. പിന്നെ അതോർത്തത്‌ ഇപ്പോഴാകും. അതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത്‌ കാണും. അതുകൊണ്ടാകാം ‌ ശരണംവിളിച്ചത്‌’’–- പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌ യോഗത്തിൽ ശരണം വിളിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ  ഇങ്ങനെ പ്രതികരിച്ചത്‌.

സിപിഐ എം‌–- ബിജെപി സഖ്യമുണ്ടെന്ന ഉമ്മൻചാണ്ടിയുടെ ആരോപണത്തെ പരാമർശിച്ച്‌ രാഷ്‌ട്രീയ പ്രചാരണത്തിനുവേണ്ടി എന്തും വിളിച്ചുപറയുന്ന അവസ്ഥ ജനങ്ങൾ മുഖവിലയ്‌ക്കെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു.  നേമത്തെ കാര്യം ഇവർ സമ്മതിച്ചിരുന്നില്ലല്ലോ.  തലശേരിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി എ എൻ ഷംസീർ തോൽക്കണമെന്നും ഗുരുവായൂരിൽ ലീഗ്‌ സ്ഥാനാർഥി ജയിക്കണമെന്നും പറഞ്ഞത്‌ ബിജെപി നേതാവല്ലേ.  ഉമ്മൻചാണ്ടിക്ക്‌ നിഷേധിക്കാനാകുമോ.  
രാഹുൽഗാന്ധി പങ്കെടുത്ത യോഗങ്ങളിൽ ലീഗിന്റെ കൊടി ചുരുട്ടികൂട്ടി പിടിക്കേണ്ടിവന്നത്‌ എന്തുകൊണ്ടാണെന്ന്‌ തിരിച്ചറിയേണ്ടത്‌ ലീഗണികളാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top