04 April Sunday

രഹസ്യധാരണ: ജമാഅത്തെ ഇസ്ലാമി പിന്തുണ യുഡിഎഫിന്

പി വി ജീജോUpdated: Sunday Apr 4, 2021

കോഴിക്കോട്‌ > നിയമസഭാ തെരഞ്ഞെടുപ്പിലും മത രാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമി പിന്തുണ യുഡിഎഫിന്‌. വെൽഫെയർ പാർട്ടി മത്സരിക്കാത്ത 121 സീറ്റുകളിൽ വലതുപക്ഷ മുന്നണിയെ പിന്തുണക്കാനാണ്‌ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ മതരാഷ്‌ട്ര തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ട്‌ ജനം തള്ളിയിട്ടും യുഡിഎഫ്‌ അതുമായി മുന്നോട്ട്‌ പോകുകയാണെന്ന്‌ തീരുമാനം വ്യക്തമാക്കുന്നു. തീരുമാനം പരസ്യപ്പെടുത്താതെ രഹസ്യമായി നടപ്പാക്കാനാണ്‌ ധാരണ.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫും ജമാഅത്തെയുടെ വെൽഫെയർ പാർടിയും പരസ്യ സഖ്യത്തിലായിരുന്നു. ഇത്‌‌ ചില വിഭാഗങ്ങളുടെ ‌ വോട്ട്‌ നഷ്‌ടമാക്കിയെന്ന വിലയിരുത്തലിലാണ്‌ നിയമസഭയിലേക്കുള്ള ധാരണ രഹസ്യമാക്കി സൂക്ഷിക്കുന്നത്‌. മുസ്ലിംലീഗ്‌ നേതാക്കൾ ഇടനിലക്കാരായി കോൺഗ്രസിലെ പ്രമുഖരുമായി നടത്തിയ ചർച്ചയിലാണ്‌ ജമാഅത്തെ തീരുമാനം. 2016–-ൽ 41 സീറ്റിൽ മത്സരിച്ച വെൽഫെയർപാർടി ഇക്കുറി 19 ഇടത്തേ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളു. ജമാഅത്തെ നിർദ്ദേശ പ്രകാരമാണ്‌ മത്സരിക്കുന്ന മണ്ഡലങ്ങൾ കുറച്ചത്‌. ജമാഅത്തെ ശക്തികേന്ദ്രങ്ങളിലൊന്നും വെൽഫെയർ സ്ഥാനാർഥിയെ നിർത്തിയതുമില്ല. ലീഗിന്‌ ഭീഷണിയാകാതിരിക്കാനുള്ള കരുതലും സ്വീകരിച്ചിരുന്നു.

തെരഞ്ഞെടുപ്പ്‌ വേളകളിൽ നിലപാട്‌ പരസ്യമായി പ്രഖ്യാപിക്കാറുള്ള ജമാഅത്തെ ഇസ്ലാമി ഇത്തവണ അതിന്‌ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം‌. മത്സരിക്കാത്ത 121 സീറ്റുകളിൽ വോട്ടും പിന്തുണയും തീരുമാനിച്ചതായി വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം പറഞ്ഞു. എന്നാൽ തീരുമാനം വെളിപ്പെടുത്തുന്നില്ല. പാർടി കേഡർമാർ വഴി നിർദേശം നടപ്പാക്കുകയാണ്‌ ചെയ്യുകയെന്നും ഹമീദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top