കൊൽക്കത്ത > ബംഗാളിൽ ബിജെപി തടയുന്നത് ഇടതുമുന്നണി നേതൃത്വം നൽകുന്ന സംയുക്ത മോർച്ച മാത്രമാണെന്നും തൃണമൂൽ അല്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് തൃണമൂലുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതു തുടരും. തൃണമൂലിന് ഭൂരിപക്ഷം കിട്ടിയാലും എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറുമെന്ന് മുഖ്യമന്ത്രി മമത ബാനർജി തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാനത്ത് വർഗീയവിപത്ത് ഒഴിവാക്കി മതേതര ജനാധിപത്യം സംരക്ഷിക്കാൻ സംയുക്ത മോർച്ചയ്ക്കു മാത്രമേ കഴിയൂ. സംയുക്ത മോർച്ച സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ഹൂഗ്ലിയിലെ ചിൻസുറയിൽ ഇടതുമുന്നണി റാലിയിൽ മിശ്ര ആഹ്വാനം ചെയ്തു.
പത്തു വർഷം ഭരിച്ച മമത സംസ്ഥാനത്തെ എല്ലാ തലത്തിലും പിന്നോട്ടുനയിച്ചു. വ്യവസായം അപ്പാടെ തകർത്തു. ഇടതുമുന്നണി നടപ്പാക്കിയ കാർഷിക പരിഷ്കാരങ്ങൾ ഇല്ലാതാക്കി. തൊഴിലില്ലായ്മ അതിരൂക്ഷമായി. ഇതിനൊന്നും ഉത്തരം ഇല്ലാത്തതിനാലാണ് ബിജെപിയുടെ വർഗീയതയ്‌ക്ക് ബദൽവർഗീയ അജൻഡ ഇറക്കുന്നത്.
കഴിഞ്ഞ പത്തു വർഷമായി തൃണമൂൽ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് തങ്ങൾ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല. ഇപ്പോൾ പഴയ ശിഷ്യനിൽനിന്ന് നന്ദിഗ്രാമിൽ മമതയ്ക്ക് അത് നേരിട്ട് അനുഭവിക്കേണ്ടിവന്നു. പരാജയഭീതിയിൽ അവർ ഇപ്പോൾ സ്വന്തം അണികളെപ്പോലും വിശ്വാസമില്ലാതെ ഓരോന്ന് വിളിച്ചുപറയുകയാണ്.
തൃണമൂൽ വക്താവിന്റെ സ്വത്ത് കണ്ടുകെട്ടി
ശാരദ ചട്ടി ഫണ്ട് ഇടപാട് വെട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ വക്താവും മുൻ എംപിയുമായ കുണാൽഘോഷ്, എംപി ശതാബ്ദി റോയ്, ശാരദ ഗ്രൂപ്പ് ഡയറക്ടറായിരുന്ന ദേബ്ജാനി മുഖർജി എന്നിവരുടെ മൂന്നു കോടി രൂപയുടെ സ്വത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പണമിടപാട് നിരോധന നിയമ പ്രകാരമാണ് നടപടി. ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
കൽക്കരി കള്ളക്കടത്തുകേസിൽ തൃണമൂലുമായി അടുത്ത ബന്ധമുള്ള മാജി ഒരഫ് ലാലായെ സിബിഐ വീണ്ടും ചോദ്യംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..