ചെന്നൈ > ഇനിയും കാത്തിരിക്കാൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനാകില്ല. പ്രതിഭകളുടെ കൂട്ടവുമായി പലതവണ വന്നിട്ടും 13 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഒരിക്കൽപ്പോലും കിരീടത്തിൽ കൈവയ്‌ക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബാംഗ്ലൂർ. വിരാട് കോഹ്‌ലി നയിക്കുന്ന സംഘത്തിൽ ഏതു കളിയും ഒറ്റയ്‌ക്ക് ജയിപ്പിക്കാൻ കഴിയുന്ന അനേകം താരങ്ങളാണുള്ളത്.
ട്വന്റി–-20 ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും കളത്തിൽപേറി വിസ്‌മയിപ്പിക്കുന്ന എ ബി ഡി വില്ലിയേഴ്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ. സമ്പന്നമാണ് ബാംഗ്ലൂർ ടീം. കഴിഞ്ഞ സീസണിൽ എലിമിനേറ്റർവരെയായിരുന്നു മുന്നേറ്റം. ഒമ്പതിന് ഉദ്‌ഘാടനമത്സരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസാണ് എതിരാളി.
കരുത്ത്
വൈവിധ്യമാണ് ബാംഗ്ലൂരിന്റെ കരുത്ത്. പരിമിത ഓവറിന് ചേർന്ന കളിക്കാർ. എല്ലാ നിരയിലും മികവുകാട്ടിയ പരിചയസമ്പന്നതയും ചെറുപ്പവും ലയിച്ച ടീം. ആഴമുള്ള ബാറ്റിങ്‌നിരയാണ് ബാംഗ്ലൂരിന്റേത്. ഓപ്പണറായി കോഹ്‌ലിയും ദേവ്‌ദത്ത് പടിക്കലും എത്തും. കഴിഞ്ഞ സീസണിൽ മിന്നിയ ദേവ്‌ദത്ത് ആഭ്യന്തരമത്സരങ്ങളിലും ഉജ്വല പ്രകടനമായിരുന്നു. ഡി വില്ലിയേഴ്‌സാണ് രണ്ടാമത് എത്തുക.
ന്യൂസിലൻഡിന്റെ പുതിയ കണ്ടെത്തൽ ഫിൻ അലനും ഇത്തവണ താരമാകും. മാക്‌സ്‌വെൽ ഏത് വേഷത്തിലും അനുയോജ്യനാണ്. മലയാളിതാരം മുഹമ്മദ് അസ്‌ഹറുദീനും അവസരം കിട്ടും. കേരളത്തിനായി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് കാസർകോട്ടുകാരനെ ബാംഗ്ലൂർ നിരയിലെത്തിച്ചത്. സച്ചിൻ ബേബിയും ടീമിലുണ്ട്. ഡാനിയേൽ ക്രിസ്റ്റ്യൻ, വാഷിങ്‌ടൺ സുന്ദർ എന്നീ ഓൾറൗണ്ടർമാരും കരുത്തരാണ്. യുസ്‌വേന്ദ്ര ചഹാലും ആദം സാമ്പയും മികച്ച ട്വന്റി–-20 ബൗളർമാരാണ്. പേസ് നിരയിൽ നവ്‌ദീപ് സെയ്‌നി, മുഹമ്മദ് സിഹാജ് എന്നിവർ ജാമിസണും റിച്ചാർഡ്‌സണിനും ഒപ്പം ചേരും.
ദൗർബല്യം
ഇന്ത്യയിൽ കളിച്ച് പരിചയമില്ലാത്ത വിദേശ പേസർമാർ എത്രത്തോളം തിളങ്ങുമെന്നാണ് കണ്ടറിയേണ്ടത്. ജാമിസൺ, റിച്ചാർഡ്‌സൺ, ഡാനിയേൽ സാംസ് എന്നിവർക്ക് യഥാർഥ പരീക്ഷണമാകും. ഐപിഎലിൽ മാക്‌സ്‌വെല്ലിന്റെ സ്ഥിരതയും ആശങ്ക പുലർത്തുന്നതാണ്.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്
റണ്ണേഴ്‌സപ്പ് (2009, 2011, 2016)
ക്യാപ്‌റ്റൻ: വിരാട് കോഹ്‌ലി
കോച്ച്: സൈമൺ കാറ്റിച്ച്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..