കോഴിക്കോട് > റെയിൽവേ ഡിവിഷണൽ/സബ്ഡിവിഷണൽ ആശുപത്രികൾ തരംതാഴ്ത്തി പോളി ക്ലിനിക്കുകളാക്കുന്നു. രാജ്യത്താകെ 77 ആശുപത്രികളാണ് തരം താഴ്ത്തൽ ലിസ്റ്റിലുള്ളത്. റെയിൽവേ ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കാവുന്ന ചികിത്സാകേന്ദ്രങ്ങളാണ് ഇതുമൂലം ഇല്ലാതാകുന്നത്.
റെയിൽവേ ആശുപത്രികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിക്കപ്പെട്ട മൽഹോത്ര കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നാണ് തരം താഴ്ത്തൽ. റിപ്പോർട്ട് റെയിൽവേ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചതിനു ശേഷമാണ് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്. ഈ മാസം 30നകം തരം താഴ്ത്തൽ നടപ്പാക്കണമെന്നാണ് മാർച്ച് 19 ന് ഇറങ്ങിയ ഉത്തരവിലെ നിർദേശം. റെയിൽവേ ബോർഡ് ഡയറക്ടർ (ആരോഗ്യം) ആർ എസ് ശുക്ലയാണ് എല്ലാ ഡിവിഷൻ ജനറൽ മാനേജർമാർക്കും നിർദേശം നൽകിയത്. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി റെയിൽവേ ആശുപത്രികൾ അടച്ചുപൂട്ടുകയോ സ്വകാര്യ മേഖലക്ക് കൈമാറുകയോ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
ഡിവിഷണൽ /സബ് ഡിവിഷണൽ ആശുപത്രികളായി ദീർഘനാളായി പ്രവർത്തിച്ചുവരുന്നവയാണ് ഒറ്റയടിക്ക് പോളി ക്ലിനിക്കുകളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ രണ്ട് പ്രധാന റെയിൽവേ ആശുപത്രികൾ പട്ടികയിലുണ്ട്. ഷൊർണൂരിലെയും തിരുവനന്തപുരത്തെയും. ഷൊർണൂരിലേത് സബ്ഡിവിഷണൽ ഹോസ്പിറ്റലാണ്. ഇത് പോളിക്ലിനിക്കായി മാറും. നൂറു വർഷത്തോളം പഴക്കമുള്ള ആശുപത്രിയാണിത്. പള്ളിപ്പുറം മുതൽ ഒറ്റപ്പാലം വരെയുള്ള റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബങ്ങൾക്കും ആശ്രയമായിരുന്നു. ഇവർക്കെല്ലാം ചികിത്സാ സൗകര്യം നിഷേധിക്കപ്പെടും.
ഷൊർണൂർ ആശുപത്രിയിൽ 24 കിടക്കകളാണുള്ളത്. ഇതിൽ 25 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ന്യായീകരണം. തിരുവനന്തപുരത്തേത് ഡിവിഷണൽ ആശുപത്രിയാണ്. 55 കിടക്കയാണുള്ളത്. ഇവിടെ ഉപയോഗം 55 ശതമാനം മാത്രമേയുള്ളൂ എന്നാണ് കണ്ടെത്തൽ. പെൻഷൻകാരടക്കം ആയിരക്കണക്കിനു പേർ ഉപയോഗപ്പെടുത്തുന്ന ആശുപത്രികളാണ് രണ്ടും. ആശുപത്രി ഉപയോഗം കുറയുന്നത് വിദഗ്ധ ഡോക്ടർമാരുടെ അഭാവം മൂലമാണ്. ഇതിനു പരിഹാരം കാണാതെ നിലവിലെ സൗകര്യം പോലും നിഷേധിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും കടുത്ത ആശങ്കയുണ്ട്. റഫറലായി സ്വകാര്യ ആശുപത്രികളെ നിശ്ചയിച്ച് പ്രതിഷേധം മറികടക്കാനാണ് ശ്രമം. യഥാർഥത്തിൽ ചികിത്സ നിഷേധിക്കപ്പെടുന്നതിനാണ് ഇതിടയാക്കുക. നേരത്തെ പല റഫറൽ ആശുപത്രികളും കുടിശ്ശികയുടെ പേരിൽ ചികിത്സ നിഷേധിച്ച അനുഭവങ്ങളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..