തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവശത്തോടെ കൊട്ടിക്കലാശിച്ചപ്പോൾ ഉറച്ച ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ. റോഡ് ഷോ നടത്തിയും ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ റോഡ് ഷോയിൽ പങ്കെടുത്ത് ബിജെപി സ്ഥാനാർത്ഥി വി വി രാജേഷ് പറഞ്ഞത് താൻ ഉറച്ച ആത്മവിശ്വാസത്തിലാണ് എന്നാണ്. തങ്ങൾ മുന്നോട്ട് വച്ച ആശയം ജനങ്ങൾ സ്വീകരിക്കും. നല്ല ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാഹചര്യം വട്ടിയൂർക്കാവിലുണ്ടെന്നും രാജേഷ് പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമരരൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ റോഡ് ഷോ.
Read Also: മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
എന്നാൽ മുഖ്യമന്ത്രിയെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് കുമ്മനം രാജശേഖരൻ പറഞ്ഞത്, ഇരുകൂട്ടരും ഇരട്ടകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് എത്ര ശരിയാണ് എന്നായിരുന്നു. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെയും രാഹുലിന്റെയും പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. രണ്ട് പേരും പറയുന്നത് ഒന്നു തന്നെയാണ്. ഇരുകൂട്ടരുടെയും ആവശ്യം എൻഡിഎയെ, ബിജെപിയെ തോൽപ്പിക്കുക എന്നതാണ്. നേമത്ത് താമരയ്ക്ക് യാതൊരു പ്രശ്നവുമില്ല. തനിക്ക് അങ്ങേയറ്റം ശുഭപ്രതീക്ഷയാണുള്ളതെന്നും യാതൊരു ഭയാശങ്കകളുമില്ലെന്നും കുമ്മനം പറഞ്ഞു. രാഹുൽ ഗാന്ധി നേമത്ത് വന്നതുകൊണ്ടോ യുഡിഎഫ് പ്രചാരണം ശക്തമാക്കിയതുകൊണ്ടോ ബിജെപിക്ക് ഭയമില്ല. അദ്ദേഹം വന്നിട്ട് എന്തു മാറ്റമുണ്ടാക്കാനാണെന്നും കുമ്മനം ചോദിച്ചു.
Post Your Comments