Advertisement
KeralaLatest NewsNews

കോവിഡ് കാലത്ത് നിരവധി കുട്ടികളാണ് തന്റെ ചിത്രം വരച്ച് സമ്മാനിച്ചത്; ജനങ്ങളുടെ സ്‌നേഹപ്രകടനം വിവരിച്ച് പിണറായി

Advertisement

കണ്ണൂർ : പല തരത്തിലാണ് ആളുകൾ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കരുതെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചാണ് പിണറായി ഇത് വിശദീകരിച്ചത്.

ആളുകൾ പല തരത്തിലാണ് തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഇളം പ്രായത്തിലുളള കുഞ്ഞുങ്ങൾ പോലും അതിലുണ്ട്. ഒരിടത്ത് പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ആളുകൾ നിരന്നിരിക്കുന്നു. ഞാൻ സംസാരം തുടങ്ങി. അപ്പോഴാണ് ഒരു വിളി കേട്ടത്, പിണറായി അച്ചാച്ചാന്ന്. നോക്കിയപ്പോൾ കണ്ടത് മൂന്ന് വയസുളള ഒരു കുട്ടിയെയാണ്. ഞാൻ അങ്ങോട്ടു വരുന്നു നീ അവിടെ ഇരിക്ക് എന്ന് പറഞ്ഞാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also  :  മറ്റ് സ്ഥാനാർത്ഥികളെപ്പോലെ നേമത്ത് താൻ ദേശാടനക്കിളിയല്ല; വി. ശിവൻകുട്ടി

മറ്റൊരിടത്ത് പ്രചാരണ സ്ഥലത്ത് താൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആ കുടുംബം കാറിൽ അതുവഴി പോയി. നോക്കുമ്പോൾ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി പരിപാടികൾ നോക്കുന്നുണ്ട്. തന്നെ കണ്ട ഉടനെ കൈ വീശി എന്തോ വിളിച്ചു പറയുകയാണ്. ഞാനും തിരിച്ച് കൈ വീശി. മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരു തരത്തിലുളള സ്‌നേഹപ്രകടനമാണ്. അത് ശരിയായ രീതിയിൽ വരുന്നതാണ്. കോവിഡ് കാലത്ത് കുട്ടികളിൽ പലരും തന്റെ ചിത്രം വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഒരു യോഗത്തിൽ ഒരു വീട്ടമ്മ പാട്ടെഴുതി കൊണ്ടുവന്നു. ഇമ്മാതിരിയാണ് കാര്യങ്ങൾ നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവരാണ് എൽഡിഎഫ്. ജനങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ അവർ പല രീതിയിലും സ്‌നേഹം പ്രകടിപ്പിക്കും. അതുകൊണ്ടൊന്നും തന്റെ രീതി മാറ്റാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button