കണ്ണൂര്‍ > കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യുഡിഎഫും ബിജെപിയും പറഞ്ഞിട്ടില്ല. സാമനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ടനിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എല്‍ഡിഎഫ തെളിയിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും എല്‍ഡിഎഫ് ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ട്. കേരളത്തിന്റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞ എടുത്ത ശക്തികളും, ഏതാനും മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ ഘടകക്ഷികളായി പ്രവര്‍ത്തിക്കുകയാണ്. മുന്‍പ് പെയ്ഡ് ന്യൂസ് ഉണ്ടായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്നേത്തന്നെ വിലയ്‌ക്കെടുത്തുകഴിഞ്ഞിരിക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കും.
ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. എല്‍ഡിഎഫിന്റേത് ജനങ്ങള്‍ നെഞ്ചോടുചേര്‍ത്ത രാഷ്ട്രീയവും. ബിജെപിയോടും ജമാഅത്തെ ഇസ്ലാമിയോടും തരാതരം പോലെ കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ത്തുകളയാം എന്ന വ്യാമോഹമാണ് യുഡിഎഫിനുള്ളത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള കടുത്ത തിരിച്ചടിയാണ് കേരളം നല്‍കാന്‍ പോകുന്നത്. നാടിനെ അതിന്റെ എല്ലാ ഔന്നത്യത്തോടെയും നന്മയോടെയും സംരക്ഷിക്കാനുള്ള, മതനിരപേക്ഷ അടിത്തറയ്ക്ക് കാവലാളായി ഓരോരുത്തരും സ്വയം മാറണമെന്നാണ് കേരളീയരോടുള്ള അഭ്യര്‍ത്ഥന. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..