തിരുവനന്തപുരം > സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ചിന്റെ ഹരജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജ് സി ദീപുവാണ് സിആർപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്. കോലഞ്ചേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റാകും മൊഴി രേഖപ്പെടുത്തുക. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് നായരിൽനിന്ന് അടുത്തദിവസം തന്നെ രഹസ്യമൊഴി രേഖപ്പെടുത്തും.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നുവെന്ന് വിശദീകരിച്ച് സന്ദീപ് നായർ ജയിലിൽനിന്ന് മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. ഇതേതുടർന്ന് ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് വെള്ളിയാഴ്‌ച ജയിലിലെത്തി സന്ദീപ് നായരുടെ മൊഴിയെടുത്തു. ഈ മൊഴിയിലും സമ്മർദത്തിന്റെ വിശദ വിവരം സന്ദീപ് വെളിപ്പെടുത്തി. അതോടെ മജിസ്‌ട്രേറ്റിന് മുമ്പിൽ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ ശബ്‌ദരേഖയുടെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ മറ്റൊരു കേസും ഇഡിക്കെതിരെയുണ്ട്. ഈ കേസിൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..