03 April Saturday

അദാനിയുമായി കരാറില്ല , വൈദ്യുതി വാങ്ങാൻ കേന്ദ്രസർക്കാർ ‍
സ്ഥാപനവുമായി
മാത്രം കരാർ: കെഎസ്‌ഇബി

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021


തിരുവനന്തപുരം
കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാൻ കേരളം കേന്ദ്ര സർക്കാർ സ്ഥാപനമായ സോളാർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയുമായി‌ട്ടാണ്‌ (എസ്‌ഇസിഐ) കരാർ ഒപ്പിട്ടിട്ടുള്ളതെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി. അദാനിയുടെ ഗ്രീൻ പവർ കമ്പനിയുമായി  കരാറില്ല. 

സോളാർ കോർപറേഷൻ പല കമ്പനികളിൽനിന്ന്‌ വൈദ്യുതി വാങ്ങുന്നുണ്ട്‌. ഇതിൽനിന്ന്‌125 മെഗാവാട്ട് സെനാട്രിസ് വിൻഡ് എനർജിയും ‌100 മെഗാവാട്ട്‌ സ്‌പ്രിങ് വിൻഡ് എനർജിയും  75 മെഗാവാട്ട്‌ ‌ അദാനി വിൻഡ് എനർജിയും കേരളത്തിന്‌ നൽകുമെന്ന്‌ എസ്‌ഇസിഐയാണ്‌ അറിയിച്ചത്‌. എസ്‌ഇസിഐ നൽകുന്ന വിഹിതം വാങ്ങുന്നതിനപ്പുറം  സ്വകാര്യസ്ഥാപനങ്ങളുമായി ഒരു കരാറും കെഎസ്‌ഇബിക്കില്ല. അദാനിയുമായി നേരിട്ടുള്ള കരാർ ഒഴിവാക്കാൻ എസ്‌ഇസിഐ വഴി കരാർ ഉണ്ടാക്കിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്‌.  

സോളാർ വൈദ്യുതി 1.99 രൂപയ്‌ക്ക്‌ ലഭ്യമാണെന്നതും തെറ്റാണ്‌.  കേരളത്തിൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതിക്ക് മൂന്ന്‌ രൂപയിലേറെ നൽകണം‌. ചെറുകിട ജലവൈദ്യുതനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക്‌ യൂണിറ്റിന്‌ ഒരു രൂപയാണെന്നതും ശരിയല്ല‌. സംസ്ഥാനത്ത്‌ അഞ്ചു മെഗാവാട്ട് വരെയുള്ള ചെറുകിട ജലവൈദ്യുതനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക്   ബെഞ്ച്മാർക്ക് നിരക്കുതന്നെ യൂണിറ്റിന് 5.95 രൂപയാണ്. 

കമ്പോളത്തിൽ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി കിട്ടുമ്പോൾ അത് ഒഴിവാക്കിയെന്നതും അടിസ്ഥാനരഹിതമാണ്‌.  2019 ജൂണിലെ കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83, സെപ്തംബറിലേത്‌ യൂണിറ്റിന് 2.80 രൂപയുമാണ്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ കെഎസ്ഇബി  ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കാണിത്‌.  സംസ്ഥാനത്തെ കാറ്റാടി നിലയങ്ങൾക്ക് 2017ലും 2018ലും നിശ്ചയിച്ചത് യൂണിറ്റിന്  യഥാക്രമം 5.23 രൂപയും 4.09 രൂപയുമായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ  ഈ കരാർ ആദായകരമാണ്‌.

സൗരോർജ വൈദ്യുതിയുടെ അളവ് കുറച്ചെന്ന വാദവും തെറ്റാണ്‌.  സംസ്ഥാന റഗുലേറ്ററി കമീഷനാണ്  അളവ് തീരുമാനിക്കുന്നത്.   ചെറുകിട ജലവൈദ്യുതി, കാറ്റ് എന്നിവയടങ്ങിയ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ഇപ്പോൾ വൈദ്യുതി ലഭ്യമാകുന്നത് കാറ്റാടി നിലയങ്ങളിൽ നിന്നാണ്.  ഈ സാഹചര്യത്തിലാണ്  കുറഞ്ഞ നിരക്കിൽ കാറ്റാടി വൈദ്യുതി ലഭ്യമായപ്പോൾ വാങ്ങാൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top