03 April Saturday

കോടതി ജീവനക്കാർക്ക്‌ സാമൂഹ്യമാധ്യമ പെരുമാറ്റച്ചട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021


കൊച്ചി
കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും പെരുമാറ്റച്ചട്ടം നിർദേശിക്കുന്നു.

കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഇടപെടലുകൾ നിയന്ത്രിക്കുന്നതിന് പത്തു നിർദേശങ്ങളാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിലുള്ളത്. സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണം. കോടതി ഉത്തരവുകളെയോ നിർദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്.  സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം. ഔദ്യോഗികപദവിയുടെ അന്തസ്സ്‌ ഇടിക്കുന്നതരത്തിൽ സമൂഹമമാധ്യമങ്ങൾ ഉപയോഗിക്കരുത്‌ എന്നിവയാണ്‌ നിർദേശങ്ങൾ.

നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ കയറുകയോ, മൊബൈൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ചെയ്യരുത്. ജോലിസമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. കോടതികളിലെ ഇന്റർനെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളിൽ കയറരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. കോടതി ജീവനക്കാർ അവരുടെ ഇ–-മെയിൽ വിലാസവും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഹൈക്കോടതിയുടെ സോഷ്യൽ മീഡിയ സെല്ലിനു കൈമാറണമെന്നും നിർദേശമുണ്ട്.  ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top