രണ്ടാഴ്‌ചമുമ്പ് കോൺഗ്രസിൽനിന്ന് രാജിവെച്ച കെപിസിസി വൈസ്‌പ്രസിഡന്റും മുൻ എംഎൽഎയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ കെ സി റോസക്കുട്ടിയുമായി ദേശാഭിമാനി വയനാട് ബ്യൂറോ ചീഫ് പി ഒ ഷീജ നടത്തിയ അഭിമുഖം
കൽപ്പറ്റ > കഴിഞ്ഞ മൂന്ന് ദശകങ്ങളായി തൊഴുത്തിൽക്കുത്ത് സഹിച്ചാണ് കോൺഗ്രസിൽ തുടർന്നതെന്ന് കെ സിറോസക്കുട്ടി. പുൽപ്പള്ളിയിൽ കരുണാകരന്റെ പൊലീസ് മൂന്ന് പേരെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ മർദിക്കുകയും ചെയ്‌ത സാഹചര്യത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കാൻ ശ്രമിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നായനാരും ടി ദേവിയുമാണ് പിന്തുണ നൽകിയത്. ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴാണ് കോൺഗ്രസിൽ സജീവമായത്.
1991ൽ എംഎൽഎ ആയപ്പോൾ മുതൽ പിന്നിൽനിന്ന് കുത്ത് തുടങ്ങി. എ കെ ആന്റണിക്കനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ എന്റെ വീട്ടിനകത്ത് വിസർജ്യമെറിഞ്ഞു. ബത്തേരി യക്ഷി അഴിഞ്ഞാടുന്നു എന്ന പേരിൽ പോസ്‌റ്ററുകൾ പ്രചരിപ്പിച്ചു. സ്വന്തം പാർടിക്കാരുടെ പീഡനം മൂലം ഒളിവിൽ പോകേണ്ടിവന്നു.
എന്തുകൊണ്ട് ഇടതുപക്ഷം
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയാണ്. വർഗീയതക്കെതിരെ പിണറായി വിജയന്റെ നേതൃത്വത്തിൽ സന്ധിയില്ലാ സമരമാണ് നടത്തുന്നത്. അതേസമയം കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ പിന്തുണയ്‌ക്കുന്നു. സംസ്ഥാനത്ത് 35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരത്തിലെത്തുമെന്ന് പരസ്യമായി പറയാൻ കെ സുരേന്ദ്രൻ ധൈര്യം കാണിച്ചത് ഈ ബാന്ധവത്തിന്റെ തെളിവാണ്.
കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടാണ് ആറ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തിയത്. ബിജെപി ഉയർത്തുന്ന വർഗീയതക്കെതിരെ ശക്തമായി പോരാടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസിൽനിന്ന് വിട്ടാൽ നേരെ ബിജെപിയിലെന്ന ധാരണയാണ് സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടത്. രാജ്യത്തിന്റെ മതേരതരത്വം സംരക്ഷിക്കണമെങ്കിൽ കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണയ്‌ക്കണം.
എൽഡിഎഫ്, യുഡിഎഫ് ഭരണം, നിലപാടുകൾ താരതമ്യം ചെയ്യാമോ
വികസനം, വർഗീയത, ജനക്ഷേമ പ്രവർത്തനം തുടങ്ങിയവയിൽ എൽഡിഎഫിന് വ്യക്തമായ നിലപാടുകളുണ്ട്. മുഖ്യ ഭരണകക്ഷിയായ സിപിഐ എമ്മിൽ ശക്തനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്ന പാർടിയുമുണ്ട്. എന്ത് വിവാദങ്ങളുണ്ടായാലും പകച്ചുനിൽക്കാതെ ശരിയായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി മുന്നോട്ടുപോകും. തിരുത്തേണ്ടവ തിരുത്തും. യുഡിഎഫിലാണെങ്കിൽ ഗ്രൂപ്പ് പോരും കുതികാൽ വെട്ടും കാരണം ഒരു തീരുമാനവും എടുക്കാൻ ആർക്കും കഴിയില്ല.
എന്താണ് കോൺഗ്രസിൽ സംഭവിക്കുന്നത്
കോൺഗ്രസെന്നാൽ ‘കോൺഫെഡറേഷൻ ഓഫ് ഗ്രൂപ്പ്സ്’ എന്നായി മാറിയിരിക്കുന്നു. ഗ്രൂപ്പ് നേതാക്കന്മാരും അവർക്കിടയിൽ തീരുമാനമില്ലാതെ ഞെരുങ്ങുന്ന ഹെെക്കമാൻഡും. ഓരോരുത്തരും അവരവരുടെ ഗ്രൂപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എൽഡിഎഫ് തുടർഭരണം
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 5 വർഷംകൊണ്ട് നാട്ടിലുണ്ടായത്. ക്ഷേമപെൻഷൻ വിതരണം, സൗജന്യ കിറ്റ് തുടങ്ങിയവ ജനങ്ങളെ സർക്കാരിനോട് കൂടുതൽ അടുപ്പിച്ചു. കെ ഫോൺ വഴി 20 ലക്ഷം യുവാക്കൾക്കാണ് തൊഴിൽ ലഭിക്കുക. സ്‌റ്റാർട്ടപ്പ് മിഷനുകളും കിഫ്‌ബി വഴിയുള്ള വികസന പ്രവർത്തനവും നാടിന്റെ മുഖം മാറ്റി. അതിനാൽ ഈ തെരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിലെത്തും.
സ്‌ത്രീകളോടുള്ള സമീപനം
വീട്ടമ്മമാർക്ക് പെൻഷൻ നൽകാനുള്ള തീരുമാനം എൽഡിഎഫിന് സ്‌ത്രീകളോടുള്ള കരുതലിന് തെളിവാണ്. കൂടുതൽ സീറ്റുകൾ നൽകിയും മന്ത്രി സ്ഥാനം നൽകിയും എൽഡിഎഫ് സ്‌ത്രീപക്ഷ നിലപാട് സ്വീകരിക്കുന്നു. എന്നാൽ യുഡിഎഫിൽ സ്‌ത്രീകളുടെ തല മുണ്ഡനം ചെയ്യപ്പെടുന്നു. കഴിവുള്ള എത്രയോ സ്‌ത്രീകളുണ്ടായിട്ടും അവർക്ക് അർഹമായ പരിഗണന നൽകുന്നില്ല.
കോൺഗ്രസ് വിട്ട് സിപിഐ എമ്മിലെത്തിയപ്പോൾ എന്ത് തോന്നുന്നു
തികഞ്ഞ ശാന്തത. സന്തോഷം. കഴിഞ്ഞ മൂന്ന് ദശകങ്ങളായി അനുഭവിച്ച തൊഴുത്തിൽ കുത്തിൽനിന്നും മോചനം നേടി. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..