കോഴിക്കോട്
എഐസിസി മലബാറിലേക്ക് നൽകിയതിൽ ഒരുപെട്ടി പണം കാണാനില്ലെന്ന് പരാതി. സ്ഥാനാർഥിയായ കെപിസിസി ജനറൽ സെക്രട്ടറിക്ക് കൈമാറിയ ഒരു കോടി രൂപയിൽ 30 ലക്ഷമാണ് കാണാതായത്. ആ പണം ചുരം കടന്നോ, അതോ നേതാവിന്റെ പോക്കറ്റിലോ എന്ന് കോൺഗ്രസിൽ ഗ്രൂപ്പ്‌ഭേദമില്ലാതെ ചർച്ചയായി. വയനാട്ടിലും കോഴിക്കോട്ടുമായി നാല് ജനറൽ സെക്രട്ടറിമാരാണ് മത്സരിക്കുന്നത്. ഒരാൾ ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തൻ. മറ്റൊരാളാകട്ടെ രമേശ് ചെന്നിത്തലയുടെ ഇഷ്ടക്കാരൻ. മൂന്നാമനും നാലാമനും ഐയാണെങ്കിലും പുതിയ വകഭേദമാണ്. ഒരാൾക്ക് സീറ്റുറപ്പാക്കിയതിൽ കെപിസിസി പ്രസിഡന്റിനോടാണ് കടപ്പാട്. നാലാമനാകട്ടെ അതുക്കുംമേലെ. എഐസിസി ഭാരവാഹിയുടെ കനിവിൽ സീറ്റ് സ്വന്തമായെന്ന് തുറന്നുപറയുന്നയാൾ. ഈ നാലുപേർക്കും ഫണ്ടിന് മുട്ടില്ല. പിന്നെ ആരാണ് അടിച്ചുമാറ്റിയതെന്ന് എങ്ങനെ പറയുമെന്നാണ് സാധാരണ പ്രവർത്തകരുടെ ചോദ്യം.
എന്നാൽ, ഡിസിസി ഭാരവാഹികളടക്കമുള്ളവരാണ് വെട്ടിപ്പും തട്ടിപ്പും പുറത്തുപറയുന്നത്. കാരണം, നാലിടങ്ങളിലും ഒരുകോടി കെപിസിസി കൊടുത്തതാണ്. കൂടാതെ, കർണാടകഫണ്ട് വേറെയും. എന്നാൽ, ഇതൊന്നും പുറത്തുകാണുന്നില്ലെന്നതിലാണ് ബ്ലോക്ക്– -മണ്ഡലം നേതാക്കളുടെ ആവലാതി. ജില്ലയുടെ ചുമതലയുള്ള ഐഐസിസി ജനറൽ സെക്രട്ടറിക്കും സെക്രട്ടറിക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്.
എ ക്ലാസിന് ഒരുകോടി, ബി ക്ലാസ് മണ്ഡലത്തിന് 50 ലക്ഷം–- ഇതായിരുന്നു ഇത്തവണ കെപിസിസി ഫണ്ട് വീതംവയ്‌പിന്റെ മാനദണ്ഡം. സ്ഥാനാർഥികളായ നേതാക്കളും വൻതോതിൽ പണം പിരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രി, സ്‌കൂൾ ലോബികളിൽനിന്നും ചില വൻകിട കോർപറേറ്റ് ഏജൻസികളിൽനിന്നും ഫണ്ട് ലഭിച്ചതായി ആരോപണമുണ്ട്. ഇത്തരത്തിൽ ലഭിച്ച ഫണ്ടിനെച്ചൊല്ലി നേതാക്കൾ തമ്മിൽ പരസ്‌പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ നടക്കുന്ന ചില വൻകിട പദ്ധതികൾ അട്ടിമറിക്കുന്ന കള്ളപ്രചാരണം നടത്തിയതിനുള്ള പ്രത്യുപകാരമായിട്ടാണ് കോർപറേറ്റ് ഏജൻസികൾ പണം നൽകിയത്. തിരുവനന്തപുരത്തെ ഒരു സ്ഥാനാർഥി കെപിസിസി ഉന്നതന് ഒരു കോടി കൊടുത്തതായും ആരോപണം ഉയർന്നിട്ടുണ്ട്. സ്വന്തം ദയനീയാവസ്ഥ പറഞ്ഞ് ചില സ്ഥാനാർഥികൾ മുസ്ലിംലീഗിന്റെ സഹതാപം നേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..