Advertisement
Latest News

അംബാനി കേസ്: വാസെയുടെ കൂട്ടാളിയായ സ്ത്രീ വിമാനത്താവളത്തിൽ പിടിയിൽ

മുംബൈ വിമാനത്താവളത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവർക്ക് വാസെയുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധമുണ്ടെന്നാണു സൂചന.

മുംബൈ : മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കൾ സഹിതം കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി അടുപ്പമുള്ള യുവതിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുംബൈ വിമാനത്താവളത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവർക്ക് വാസെയുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധമുണ്ടെന്നാണു സൂചന.

ദക്ഷിണ മുംബൈയിൽ വാസെ പതിവായി താമസിച്ചിരുന്ന ഹോട്ടലിൽ യുവതി വന്നുപോകുന്നതിന്റെയും കാറിൽഒരുമിച്ചു യാത്ര ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കഴിഞ്ഞ മാസം വാസെയുടെ ബെൻസ് കാറിൽ നിന്നു കണ്ടെടുത്ത നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചിരുന്നത് ഇവരാണെന്നും സൂചനയുണ്ട്. കേസിൽ കൂടുതൽ പൊലീസുകാരെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

പഞ്ചനക്ഷത്ര ഹോട്ടലിൽ വാസെ 100 ദിവസത്തിലേറെ താമസിച്ചതിന്റെ രേഖകൾ പുറത്തുവന്നിരിക്കെ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തിയിരുന്നത് ഹോട്ടൽ കേന്ദ്രീകരിച്ചാണെന്നാണു വിവരം. വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണു ഹോട്ടലിൽ താമസിച്ചിരുന്നത്.

താമസച്ചെലവായ 12 ലക്ഷത്തിലേറെ രൂപ ജ്വല്ലറി ഉടമയാണ് അടച്ചത്. വാസെയ്ക്കും സംഘത്തിനും സിം കാർഡുകൾ ഗുജറാത്തിൽ നിന്നു സംഘടിപ്പിച്ചതിന് ദക്ഷിണ മുംബൈയിലെ സോഷ്യൽ ക്ലബിന്റെ ഉടമയെ എൻഐഎ ചോദ്യം ചെയ്തു.

Related Articles

Post Your Comments


Back to top button