കൊച്ചി> പ്രതിപക്ഷ നേതാവിന്റെ പ്രതിദിന ആക്ഷേപ പരിപാടി കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിനെ വിജയിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുതമല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പരാജയഭീതികൊണ്ടാണ് പ്രതിപക്ഷനേതാവ് പ്രതിദിന വ്യാജ പ്രചാരണ പരിപാടി നടത്തുന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫ് 2016 നേക്കാള്‍ ഭൂരിപക്ഷം നേടുമെന്നും വിജയരാഘവന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് സഹായത്തോടെ കഴിഞ്ഞതവണ നേമത്ത് ഉണ്ടായ വിജയം ബിജെപിക്ക് ഇത്തവണ ആവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ആത്മവിശ്വാസം നഷ്ടമായതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം വ്യാജവോട്ടുകൊണ്ടാണെന്ന് ആരോപിക്കുന്നത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അല്ലാതെ ആര്‍ക്കെങ്കിലും എതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നില്ല. കേരളത്തില്‍ സമാധാനവും വികസനവും നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഒന്നാമതായതും ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. എല്‍ഡിഎഫിനു മാത്രമേ ഈ ദിശയില്‍ കേരളത്തെ നയിക്കാനാകൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
വികസനത്തിനും മതനിരപേക്ഷതയ്ക്കും എല്‍ഡിഎഫ് തുടരണമെന്നാണ് ജനങ്ങളുടെ നിലപാട്. സംഘ പരിവാര്‍ സഹായത്തോടെ എല്‍ഡിഎഫ് തടര്‍ഭരണം തടയാനാകുമോ എന്ന യുഡിഎഫ് ശ്രമവും വിയജിക്കില്ല.
പൗരത്വനിയമം നടപ്പാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുമ്പോള്‍ ഇതിനുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കാമെന്നാണ് ലീഗ് സ്ഥാനാര്‍ഥി പറയുന്നത്. ഇതിനെ തള്ളിപറയാന്‍പോലും മുസ്ലിംലീഗും യുഡിഎഫ് നേതാക്കളും തയ്യാറാവുന്നില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം ഭാഷ മാറ്റി ആവര്‍ത്തിക്കുന്നതല്ലാതെ ബിജെപിക്കെതിരെ ഒരക്ഷരം പറയാന്‍പോലും പ്രചാരണത്തിനെത്തിയ രാഹുലിനോ പ്രിയങ്കയ്ക്കോ കഴിഞ്ഞില്ല. ബിജെപിയുടെയും മറ്റു വര്‍ഗീയ ശക്തികളുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ അവര്‍ക്ക് കഴിയുമോ?
കേരളത്തില്‍ പ്രധാനമന്ത്രി വന്നിട്ട് ഒരു വികസന കാര്യവും സംസാരിച്ചില്ല. സാധാരണ രാഷ്ര്ട്രീയ പ്രസംഗത്തിനപ്പുറം വികസനത്തിനുള്ള രാജ്യ തന്ത്രജ്ഞത ഒന്നും കേള്‍ക്കാനായില്ല. എയിംസ് പോലെ കേന്ദ്രപരിഗണയിലുള്ള ഒരാവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മിണ്ടിയില്ല-എ വിജയരാഘവന്‍ പറഞ്ഞു.
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..