പാലക്കാട്
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പാലക്കാട് പോക്‌സോ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് കുട്ടികളുടെയും മരണം രണ്ട് എഫ്‌ഐആറായാണ് രജിസ്‌റ്റർ ചെയ്‌തത്.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ. സംസ്ഥാന സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയും ഉത്തരവിട്ടിട്ടുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.
2017 ജനുവരി, മാർച്ച് മാസങ്ങളിലാണ് 13ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ നാല് പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികളുടെ അമ്മയും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ കോടതിവിധി റദ്ദാക്കിയ ഹൈക്കോടതി, കേസ് സിബിഐ ഏറ്റെടുക്കണമെന്നും ഉത്തരവിട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്ന പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം സർക്കാരും അംഗീകരിച്ചതോടെയാണ് കേസിൽ പെട്ടെന്ന് ഉത്തരവുണ്ടായത്. ജനുവരിയിൽ വിധി വന്നിട്ടും കേസ് ഏറ്റെടുക്കുന്നതിൽ സിബിഐ കാലതാമസം വരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..