കായംകുളം
യുഡിഎഫ് സ്ഥാനാർഥിയുടെ വീട്‌തകർക്കൽ നാടകം ക്രിമിനൽ ഗൂഢാലോചനയെന്ന് എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി. ഇതിനുപിന്നിലെ യഥാർഥപ്രതികളെ അറസ്റ്റ് ചെയ്യണം. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ യുഡിഎഫ് ബന്ധം പരസ്യമാണ്. പ്രിയങ്കഗാന്ധി കായംകുളത്ത് എത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇയാളും സ്വീകരിക്കാനെത്തിയതിന്റെ ചിത്രം പുറത്തുവന്നു. യുഡിഎഫ് നടത്തിയ വീട് ആക്രമണനാടകം ഇതോടെ പൊളിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംഘർഷാത്മകമാക്കാൻ യുഡിഎഫ് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് ജനകീയ പ്രതിഷേധം ഉയർത്തും. അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും.
തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി എൽഡിഎഫ് നേടുന്ന വിജയം അട്ടിമറിക്കാൻ ഇല്ലാക്കഥകളും നുണകളും നിരത്തുന്ന യുഡിഎഫിന്റ ഹീനശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയും. അഞ്ചുവർഷം അഭിമാനകരമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയുടെ വിജയം സുനിശ്ചിതമാണ്. എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് യുഡിഎഫ് നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വീട് ആക്രമിച്ചെന്ന പച്ചക്കള്ളവും.
പാർക്ക് ജങ്ഷൻ പാലത്തിന്റെ നിർമാണം യുഡിഎഫ് തടഞ്ഞതും നുണപ്രചാരണത്തിലൂടെയെന്ന് തെളിഞ്ഞിരുന്നു. മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവന്നതോടെ കള്ളക്കഥ പൊളിഞ്ഞത്. ഇത്തരം നുണകൾക്ക് അൽപ്പായുസേയുള്ളൂവെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എൻ സുകുമാരപിള്ള, സെക്രട്ടറി എം എ അലിയാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.സജു ഇടയ്ക്കാടും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..