02 April Friday
പുതുക്കിയ ശമ്പളവും പെൻഷനും നാളെമുതൽ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌ 90.51 ശതമാനം ; ഒരു ജില്ലാ പഞ്ചായത്തുൾപ്പെടെ 
433 തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021


തിരുവനന്തപുരം
കോവിഡ്‌ കാലത്തും പദ്ധതി ചെലവിൽ ചരിത്രം സൃഷ്‌ടിച്ച്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ.  2020–-21 സാമ്പത്തികവർഷം 90.51 ശതമാനമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌. 30വരെ സമർപ്പിച്ച മുഴുവൻ ബില്ലകളും മാറി. അതിനുശേഷം സമർപ്പിച്ച ബില്ലുകളും  പരിഗണിച്ചാൽ (പെന്റിങ്‌ ബില്ലുകൾ) 94.91 ശതമാനമാണ്‌ പദ്ധതി ചെലവ്‌.  6586 കോടി രൂപയാണ്‌  ചെലവഴിച്ചത്‌. ഈ തുകയുപയോഗിച്ച്‌  2,24,445 പദ്ധതി നടപ്പാക്കി‌. ഒരു ജില്ലാ പഞ്ചായത്തുൾപ്പെടെ  433 തദ്ദേശഭരണ സ്ഥാപനം  നൂറ്‌ മേനി കൊയ്‌തു. ഇതിൽ  377 എണ്ണവും ഗ്രാമപഞ്ചായത്താണ്‌. ബ്ലോക്ക് പഞ്ചായത്ത്‌ 33 എണ്ണവും മുനിസിപ്പാലിറ്റി 22 എണ്ണവുമാണ്‌. കണ്ണൂരാണ്‌ നൂറുശതമാനം തുക ചെലവഴിച്ച ജില്ലാ പഞ്ചായത്ത്‌. 

ഗ്രാമപഞ്ചായത്തുകളുടെ ശരാശരി പദ്ധതി ചെലവ് 96.55  ശതമാനമാണ്‌. ബ്ലോക്ക് പഞ്ചായത്തുകളുടേത് 95.17, ജില്ലാ പഞ്ചായത്തുകളുടേത്‌  92.14,   മുനിസിപ്പാലിറ്റികളുടേത്‌  90.78,   കോർപറേഷനുകളുടേത്‌  67.53 ശതമാനവുമാണ്‌.   വികസനഫണ്ട് മുഴുവൻ ചെലവഴിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികമായി 543.00 കോടി രൂപ സർക്കാർ പ്രത്യേകമായി നൽകിയിരുന്നു.  പ്രളയക്കെടുതിയെ നേരിടുന്നതിനായി 2019–-20ൽ 250 കോടി രൂപ പ്രളയ ബാധിത ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകി  ഈ തുക ചെലവഴിക്കാൻ കഴിയാത്ത ഗ്രാമപഞ്ചായത്തുകൾക്ക് 212.50 രൂപ വീണ്ടും അനുവദിച്ചു. മുൻ വർഷങ്ങളിൽ ധനകാര്യ കമീഷൻ ഗ്രാന്റിൽ ചെലവഴിക്കാതെ ലാപ്സായ 942 കോടി രൂപ ഈ വർഷം വീണ്ടും നൽകി.  ആകെ 1697.50 കോടി രൂപ അധികമായി ഈ വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകി.


 

പദ്ധതി ചെലവിൽ അഭിമാനം ; ബില്ലുകൾക്ക്‌ മുൻഗണന: ഐസക്‌
അവസാന ദിവസങ്ങളിൽ സമർപ്പിച്ചതും മാറിയിട്ടില്ലാത്തതുമായ ചുരുക്കം തദ്ദേശ സ്ഥാപന ബില്ലുകൾക്ക്‌ മാസാദ്യം പണം നൽകുമെന്ന്‌  മന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. വെല്ലുവിളികൾക്കിടയിലും സംസ്ഥാന തദ്ദേശ സ്ഥാപന പദ്ധതി ചെലവ്‌ 80 ശതമാനം കഴിഞ്ഞതിൽ സർക്കാരിന്‌ അഭിമാനമുണ്ട്. പകുതിയിലേറെ സ്ഥാപനങ്ങൾ നൂറുശതമാനത്തിലധികം പദ്ധതി വിഹിതം ചെലവിട്ടു.  മാർച്ച്‌ 31ന്‌  ട്രഷറി കംപ്യൂട്ടർ ശൃഖലയിലെ തിരക്കുകാരണം ചില ഇടപാടുകാർക്ക്‌ നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കും. ഈ ബില്ലുകൾക്ക്‌ ശമ്പള വിതരണ തീയതിക്കുശേഷം പണം നൽകും.

പുതുക്കിയ ശമ്പളവും പെൻഷനും നാളെമുതൽ
പരിഷ്‌കരിച്ച ശമ്പളവും പെൻഷനും നൽകാനുള്ള മുന്നൊരുക്കങ്ങൾ  പൂർത്തിയായതായി ധനമന്ത്രി വ്യക്തമാക്കി. ആദ്യദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെൻഷൻകാർക്ക് വിതരണം നടത്താനുള്ള തുക ട്രഷറികളിൽ സൂക്ഷിച്ചിട്ടുണ്ട്‌. ശമ്പള, പെൻഷൻ വിതരണം മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ബാങ്ക് അക്കൗണ്ടുവഴി നേരിട്ടുള്ള പെൻഷൻ എല്ലാവരിലുമെത്തി. സാമൂഹ്യസുരക്ഷാ പെൻഷനുള്ള തുക എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും നൽകി. മിക്കവാറും സംഘങ്ങൾ സർക്കാർ വിഹിതം ലഭിക്കുന്നതിനുമുന്നേ ക്ഷേമ പെൻഷൻ വിതരണം പൂർത്തിയാക്കിയത്‌  സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top