Advertisement
Latest NewsNewsIndiaCrime

മാങ്ങ മോഷണം നടത്തി എന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

ഹൈദരാബാദ്: തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ പശുവിന്റെ ചാണകം നിര്‍ബന്ധിച്ച് തീറ്റിച്ചതായും പരാതിയില്‍ പറഞ്ഞിരിക്കുന്നു.

മെഹബൂബാബാദിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മാവിന്‍ത്തോട്ടത്തില്‍ ഒളിച്ചുകയറി മാങ്ങ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 13ഉം 16ഉം വയസുള്ള ആണ്‍കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു. തോട്ടത്തിന്റെ കാവല്‍ക്കാരാണ് കുട്ടികളെ പിടികൂടിയിരിക്കുന്നത്. തുടര്‍ന്ന് കെട്ടിയിട്ട് വടി കൊണ്ട് തല്ലുകയായിരുന്നു ഉണ്ടായത്. അതിനിടെ ചാണകം നിര്‍ബന്ധിച്ച് തീറ്റിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ രണ്ടു കാവല്‍ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അന്യായമായി തടവിലാക്കി, മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പൊലീസ് അന്വേഷണം തുടരുന്നത്. കാണാതായ വളര്‍ത്തുനായയെ തേടിയാണ് തോട്ടത്തില്‍ കടന്നതെന്നും മാങ്ങ മോഷ്ടിച്ചിട്ടില്ലെന്നും കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.

Related Articles

Post Your Comments


Back to top button