ആയിരക്കണക്കിന് ഇരട്ട സഹോദരങ്ങളെയും ഒരേപേരുകാരെയും വ്യാജന്മാരായി ചിത്രീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാപക പരാതി. ചെന്നിത്തല ബുധനാഴ്ച വെബ്സൈറ്റിലിട്ട വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടും ഇരട്ടവോട്ടുമായി ചിത്രീകരിച്ചതില്‍ കൂടുതലും ഇരട്ട സഹോദരങ്ങളാണെന്ന് പുറത്തുവന്നു. വ്യാജ വോട്ടറായി ചിത്രീകരിച്ചതിനെതിരെ പാലക്കാട് യുവാവ് പൊലീസില്‍ പരാതി നല്‍കി. മറ്റ് സ്ഥലങ്ങളിലും സഹോദരങ്ങള്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാക്കളും ഒരേ പേരുള്ളവരും ചെന്നിത്തലയുടെ വ്യാജ വോട്ടര്‍മാരുടെ പട്ടികയിലുണ്ട്.
"ഞങ്ങള്‍ മൂന്നു സഹോദരങ്ങള്‍; വ്യാജവോട്ടാക്കല്ലേ'
കുറവിലങ്ങാട് > മൂന്നു സഹോദരങ്ങളെയും ഇരട്ടവോട്ട് പട്ടികയില്‍പ്പെടുത്തി അപമാനിച്ച ചെന്നിത്തലയ്ക്കെതിരെ സൈനികന്റെ മക്കള്‍. ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നു സഹോദരന്മാരെയാണ് ചെന്നിത്തല കള്ളവോട്ടര്‍മാര്‍ എന്ന പേരില്‍ അപമാനിച്ചത്. സംഭവത്തില്‍ മൂന്ന് സഹോദരന്മാരില്‍ ഒരാള്‍ പ്രതിപക്ഷനേതാവിനെതിരെ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി രൂക്ഷമായി പ്രതിഷേധിച്ചു.
കടപ്പൂര് കിഴക്കേതില്‍ വിമുക്തഭടന്‍ പരേതനായ ബാബുകുമാര്‍-- രത്നമ്മ ദമ്പതികളുടെ മൂന്ന് മക്കളെയാണ് ചെന്നിത്തലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നു സഹോദരന്മാരില്‍ ഖത്തറിലുള്ള അജിത് കുമാറാണ് എഫ്ബി പോസ്റ്റിട്ടത്. രത്നമ്മയുടെ ഒറ്റ പ്രസവത്തില്‍ മൂന്നുകുട്ടികള്‍ ജനിച്ചതിനെ കുറിച്ച് പത്രങ്ങളില്‍ ഒന്നാം പേജില്‍ വാര്‍ത്ത സഹിതമാണ് പോസ്റ്റ്. കടപ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 161ാം നമ്പര്‍ ബുത്തിലെ വോട്ടര്‍മാരായ ഇവര്‍ മൂന്നുതവണ പേര് ചേര്‍ത്തതായാണ് പ്രതിപക്ഷനേതാവിന്റെ വെബ്സൈറ്റിലുള്ളത്.
അജിത് കുമാറിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ.... 'പ്രതിപക്ഷനേതാവ് ഇറക്കിയ നാല് ലക്ഷം കള്ളവോട്ടര്‍മാരില്‍ മൂന്നുപേര്‍ ആവാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. പക്ഷെ എല്ലായ്പ്പോവും സംഭവിക്കുന്നതുപോലെ ഈ വെടിയും ചീറ്റിപ്പോയി എന്ന് വ്യസനസമേതം അറിയിച്ചു കൊളളുന്നു. അങ്ങ് ഇങ്ങനെ പറ്റിക്കപ്പെടാന്‍ മാത്രമുള്ള പ്രതിപക്ഷനേതാവിയി തുടരുന്നു എന്നകാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് എന്ന ബഹുമാനം എന്നും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നു'.
തൊടുപുഴയിലെയും ഉടുമ്പന്‍ചോലയിലെയും ഇരട്ടകളെ ഇരട്ടവോട്ടുകാരാക്കി
തൊടുപുഴ > ഇരട്ടകളായി പിറന്നവരെ ഇരട്ടവോട്ടുള്ള വ്യാജന്‍മാരാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വലിയ തെരഞ്ഞെടുപ്പ് അഴിമതി താന്‍ പിടികൂടിയെന്ന് ഏറെ കൊട്ടിഘോഷിച്ച് രമേശ് ചെന്നിത്തല അവതരിപ്പിച്ച വെബ്സൈറ്റിലാണ് ഇരട്ടകളെ ഇരട്ടവോട്ടുള്ളവരാക്കിയത്.
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ബൂത്ത് 45 ലെ ക്രമനമ്പര്‍ 204 അമല്‍ ബൈജു, 205 അഖില്‍ ബൈജു എന്നീ ഇരട്ടസഹോദരങ്ങളുടെ വോട്ട്, ഇരട്ടവോട്ടായി രമേശ് ചെന്നിത്തല ബെബ്‌സൈറ്റില്‍ നല്‍കി. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളില്‍ ഇരട്ടിപ്പില്ല.
തൊടുപുഴ മണ്ഡലത്തിലെ വണ്ണപ്പുറം പഞ്ചായത്ത് 40-ാം നമ്പര്‍ ബൂത്തിലെ ക്രമനമ്പര്‍ 348 മിഷാല്‍ ബഷീര്‍, 349 മിഷാരി ബഷീര്‍ എന്നിവരുടെ പേരുകളും ഇരട്ടവോട്ടാണെന്ന് ആക്ഷേപിക്കുന്നു. ഇരട്ടസഹോദരിമാരായ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്.
വൈക്കത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും ഇരട്ട വോട്ട്
കോട്ടയം > വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി സെക്രട്ടറിയുമായ പി ആര്‍ സോനയ്ക്ക് ഇരട്ടവോട്ട്. കോട്ടയം മുന്‍ നഗരസഭാ ചെയര്‍പേഴസ്ണും നിലവില്‍ കൗണ്‍സിലറുമാണ് സോന. ഇപ്പോള്‍ താമസിക്കുന്ന കോട്ടയം നഗരസഭ ഒമ്പതാം വാര്‍ഡിലും കുടുംബവീടായ നോര്‍ത്ത് പറവൂര്‍ മണ്ഡലത്തിലുമാണ് വോട്ടുള്ളത്. കോട്ടയം കുമാരനല്ലൂര്‍ എസ്എച്ച്മൗണ്ട് സെന്റ് മാര്‍സെലിനാസ് സ്‌കൂളലെ 26ാം ബൂത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ നോര്‍ത്ത് പറവൂര്‍ മണ്ഡല പരിധിയിലെ ഏഴിക്കര ഗവ. എല്‍പി സ്‌കൂളായ 150ാം നമ്പര്‍ ബൂത്തിലും വോട്ടുണ്ട്. സോനയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ട്.
യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കള്‍ക്ക് ഇരട്ടവോട്ട്
കൊല്ലം > ഏറെ കൊട്ടിഘോഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടു ആരോപണം കൊല്ലം ജില്ലയിലും കോണ്‍ഗ്രസിന് ബൂമറാങ്ങാകുന്നു. യഥാര്‍ഥ വോട്ടര്‍മാരെ കള്ളവോട്ടര്‍മാരാക്കി ചിത്രീകരിച്ചത് താഴേത്തട്ടിലെ യുഡിഎഫ് പ്രചാരണത്തിന് തിരിച്ചടിയാകുന്നു.
ഇരട്ട സഹോദരങ്ങളുടെ ഉള്‍പ്പെടെയുള്ള വോട്ട് കള്ളവോട്ടായി ചിത്രീകരിച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കത്തില്‍ യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളും പെട്ടു. ജില്ലയില്‍ 11581 ഇരട്ടവോട്ടാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയത്. ഇരവിപുരത്താണ് കൂടുതല്‍- 1798. കുണ്ടറയില്‍- 1740. ഏറ്റവും കുറവ് 351 വോട്ടുള്ള പുനലൂരിലാണ്. പത്തനാപുരം മണ്ഡലത്തില്‍ 415, പുനലൂര്‍- 430, കുന്നത്തൂര്‍- 380 എന്നിങ്ങനെയും ഇരട്ടവോട്ട് കണ്ടെത്തി.
കെഎസ്യു പത്തനാപുരം മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് അബീന്‍, യൂത്ത് കോണ്‍ഗ്രസ് കുണ്ടയം വാര്‍ഡ് പ്രസിഡന്റ് മുനീര്‍ എന്നിവര്‍ക്ക് മണ്ഡലത്തിലെ 27-ാം നമ്പര്‍ ബൂത്തില്‍ ഇരട്ടവോട്ടുണ്ട്. വീട്ടുനമ്പര്‍ 13/228ല്‍ ചരുവിളവീട് എന്ന വിലാസത്തില്‍ മുനീറിന്റെ പേര് മുനീര്‍ ആര്‍ ചരുവിയെന്നും മറ്റൊന്നില്‍ മുനീര്‍ ആര്‍ എന്നുമാണുള്ളത്. മുഹമ്മദ് അബീന് ഒരേ വിലാസമാണ് രണ്ടു ക്രമനമ്പരിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേരിട്ടുള്ള പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ് ഇരട്ടവോട്ടിനു കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. വോട്ട് ചേര്‍ക്കാനും മണ്ഡലം മാറ്റാനും ലഭിച്ചിരുന്ന അപേക്ഷ പലതും ഇത്തരത്തില്‍ പരിഹരിക്കപ്പെടാത്തതാണ് ഇരട്ടിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇരട്ടവോട്ട് കണ്ടെത്തി പട്ടിക തയ്യാറാക്കാന്‍ ബിഎല്‍ഒമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്. ഇത്തരത്തില്‍ കണ്ടെത്തുന്ന ഇരട്ടവോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടികയാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു കൈമാറുക. പട്ടികയുടെ പകര്‍പ്പ് രാഷ്ട്രീയ പാര്‍ടികള്‍ക്കും നല്‍കും. ഇരട്ടവോട്ട് കൂടുതലുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഇരട്ടവോട്ടുള്ളവരെ നിലവില്‍ താമസിക്കുന്ന പ്രദേശത്തെ ബൂത്തിലെ വോട്ടു മാത്രമേ ചെയ്യാന്‍ അനുവദിക്കൂ.
കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള ഇരട്ട സഹോദരങ്ങളെയും കള്ളവോട്ടര്‍മാരാക്കി
സ്വന്തം ലേഖകന്‍
അഞ്ചല്‍ > കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള ഇരട്ട സഹോദരങ്ങളെയും കള്ളവോട്ടര്‍മാരാക്കി രമേശ് ചെന്നിത്തലയുടെ 'ഓപറേഷന്‍'. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗവും മുന്‍ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ഇരട്ടസഹോദരനെ അടക്കമാണ് ചെന്നിത്തല കള്ളവോട്ടറാക്കിയത്.
പുനലൂര്‍ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 13ല്‍ 389, 390 ക്രമനമ്പരുകളിലുള്ള ഇരട്ട സഹോദരങ്ങളായ റെജി കോശി, സജി കോശി എന്നിവരുടേത് കള്ളവോട്ടായാണ് ചെന്നിത്തല തയ്യാറാക്കിയ വെബ്സൈറ്റില്‍ പറയുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂര്‍ വാര്‍ഡ് അംഗമാണ് റെജി കോശി (രാജീവ് കോശി). ഇദ്ദേഹം കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റും ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമാണ്. മറ്റൊരു ഇരട്ടകളായ ഏറം പുത്തന്‍വിള വീട്ടില്‍ എ എല്‍ ജിസ്ലി, എ എല്‍ ജിന്‍സി എന്നിവരുടേതും കള്ളവോട്ടാണെന്ന് വെബ്സൈറ്റ് പറയുന്നു.

രമേശ് ചെന്നിത്തല ഇരട്ട വോട്ടുകാര്‍ എന്ന് ആരോപിച്ച ഇരട്ട സഹോദരങ്ങളായ റെജി കെ കോശി, സജി കെ കോശി എന്നിവരുടെ പേര്‍ വോട്ടര്‍ പട്ടികയില്‍
പുനലൂര്‍ മണ്ഡലം ബൂത്ത് നമ്പര്‍ 52ല്‍ 80, 81 എന്ന ക്രമനമ്പരുകളിലാണ് ജിസ്ലിക്കും ജിന്‍സിക്കും വോട്ട്. ഇതാണ് ഇരട്ടവോട്ടുകളായി കാണിച്ച് കള്ളവോട്ടാക്കിയത്. ജിസ്ലിയുടെയും ജിന്‍സിയുടെയും പേര് കേട്ടാല്‍ സ്ത്രീകളാണോയെന്ന് സംശയം ഉണ്ടാകുമെന്നതിനാല്‍ ബിഎല്‍ഒ അന്വേഷണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ അന്തിമമായി ഇറക്കിയ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഇല്ലെന്നിരിക്കെയാണ് വോട്ടര്‍മാരെ കള്ളവോട്ടര്‍മാരാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ ഇരട്ടിച്ചിട്ടില്ല.
ബൂത്ത് 13ല്‍ ഇടമുളയ്ക്കല്‍ ഷൈലാ മന്‍സിലില്‍ ക്രമനമ്പര്‍ 1188 ബാനിസ ബി, ക്രമനമ്പര്‍ 1189 ബാസിന ബി എന്നീ ഇരട്ട സഹോദരങ്ങളും ബൂത്ത് 52 ല്‍ ക്രമനമ്പര്‍ 1233 എസ് ഷെഹന, 1246 എസ് ഷെഹീന എന്നിവരും ഇരട്ട സഹോദരങ്ങളാണ്. എന്നാല്‍ ഇവരും ഇരട്ടവോട്ടുള്ളവരാണെന്നാണ് ചെന്നിത്തല പറയുന്നത്.
ഐഎൻടിയുസി നേതാവിനും ഭാര്യക്കും പറവൂരിൽ ഇരട്ടവോട്ട്
സ്വന്തം ലേഖകൻ
പറവൂർ > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ട് വിഷയത്തിൽ ഉന്നയിച്ച ആക്ഷേപം പറവൂരിൽ ചെന്നിത്തലയുടെ ഗ്രൂപ്പ് നേതാവിനെത്തന്നെ തിരിഞ്ഞുകുത്തി. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും കോൺഗ്രസ് പറവൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സാജു തോമസിനും ഭാര്യ ബിന്ദുവിനും ഇരട്ടവോട്ട്. പറവൂർ മണ്ഡലത്തിലെ 101–--ാം നമ്പർ ബൂത്തിലും ഇതേ മണ്ഡലത്തിലെ 99–--ാം നമ്പർ ബൂത്തിലുമാണ് ഇരുവർക്കും വോട്ട്. രണ്ടിടത്തും പ്രത്യേകം തിരിച്ചറിയൽ കാർഡുമുണ്ട്.
ഇവർ താമസിക്കുന്ന സ്ഥലത്തെ 101–-ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിൽ ക്രമനമ്പർ 976 സാജു തോമസും 979 ഭാര്യ ബിന്ദു സാജുവുമാണ്. കാഞ്ഞൂത്തറ എന്നാണ് വീട്ടുപേര്. ഈ വോട്ടർപട്ടികയിൽ സാജുവിന്റെ തിരിച്ചറിയൽ കാർഡ് നമ്പർ ഡബ്ല്യുഎച്ച്‌എൽ 0537739 ആണ്. എൽഐജി 1376771 ആണ് ബിന്ദുവിന്റെ തിരിച്ചറിയൽ കാർഡ്. എന്നാൽ, ഇതേ മണ്ഡലത്തിലെ 99–--ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിൽ സാജു തോമസിന്റെ ക്രമനമ്പർ 652ഉം തിരിച്ചറിയൽ കാർഡ് നമ്പർ ഡബ്ല്യുഎച്ച്‌എൽ 0676080, ക്രമനമ്പർ 653 ആയ ബിന്ദുവിന്റെ തിരിച്ചറിയിൽ കാർഡിന്റെ നമ്പർ ഡബ്ല്യുഎച്ച്‌എൽ 0676072 ആണ്.
രണ്ടു ബൂത്തിലുമുള്ള വോട്ടർപട്ടികയിൽ വീട്ടുനമ്പരുകൾ വ്യത്യസ്തമാണ്. സ്ഥാനാർഥിയായ വി ഡി സതീശന്റെ അടുത്ത അനുയായിയും ഐ ഗ്രൂപ്പ് നേതാവുമായ സാജു തോമസിനും ഭാര്യക്കും ഇരട്ടവോട്ട് എങ്ങനെ വന്നുവെന്ന് മറുപടി പറയാൻ സ്ഥാനാർഥി ബാധ്യസ്ഥനാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ഒരേപേരുകാരെയും ചെന്നിത്തല കള്ളവോട്ടര്‍മാരാക്കി
സ്വന്തം ലേഖകർ
കൊച്ചി > ഇരട്ടസഹോദരങ്ങളെയും ഒരേ പേരുകാരെയും കള്ളവോട്ടർമാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവിന്റെ ഓപ്പറേഷൻ ട്വിൻസ് വെബ്‌സൈറ്റ് എറണാകുളം ജില്ലയിലെ പല വോട്ടർമാരെയും കള്ളവോട്ടർമാരാക്കി. കോതമംഗലത്തും ആലുവയിലും ഇരട്ടസഹോദരങ്ങളെ കള്ളവോട്ടർമാരാക്കി. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. എന്നാൽ, സ്വന്തം പാർടി സ്ഥാനാർഥികളായ എൽദോസ് കുന്നപ്പിള്ളിക്കും പത്മജ വേണുഗോപാലിനും ഇരട്ടവോട്ടുണ്ടായിട്ടും വെബ്‌സൈറ്റിൽ കാണിച്ചിട്ടുമില്ല.
കോതമംഗലം മണ്ഡലത്തിലെ 154-ാംനമ്പർ മണിമരുതുംചാൽ ബൂത്തിലെ വോട്ടർപട്ടികയിൽ 34, 35 ക്രമനമ്പറുള്ള ഇരട്ടസഹോദരങ്ങളായ അക്ഷയ്, അഭിഷേക് എന്നിവരെ ചെന്നിത്തലയുടെ വെബ്‌സൈറ്റിൽ കള്ളവോട്ടർമാരായാണ് ചിത്രീകരിച്ചത്. തങ്ങളെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്ന് ഇവരുടെ സഹോദരൻ അമൽഘോഷ് ആവശ്യപ്പെട്ടു.
ആലുവ മണ്ഡലത്തിലെ 75-ാംബൂത്തിലെ (തുരുത്ത്) കന്നിവോട്ടർമാരായ കൊമ്പത്തുവീട്ടിൽ കെ ബി അക്ഷയ്, കെ ബി അജയ് എന്നീ ഇരട്ടസഹോദരങ്ങളുടെ വോട്ടുകളും കള്ളവോട്ടാണെന്ന് ചെന്നിത്തല പറയുന്നു. കൃത്യമായി അന്വേഷിക്കാതെ തങ്ങളെ കള്ളവോട്ടർമാരായി ചിത്രീകരിച്ച ചെന്നിത്തലയുടെ നിലപാടിൽ പ്രതിഷേധമുണ്ടെന്ന് ഇരുവരും പറഞ്ഞു.
പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മയ്‌ക്കും മൂവാറ്റുപുഴ മാറാടിയിലും പെരുമ്പാവൂർ പുല്ലുവഴിയിലും വോട്ടുള്ളത് മറച്ചുവച്ചു. പത്മജ വേണുഗോപാലിന് തൃശൂരിലും തൃക്കാക്കരയിലും വോട്ടുണ്ടെങ്കിലും ചെന്നിത്തല മറച്ചുവച്ചു. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജ തൃശൂരിലും വോട്ട് ചേർത്തതായി നേരത്തേ രേഖകൾ പുറത്തുവന്നതാണ്. പത്മജയുടെ മകൻ കരുൺ മേനോനും ഇതേ ബൂത്തുകളിൽ വോട്ടുണ്ട്.
സ്വന്തം പാർടിക്കാരോടുള്ള ഈ കരുതൽ പക്ഷേ, ഘടകകക്ഷിയോട് കാണിച്ചിട്ടില്ല. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബന്ധുക്കളുടെ ഇരട്ടവോട്ട് വെബ്‌സൈറ്റിലുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിയുടെ മകൻ അബ്ദുൾ റഹ്മാനും അദ്ദേഹത്തിന്റെ ഭാര്യ നസീമയ്‌ക്കും നാല് വോട്ടുവീതമുണ്ട്.
ഇരട്ടകളാണ്, ഇരട്ട വോട്ടല്ല
സ്വന്തം ലേഖിക
തൃശൂർ > ഇരട്ടകളായവരെ കള്ളവോട്ടുകാരാക്കി "ഓപ്പറേഷൻ ട്വിൻസ്' എന്ന പേരിൽ യുഡിഎഫ് പുറത്തിറക്കിയ ഇരട്ടവോട്ട് ലിസ്റ്റ്. കയ്പമംഗലം മണ്ഡലത്തിൽ ബൂത്ത് നമ്പർ 39ൽ ക്രമനമ്പർ 189ലെ ടി എസ് അഭയ്‌ക്ക് അതേ ബൂത്തിലെ ക്രമ നമ്പർ 190ൽ വേറെ വോട്ടുണ്ടെന്നാണ് ചെന്നിത്തല പുറത്തുവിട്ട ലിസ്റ്റിൽ പറയുന്നത്. എന്നാൽ, ക്രമനമ്പർ 190ലുള്ളത് അഭയ്‌യുടെ ഇരട്ട സഹോദരൻ ടി എസ് അമലാണ്. ഇവരുടെ പേരുകൾ ഇതേ ലിസ്റ്റിൽ സമാനമായി മറ്റൊരു പേജിൽ ഇരട്ടിച്ചിട്ടുമുണ്ട്.
വടക്കാഞ്ചേരി മണ്ഡലത്തിലെ ബൂത്ത് 134ലെ ഇരട്ടിച്ചതായി പറയുന്ന മൂന്ന് കേസുകളും ഇരട്ടസഹോദരങ്ങളുടേതാണ്. ആദ്യ സെറ്റിൽ പറയുന്ന കീർത്തനയും (ക്രമ നമ്പർ 450) കീർത്തിയും (ക്രമ നമ്പർ 451), രണ്ടാം സെറ്റിലെ റിയ തോമസും (ക്രമ നമ്പർ 660) ഷിമ തോമസും (ക്രമ നമ്പർ 661) ഇരട്ട സഹോദരിമാരാണ്. മൂന്നാം സെറ്റിൽ പറയുന്ന ഈ ബൂത്തിലെ ബാബുവും (ക്രമ നമ്പർ 473) ഇതേ മണ്ഡലത്തിലെ ബൂത്ത് എട്ടിലെ ബാബുവും (ക്രമ നമ്പർ 831) വ്യത്യസ്ത മതക്കാരും പത്തു വയസ്സിന്റെ വ്യത്യാസമുള്ളവരുമാണ്.
മണ്ണഴിമനയിൽ പുതുശേരി പി എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മക്കളും ഇരട്ട സഹോദരങ്ങളുമായ പി എം ശശി (ക്രമനമ്പർ 573), പി എം രവി (ക്രമനമ്പർ 574) എന്നിവരെയും കള്ളവോട്ട് പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ചേലക്കര മണ്ഡലത്തിലെ ബൂത്ത് നമ്പർ 29 ലാണ് ഇവരുടെ പേരുകളുള്ളത്.
ഈ പത്തുപേരും വ്യത്യസ്ത വ്യക്തികളാണെന്ന് വ്യക്തമാണ്. എന്നാൽ, യുഡിഎഫ് ഇവരുടെ വ്യക്തിവിവരങ്ങൾ ദുരുദ്ദേശ്യത്തോടെയാണ് പരസ്യപ്പെടുത്തിയത്. ഇത്തരത്തിൽ ഇരട്ട സഹോദരങ്ങളുടെ പേരുകൾ കള്ളവോട്ട് എന്ന പേരിൽ ലിസ്റ്റിലുൾപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇതോടെ വെളിവായി.
ചെന്നിത്തലയ്‌ക്കെതിരെ നടപടി വേണമെന്ന് സഹോദരങ്ങൾ
ഒറ്റപ്പാലം > ഇരട്ടവോട്ടിന്റെ പേരിൽ ഇരട്ടസഹോദരങ്ങളെ അപകീർത്തിപ്പെടുത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഒറ്റപ്പാലം സ്വദേശികളായ സഹോദരങ്ങൾ.
വ്യാജവോട്ടറാണെന്നും വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഇരട്ടവോട്ട് ചേര്‍ത്തുവെന്ന തരത്തിലും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികസംവിധാനംമുഖേന വ്യാപകമായി പ്രചാരണം നടത്തിയതിനെതിരെ ഒറ്റപ്പാലം തോട്ടക്കര തേക്കിന്‍കാട്ടില്‍ വീട്ടില്‍ വേണുഗോപാലന്റെ മകന്‍ ടി അരുണ്‍(28)ജില്ലാ പൊലീസ് മേധാവിക്കും ഒറ്റപ്പാലം പൊലീസിനും പരാതി നൽകി.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാംനമ്പര്‍ ബൂത്തിലെ 642-ാംനമ്പര്‍ വോട്ടറാണ് അരുൺ. അരുണിന്റെ ഇരട്ടസഹോദരന്‍ ടി വരുണ്‍ ഇതേ ബൂത്തിലെ 641-ാം നമ്പര്‍ വോട്ടറാണ്. ഇരുവര്‍ക്കും ഈ ബൂത്തില്‍മാത്രമാണ് വോട്ടുള്ളത്.
അരുൺ വ്യാജവോട്ടറാണെന്നാണ് ചെന്നിത്തല പുറത്തുവിട്ട വെബ്‌സൈറ്റിലെ വോട്ടർപട്ടികയിൽ പറയുന്നത്. ബുധനാഴ്‌ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താസമ്മേളനത്തില്‍ www.operationtwins.com എന്ന വെബ്‌സൈറ്റ്‌മുഖേന ഇരട്ടവോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നു. രാത്രി ഒമ്പതോടെ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിലാണ് അരുണിന്റെയും വരുണിന്റെയും പേരുള്ളത്. ഇതിലൂടെ പൊതുസമൂഹത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപമാനിക്കുകയാണ് ചെയ്‌തതെന്ന് ഇവർ പറഞ്ഞു. പട്ടിക പുറത്തുവന്നതിനുപിന്നാലെ വിവിധ സമൂഹമാധ്യമങ്ങള്‍വഴി ഇരുവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണവും തുടങ്ങി. ഇത് കുടുംബത്തിന് വലിയ അപമാനമായെന്നും അരുണും വരുണും പറഞ്ഞു.
കണ്ണൂരിലെ ഇരട്ടകളെയും ചെന്നിത്തല അപമാനിച്ചു
കണ്ണൂര്‍ > ഇരട്ടവോട്ടിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ഇരട്ട സഹോദരങ്ങളെയും വേട്ടയാടുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരേ മേല്‍വിലാസവും ഫോട്ടോയിലെ സാമ്യവും വച്ചാണ് ഇരട്ടകളെ കള്ളവോട്ടര്‍മാരായി ചിത്രീകരിക്കുന്നത്. ജനാധിപത്യാവകാശം നിഷേധിക്കാനേ ഇത് സഹായിക്കൂ. ഇരട്ടവോട്ടില്‍ ലക്ഷങ്ങളുടെ കണക്കുണ്ടാക്കാന്‍ വ്യാജ വിവരങ്ങളാണ് 'ഓപ്പറേഷന്‍ ട്വിന്‍സ്' എന്ന വെബ്സൈറ്റില്‍ ചെന്നിത്തല ഇട്ടത്. മുഴുവന്‍ മണ്ഡലങ്ങളിലെയും ഇരട്ട സഹോദരങ്ങളെ ഇരട്ടവോട്ടായാണ് ഉള്‍പ്പെടുത്തിയത്.
തളിപ്പറമ്പ് മണ്ഡലം തായംപൊയില്‍ 126--ാം ബൂത്തില്‍ ക്രമനമ്പര്‍ 48 എസ് ജിനേഷും 49 എസ് സുജേഷുമാണ്. ഇരട്ട സഹോദരങ്ങളായ ഇവരുടെ രൂപസാദൃശ്യമാണ് ഇരട്ടവോട്ടെന്ന് ചെന്നിത്തല പറയുന്നത്. ജിനേഷ് ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും സുജേഷ് മൈസൂരു സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുമാണ്.
കുറ്റിയാട്ടൂര്‍ വാരച്ചാലിലെ ഇരട്ട സഹോദരങ്ങളായ വി വി ജിഷ്ണു, വി വി ജിതിന്‍ എന്നിവരെയും ഇരട്ടവോട്ട് പട്ടികയില്‍ കുടുക്കി. തളിപ്പറമ്പ് മണ്ഡലത്തിലെ 178--ാം ബൂത്തിലെ 564, 565 ക്രമനമ്പറുകളിലാണ് ഇവരുടെ പേരുള്ളത്. ഇരട്ടവോട്ട് ആരോപിച്ച ചെന്നിത്തലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇവര്‍. ഇവരുടെ ഇളയമ്മയുടെ മക്കളായ കയരളത്തെ സി സ്നേഹ, ശ്രേയ എന്നിവരെയും ഇരട്ടവോട്ടില്‍ കുരുക്കി.
തളിപ്പറമ്പ് മണ്ഡലത്തിലെ 139-ാം ബൂത്തില്‍ 77, 78 ക്രമനമ്പറുകളിലാണ് ഇവരുടെ പേരുള്ളത്. ധര്‍മടം മണ്ഡലം 76--ാം ബൂത്തിലെ പി അനഘ, പി ആദിത്യ എന്നീ ഇരട്ടകളെയും ചെന്നിത്തല ഇരട്ടവോട്ടര്‍മാരാക്കി.
തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ 145-ാം ബൂത്തില്‍ മയ്യില്‍ ചെക്യാട്ടുകാവിലെ അഭിന്‍ സന്തോഷ്, അശ്വിന്‍ സന്തോഷ് എന്നീ ഇരട്ടസഹോദങ്ങളും ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിലുണ്ട്.
പേരാവൂര്‍ മണ്ഡലം ബൂത്ത് 60-ല്‍ ഇരട്ടസഹോദരങ്ങളായ ഫഹദ്, റമീസ് എന്നിവരെയും ചെന്നിത്തല ഇരട്ടവോട്ടാക്കി അവതരിപ്പിച്ചു. 532 ക്രമനമ്പറില്‍ ഫഹദും 1321 ക്രമനമ്പറില്‍ റമീസുമാണുള്ളത്.
അപമാനിതരായി വോട്ടര്‍മാര്‍
കാസര്‍കോട് > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടിക കാസര്‍കോടും പൊളിഞ്ഞു. ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ആരോപിക്കുന്ന ഇരട്ട വോട്ടുകളില്‍ പലതും ഇരട്ടസഹോദരങ്ങള്‍. അവരില്‍ ഭൂരിപക്ഷവും യുഡിഎഫുമായി ബന്ധമുള്ളവരുമാണ്. അതോടെ പട്ടിക യുഡിഎഫിനെ ജില്ലയിലും തിരിഞ്ഞു കുത്തുകയാണ്.
ലീസ്റ്റ് പരിശോധിച്ചവരും കേട്ടറിഞ്ഞവരുമാണ് തങ്ങളുടെ പേര് ചെന്നിത്തല നല്‍കിയ ലിസ്റ്റില്‍ ഉണ്ടെന്നറിഞ്ഞു അന്തം വിട്ടത്. കൂടുതല്‍ വിവരം പുറത്തുവരാനിരിക്കുകയാണ്. സാമുഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെ ഓരോ പ്രദേശത്തുമുള്ളവര്‍ രോഷാകുലരാണ്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടെങ്കിലും അന്വേഷിക്കാമായിരുന്നുവെന്നു ലീസിറ്റിലുള്ളവര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവിന്റെ മക്കള്‍ക്ക് നോട്ടീസ്
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് അറക്കത്തട്ടിലെആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ സി ജെ കുര്യാക്കോസിന്റെ മകനും കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം നേതാവുമായ ജൂലീയസ് ചെട്ടിയിലി'ന്റെ മക്കളായ ഗ്ലാഡീസ്, ഗ്ലോറീസ്എന്നിവരുടെ വോട്ടുകളാണ് രമേശ് ചെന്നിത്തലയുടെ കണക്കില്‍ ഇരട്ടവോട്ട്. പ്രതീപക്ഷനേതാവിന്റെ പാത പിന്തുടര്‍ന്നു തൃക്കരിപ്പുര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി ജോസഫും ഇരട്ടപെണ്‍കുട്ടികള്‍ക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇവരുടെ വോട്ട് പട്ടികയില്‍ 233, 234 ക്രമനമ്പറായാണ് ചേര്‍ത്തിട്ടുള്ളത്. ഇരട്ടവോട്ടിന്റെ പേരില്‍ ഗ്ലാഡീസിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ലഭിച്ചതായി ജൂലിയസ് ചെട്ടിയില്‍ ദേശാഭിമാനിയോട് പറഞ്ഞു. പെണ്‍കുട്ടികളെ അപമാനിച്ചതില്‍ മലയോരത്ത് പ്രതിഷേധം ഉയര്‍ന്നു.
സഹോദരന്മാരോടും ചതി
അപമാനിതരായ മറ്റു രണ്ട് സഹോദരങ്ങള്‍ പാണത്തൂരിലെ സലാമിന്റെ മക്കളായ എം എ അറഫും എം എ അമീറുമാണ്. ഇരട്ടവോട്ട് എന്ന് കാണിച്ച് രമേശ് ചെന്നിത്തല വെബ് സൈറ്റില്‍ ഇട്ടിരിക്കുകയാണ്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പനത്തടി പഞ്ചായത്തിലെ 103 നമ്പര്‍ ബൂത്തിലെ വീട്ട് നമ്പര്‍ 362ല്‍ 778 ക്രമനമ്പറിലാണ് എം എ അറഫിന്റെ വോട്ട്. സഹോദരന്‍ എം എ അമീറിന്റെ ക്രമനമ്പര്‍ 777. ഇരട്ട സഹോദരങ്ങളായതിനാല്‍ വയസ് 29 എന്നാണ് വോട്ടര്‍ പട്ടികയിലുള്ളത്. രണ്ട് പേരുടെയും ഉപ്പയുടെ പേരും വീട്ടു പേരും ഒന്ന് തന്നെ.രണ്ടും ഒരാളാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണിവര്‍. ഇത് നാട്ടില്‍ വലിയ ചര്‍ച്ചയായി.
കാര്‍ത്യായനിമാരും ഒന്നല്ല
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയപറമ്പിലെ രണ്ട് കാര്‍ത്യായനിമാരെയും ചെന്നിത്തല പിടികൂടി. 155 നമ്പര്‍ ബൂത്തില്‍ 247 ക്രമനമ്പറിലുള്ള കെ പി കാര്‍ത്യായനിക്ക് 156 ബൂത്തില്‍ 548 ക്രമനമ്പറിലും വോട്ടുണ്ടന്നാണ് ചെന്നിത്തലയുടെ പട്ടിക പറയുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി കണ്ണന്റെ ഭാര്യകൂടിയായ കെ കാര്‍ത്യായനിയുടെ വോട്ടാണ് ഇത്.
ജിതിനും ജിജിനും ഇരട്ടകളാണേ
പിലിക്കോട് വറക്കോട്ട് വയലിലെ ഇരട്ടകളായ ജിതിനും ജിജിനും ചെന്നിത്തലയുടെ ലിസ്റ്റില്‍ പെട്ടു. പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 113 നമ്പര്‍ ബൂത്തില്‍ 13, 27 ക്രമനമ്പറില്‍പ്പെട്ടവരാണ് ഇരുവരും. എം വി ജനാര്‍ദനന്റെയും ഓമനയുടേയും മക്കളാണ് ഇരുവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..