മുംബൈ
ഐപിഎൽ ക്രിക്കറ്റ് ആവേശത്തിന് ഇനി ഏഴുനാൾ. ഒമ്പതിന് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്–-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടത്തോടെ പതിനാലാം സീസണിനു തുടക്കമാകും. എട്ടു ടീമുകൾ ഇന്ത്യയിലെ ആറു നഗരങ്ങളിൽ ഏറ്റുമുട്ടും. കാണികൾക്ക് തുടക്കത്തിൽ പ്രവേശനമുണ്ടാകില്ല. മെയ് 30ന് അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസൺ വൈകി യുഎഇയിലായിരുന്നു സംഘടിപ്പിച്ചത്. സെപ്‌തംബറിൽ തുടങ്ങി നവംബറിലായിരുന്നു സമാപനം. അഞ്ചു മാസത്തിനുശേഷമാണ് പുതിയ സീസൺ.
ചെന്നൈക്കും അഹമ്മദാബാദിനും പുറമെ ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലാണ് ഇക്കുറി കളി. 11 ദിവസം രണ്ടു കളികളാണ്. ആദ്യത്തേത് മൂന്നരയ്‌ക്ക്. ബാക്കി എല്ലാം 7.30നുമാണ്. ലീഗ് ഘട്ടം ഉൾപ്പെടെ 56 മത്സരങ്ങളാണ്.
എട്ട് ടീമുകളാണ്. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നു. ഐപിഎലിൽ ഒരു ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.
പുതിയ നിയമങ്ങൾ ഇത്തവണയുണ്ട്. ഒരു ഇന്നിങ്‌സ് 90 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം. തേഡ് അമ്പയർമാർക്കു വിടുന്ന തീരുമാനങ്ങളിൽ ഫീൽഡ് അമ്പയർ അഭിപ്രായം (സോഫ്‌റ്റ് സിഗ്നൽ) അറിയിക്കേണ്ട. സൂപ്പർ ഓവർ ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..