കോട്ടയം > കോവിഡ് രൂക്ഷമായ കാലം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം മുനിസിപ്പൽ ശ്‌മശാനത്തിൽ സംസ്‌കരിക്കാൻ ജില്ലാ അധികൃതർ തീരുമാനിക്കുന്നു. അപ്പോഴാണ് മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുകയിലൂടെ കോവിഡ് പകരുമെന്ന് പ്രചരിപ്പിച്ച് പ്രദേശവാസികളെ ഇളക്കി ബിജെപിക്കാരനായ കൗൺസിലർ ടി എൻ ഹരികുമാർ രംഗത്തെത്തുന്നത്. അന്ധവിശ്വാസങ്ങളുടെ മൊത്തക്കച്ചവടക്കാരായ ബിജെപിക്കാരുടെ നേതൃത്വത്തിൽ ആളുകൾ വഴിതടയുന്നു. പക്ഷേ ആളുകളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കേണ്ട ഉത്തരവാദിത്തമുള്ള ഒരാളുണ്ടായിരുന്നു. ബിജെപി കൗൺസിലർ പറയുന്നത് ശാസ്‌ത്രവിരുദ്ധമായ കാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഒരാൾ. കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
എന്നാൽ ജില്ലാ ഭരണകേന്ദ്രവും കലക്ടറും തഹസിൽദാറും ഉൾപ്പെടെയുള്ളവർ പ്രശ്നം പരിഹരിക്കാൻ അശ്രാന്ത പരിശ്രമം നടത്തുമ്പോൾ ബിജെപി കൗൺസിലറുടെ മുതലെടുപ്പിനൊപ്പം ഒക്കച്ചങ്ങാതിയായി നിൽക്കുകയായിരുന്നു എംഎൽഎ. ദൃശ്യമാധ്യമങ്ങളിലൂടെ തിരുവഞ്ചൂരിന്റെ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തത്സമയം കണ്ടു. മറ്റൊരു രസകരമായ കാര്യവുമുണ്ട്. അറിയപ്പെടുന്ന ബിജെപി നേതാക്കളെ ഒഴിവാക്കി ആരും കേട്ടിട്ടില്ലാത്ത മിനർവ മോഹനെ പൂഞ്ഞാറിൽനിന്ന് കോട്ടയത്ത് കൊണ്ടുവന്ന് മത്സരിപ്പിക്കുമ്പോൾ ജനങ്ങളെ ഇളക്കിവിട്ട കൗൺസിലർ ടി എൻ ഹരികുമാർ തൊട്ടടുത്ത മണ്ഡലമായ ഏറ്റുമാനൂരിൽ ബിജെപി സ്ഥാനാർഥിയാണ്.
കാര്യാലയത്തിലെ സന്ദർശനം
പനച്ചിക്കാട്ട് ആർഎസ്‌എസ് കാര്യാലയത്തിൽ കഴിഞ്ഞ ഒക്‌ടോബറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശനം നടത്തിയത് വൻവിവാദത്തിന് വഴിവച്ചിരുന്നു. ആ രഹസ്യസന്ദർശനം വോട്ടുകച്ചവടത്തിനാണെന്ന വിവാദം ഉയർന്നപ്പോൾ താൻ സേവാഭാരതിയുടെ ഊട്ടുപുര സന്ദർശിക്കാൻ പോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
വോട്ടുകച്ചവടം വ്യക്തം
കോട്ടയത്ത് 2011ൽ ബിജെപി സ്ഥാനാർഥി പ്രമുഖ നേതാവായ നാരായണൻ നമ്പൂതിരിയായിരുന്നു. 2016ൽ ആകട്ടെ ബിഎംഎസ് നേതാവായ അഡ്വ. എം എസ് കരുണാകരൻ. എന്നാൽ ഇത്തവണത്തെ സ്ഥാനാർഥി പൂഞ്ഞാർ സ്വദേശിയും അടുത്തയിടെ ജനപക്ഷം പാർടിയിൽനിന്നു കാലുമാറി എത്തിയ വ്യക്തിയുമായ മിനർവ മോഹൻ. പ്രമുഖ നേതാക്കൾക്ക് സീറ്റുകൊടുക്കാതെ മിനർവ മോഹന് സീറ്റുകൊടുത്തത് എന്തിനെന്ന് ആർക്കും ഒരു പിടിയുമില്ല. കുറേ ബോർഡുകൾ പ്രിന്റു ചെയ്‌ത് മണ്ഡലത്തിൽ ഇറക്കിയിട്ടുണ്ടെന്നല്ലാതെ ബിജെപിയുടെ ഒരു പ്രവർത്തനവും നടക്കുന്നുമില്ല.
ഏറ്റുമാനൂർ മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി ദുർബലനാണെന്ന് ആക്ഷേപിച്ച് ബിജെപിയും പത്രിക കൊടുക്കുകയും തർക്കത്തിനൊടുവിൽ ബിജെപി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. അവിടെ ബിജെപി സ്ഥാനാർഥിത്വത്തിനുവേണ്ടി ടി എൻ ഹരികുമാറിനു പുറമെ കെ എം രാജ്‌മോഹനും രംഗത്തുവരികയും വലിയ തർക്കങ്ങൾക്ക് വഴിതെളിക്കുകയും ചെയ്‌തു. എന്നാൽ കോട്ടയത്ത് കെട്ടിയിറക്കിയ സ്ഥാനാർഥിക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടാക്കാത്തതും ആരും മത്സരത്തിന് താൽപര്യം പ്രകടിപ്പിക്കാത്തതും ബിജെപി-കോൺഗ്രസ് വോട്ടുകച്ചവടത്തിലേക്കു തന്നെ വിരൽചൂണ്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..