ഭൂപരിഷ്‌കരണ നിയമ നിർമാണത്തിലൂടെ കൃഷിഭൂമി കർഷകന് ലഭ്യമാക്കിയ വിപ്ലവകരമായ പാരമ്പര്യം കേരളത്തിന് അവകാശപ്പെട്ടതാണ്. 1957–-59 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ പാസാക്കിയ നിയമത്തെ തുടർന്ന് 1980കളോടെ 32.5 ലക്ഷം കുടുംബങ്ങൾക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. കർഷകർക്ക് കൃഷിഭൂമിയും തൊഴിലാളികൾക്ക് മിനിമം വേതനവും തൊഴിൽ സുരക്ഷയും നേടാനുള്ള പോരാട്ടങ്ങളാണ് കേരളത്തിൽ ഇടതുപക്ഷത്തിനുള്ള ജനപിന്തുണയുടെ വർഗപരമായ അടിത്തറ. ഇടതുവലതു മുന്നണികളെ മാറിമാറി വരിച്ച കേരളത്തിന് കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെയും ആഭ്യന്തര വിപണിയുടെയും വികസനത്തിലേക്ക് മുന്നേറാനായില്ല. നാണ്യവിള കൃഷി അടിസ്ഥാനമാക്കി ലോകവിപണിയിലേക്കുള്ള ചരക്ക് ഉൽപ്പാദനം എന്ന വികസനനയമാണ് നാം പിന്തുടർന്നത്. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന വിളകളിൽ 82 ശതമാനവും നാണ്യവിളകളാണ്. റബർ, കാപ്പി, ചായ, നാളികേരം, കുരുമുളക് തുടങ്ങിയവ മിക്കവാറും അസംസ്കൃത ഉൽപ്പന്നങ്ങൾ എന്ന നിലയിലാണ് ആഗോള വിപണിയിലെത്തുന്നത്. എന്നാൽ വിളകൾക്ക് ന്യായവില ലഭിക്കാത്തതിനാൽ കർഷകർ കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്നു.
ഓരോ വർഷവും കർഷകർ നേരിടുന്ന കോർപറേറ്റ് കൊള്ള ഇല്ലാതാക്കിയാൽ കേരളത്തിന്റെ കടബാധ്യത മറികടന്ന് വികസനത്തിനായി അധികനിക്ഷേപത്തിനുള്ള തുക ലഭ്യമാക്കാനാകും. കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെ മേൽ വൻകിട മുതലാളിത്ത ശക്‌തികൾക്കുള്ള കുത്തക ഉടമസ്ഥതയാണ് ഈ പകൽക്കൊള്ളയ്‌ക്കു കാരണം. കർഷകരുടെ നഷ്ടമാണ് കോർപറേറ്റ് കമ്പനികളുടെ ലാഭമാകുന്നത്. കേരളത്തിന്റെ വികസനത്തിൽ എത്രയും ഉയർന്ന മുൻഗണന നൽകേണ്ട വിഷയമാണ് കാർഷികപ്രശ്നത്തിന്റെ പരിഹാരം എന്നർഥം.
കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന വ്യവസായങ്ങളും അനുബന്ധവിപണിയും ആഭ്യന്തര സമ്പദ്ഘടനയ്‌ക്കകത്തു വികസിപ്പിക്കുന്ന പ്രക്രിയ അതീവ പ്രധാന്യമുള്ളതാണ്. അതിൽ ഉപേക്ഷ വന്നതാണ് കർഷകരെ ദേശീയ ആഗോള വിപണികളിലെ കോർപറേറ്റ് കമ്പനികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന സ്ഥിതിക്ക് കാരണം. മിനിമം വില ലഭിക്കാതെ ധനിക കർഷകരടക്കം സാമ്പത്തിക ചൂഷണം നേരിട്ട് കടക്കെണിയിൽ അകപ്പെടുകയാണ്. കേരളത്തിന്റെ സമ്പദ് ഘടനയ്‌ക്ക് ഗുരുതരമായ ആഘാതമാണിത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയങ്ങളാണ് ഈ കാർഷിക തകർച്ചയ്‌ക്ക് കാരണം.
ഭൂപരിഷ്‌കരണത്തെ തുടർന്നുള്ള കൃഷിഭൂമിയുടെ പുനർവിതരണവും തലമുറതോറും ഭൂമി ഭാഗംവയ്‌ക്കലും കൃഷിയിട വിസ്തൃതി കുറയുന്നതിലേക്ക് നയിച്ചു. നിലവിൽ കേരളത്തിൽ 76 ശതമാനം കൃഷിയിടങ്ങളും അര ഏക്കറിൽ താഴെയാണ്. ചെറുതുണ്ട് കൃഷിഭൂമി ആശ്രയിച്ചു കുടുംബത്തിന്റെ നിലനിൽപ്പ് സാധ്യമല്ലാതെ കൃഷി ഉപേക്ഷിക്കുന്ന പ്രവണത രൂക്ഷമാകുന്നു. ചെറുകിട ഇടത്തരം കർഷകർ കടബാധ്യത താങ്ങാനാകാതെ കൃഷിഭൂമിയും കന്നുകാലികളും നഷ്ടപ്പെട്ടു പ്രവാസി തൊഴിലാളികളായി മാറുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഏറ്റുവും രൂക്ഷമായ സംസ്ഥാനമാണ് കേരളം. കാർഷികഉൽപ്പാദനത്തിനുള്ള ഉപാധി എന്നതിനെക്കാൾ, സമ്പാദ്യം സൂക്ഷിക്കാനുള്ള ആസ്തി എന്ന നിലയിൽ ഭൂമിയെ കണക്കാക്കുന്നു. ഭൂമി കച്ചവടത്തിൽ വൻതോതിൽ മൂലധനം നിക്ഷേപിക്കുന്ന പ്രവണത ശക്തമാണ്. തന്മൂലം കാർഷികപ്രശ്നത്തിന്റെ പരിഹാരം സങ്കീർണമാകുകയാണ്.
ഇതിന് പരിഹാരമായി രണ്ടു കാര്യം പരിഗണിക്കണം. ഒന്ന് വിള അടിസ്ഥാനത്തിൽ ദരിദ്ര ഇടത്തരം കർഷകരെ ഒരുമിപ്പിച്ച് കൂട്ടുകൃഷി അഥവാ സഹകരണ കൃഷി. ഉൽപ്പാദന ചെലവു കുറയ്‌ക്കാനും വരുമാനം വർധിപ്പിക്കാനും കാർഷികവൃത്തി ലാഭകരമായി മാറ്റാനും അത് അനിവാര്യമാണ്. രണ്ടാമതായി, ടയറും, കാപ്പിപ്പൊടിയും ഭക്ഷ്യഎണ്ണയും സോപ്പും വിൽപ്പന നടത്തി തങ്ങൾ നേടുന്ന വൻലാഭത്തിൽ ഒരു നിശ്ചിത വിഹിതം കർഷകർക്ക് അധികവിലയായി പങ്കുവയ്‌ക്കാൻ സ്വകാര്യ പൊതു –സഹകരണ വൻകിട കാർഷികവ്യവസായ സ്ഥാപനങ്ങളെ നിർബന്ധിതമാക്കുന്ന നിയമനിർമാണം. എങ്കിൽ മാത്രമേ സി2+50ശതമാനം നിരക്കിൽ താങ്ങുവില ലഭ്യമാക്കാനും കാർഷിക പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനും സാധിക്കൂ. കാർഷിക ഉൽപ്പന്നങ്ങളിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ മൂല്യത്തിന്റെ കേവലം 10 ശതമാനമോ അതിൽ താഴെയോ മാത്രമാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്നത്.
സഹകരണ കൃഷിയിലൂടെ കൃഷിഭൂമിയും കാർഷികവ്യവസായങ്ങളും വിപണിയും കർഷകരുടെയും തൊഴിലാളികളുടെയും സാമൂഹ്യ ഉടമസ്ഥതയിലാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ ബദൽനയം. അതിനുള്ള പോരാട്ടം കർഷകരും തൊഴിലാളികളും ഏറ്റെടുക്കണം. കഴിഞ്ഞ 10 വർഷത്തിൽ റബർ കർഷകർ മാത്രം നേരിട്ട 60000 കോടി രൂപ നഷ്ടത്തിന്റെ കേവലം 10ശതമാനം 6000 കോടി രൂപ കിഫ്ബി വഴി നിക്ഷേപിച്ച് ലോകനിലവാരമുള്ള, ആധുനിക റബർ വ്യവസായ സമുച്ചയം സ്ഥാപിച്ചാൽ ഓട്ടോമാറ്റീവ് ടയർ അടക്കമുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭവിഹിതത്തിലൂടെ കിലോയ്‌ക്ക് 250 രൂപയോ അതിൽ കൂടുതലോ റബർ കർഷകർക്ക് വിലയായി നൽകാനാകും. എല്ലാ വിളകളിലും ഇതേ നയം നടപ്പിലാക്കാൻ സാധിച്ചാൽ ക്രയശേഷി വർധിക്കാനും കാർഷിക വ്യവസായവൽക്കരണത്തിലൂടെ തൊഴിലും വിപണിവരുമാനവും ഉറപ്പുവരുത്താനുമാകും. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കാർഷിക മേഖലയിൽ സംസ്‌കരണ വ്യവസായ പാർക്കുകൾ സ്ഥാപിക്കാനാണ് എൽഡിഎഫ് ഉയർന്ന മുൻഗണന നൽകിയിട്ടുള്ളത്.
നെൽകൃഷിയിൽ കേരളം നടപ്പിലാക്കിയ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. കേന്ദ്ര സർക്കാർ 1850 രൂപയാണ് ക്വിന്റൽ നെല്ലിന് നൽകുന്ന താങ്ങുവില. സംഭരണ സംവിധാനം ഇല്ലാത്തതിനാൽ ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ് അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർക്ക് 900–-1100 രൂപ നിരക്കാണ് ലഭിക്കുന്നത്. എന്നാൽ രാജ്യത്ത് ഏറ്റുവും ഉയർന്ന വില 2850 രൂപ നിരക്കിലാണ് കേരളത്തിൽ നെല്ല് സംഭരിക്കുന്നത്. 20 ക്വിന്റൽ നെല്ല് ശരാശരി ഉൽപ്പാദനം കണക്കാക്കിയാൽ ഒരു ഏക്കർ കൃഷി ചെയ്യുന്ന കർഷകന് 20000 രൂപ വരെ അധികവരുമാനം ലഭിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ വയനാട് കോഫി പദ്ധതി മൂല്യവർധനവിലൂടെ ലഭിക്കുന്ന മിച്ചവരുമാനത്തിലൂടെ കർഷകർക്ക് ഉയർന്ന വില നൽകുന്നു. കാപ്പിക്കുരു സംഭരിച്ച് പൊടിയാക്കി വിൽക്കുന്നതിലൂടെ 65 രൂപയ്‌ക്ക് പകരം 90 രൂപ കർഷകർക്ക് വില നൽകാനാകും. സുഭിക്ഷ കേരളം, കേരള ചിക്കൻ പദ്ധതികൾ മാതൃകാപരമാണ്. മലബാർ മീറ്റ് പദ്ധതിയുടെ പിന്തുണയോടെ ഇറച്ചിക്കോഴി സംസ്കരിച്ച് ശീതീകരിച്ച് വിപണിയിലെത്തിച്ച് കർഷകർക്ക് ഇരട്ടി വരുമാനം ലഭ്യമാക്കുന്നതാണ് കേരള ചിക്കൻ പദ്ധതി. ഇന്ത്യയിൽ റബറിനും കാപ്പിക്കും നാളികേരത്തിനും പച്ചക്കറിക്കും താങ്ങുവില പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്.
കർഷകർക്ക് ഉൽപ്പാദന ചെലവും അതിന്റെ 50 ശതമാനവും ചേർന്ന (സി2 + 50ശതമാനം) താങ്ങുവില 2014 ലെ ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ്. പ്രധാനമന്ത്രിയായി 7 വർഷമായിട്ടും വാഗ്ദാനം പാലിക്കാൻ നരേന്ദ്ര മോഡി തയ്യാറല്ല. കാർഷിക പ്രതിസന്ധിക്കും ഗ്രാമീണ തൊഴിലില്ലായ്മക്കും കാരണമായ നവ ഉദാരവൽക്കരണ നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്.
കൃഷിയുടെ കമ്പനിവൽക്കരണം കർഷകരെ കൃഷിയിൽനിന്നും തുടച്ചുനീക്കും. 1980 കളിൽ അമേരിക്കയിൽ ഈ നയം നടപ്പാക്കിയതിനുശേഷം അവിടുത്തെ കർഷകരുടെ എണ്ണം 2.3 കോടിയിൽനിന്നും 20 ലക്ഷമായി കുറഞ്ഞു. കൃഷിയിടത്തിന്റെ ശരാശരി വിസ്തൃതി 150 ഏക്കർ എന്നത് 450 ഏക്കറായി വർധിച്ചു. ജിഡിപിയിൽ കൃഷിയുടെ സംഭാവന 8 ശതമാനം എന്നത് ഒരു ശതമാനമായി കുറഞ്ഞു. പൗൾട്രി മേഖലയിൽ 75 ശതമാനം കരാർ കർഷകരും ദരിദ്ര്യരേഖയ്‌ക്ക് കീഴിലാണ് ജീവിക്കുന്നത്. കരാർ കൃഷിയുടെ ഇതേ മാതൃകയാണ് മോഡി അടിച്ചേൽപ്പിക്കുന്നത്. ഇതിനെതിരെ ഡൽഹി അതിർത്തികൾ കേന്ദ്രീകരിച്ചു നടക്കുന്ന കർഷകസമരം രാജ്യത്തിന്റെ ചരിത്രത്തിലെ ഉജ്വല മുന്നേറ്റമാണ്.
കാർഷികവിളകൾക്ക് മിനിമം വിലയും തൊഴിലാളികൾക്ക് മിനിമം വേതനവും നിഷേധിക്കുന്ന 3 കാർഷിക നിയമവും 4 ലേബർ കോഡിനുമെതിരെ കർഷകരും തൊഴിലാളികളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിലാണ്. സമരത്തിനുള്ള ജനപിന്തുണ മൂലം കർഷകരെ പിന്തുണയ്‌ക്കാൻ മുഖ്യപ്രതിപക്ഷ പാർടിയായ കോൺഗ്രസ് നിർബന്ധിതമായിട്ടുണ്ട്. ധനിക കർഷകരെ പ്രതിനിധാനം ചെയ്യുന്ന കേരള കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും അണികൾ നവഉദാരവൽക്കരണ നയങ്ങളുടെ മോഹവലയത്തിൽനിന്നും മോചിതരാകുന്നതിന്റെ കൂടി ഭാഗമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായി കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ചേരിതിരിവ്.
വരും നാളുകളിൽ ലോക സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതും അതിനെതിരെ തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നതും ബിജെപിയെ കൂടുതൽ ദുർബലമാക്കും. ഇടതുപക്ഷ ജനാധിപത്യനയങ്ങൾക്ക് മാത്രമേ ഇന്ത്യയെ രക്ഷിക്കാനാകൂ. നവഉദാരവൽക്കരണ നയത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ ബദൽ കാർഷിക പരിപാടി നടപ്പാക്കാൻ തുടർഭരണം അനിവാര്യമാണ്. ദേശീയതലത്തിൽ ബിജെപിക്കെതിരെ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്‌തികളുടെ രാഷ്ട്രീയമുന്നണി വികസിപ്പിക്കാനത് പ്രചോദനമാകും. യുഡിഎഫ് പ്രചരിപ്പിക്കുന്ന അന്ധമായ ഇടതുപക്ഷവിരോധം ജനങ്ങൾ അംഗീകരിക്കില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളികളും കർഷകരും എൽഡിഎഫിനെ പിന്തുണയ്‌ക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..