കൊല്ലം
പ്രളയത്തിനും മഹാമാരികൾക്കും മുന്നിൽ വിറങ്ങലിച്ചുനിന്ന മനുഷ്യരെ മാറോടുചേർത്ത് നിർത്തിയ മുഖ്യമന്ത്രിയെ അവഹേളിക്കാതിരിക്കാനെങ്കിലും യുഡിഎഫ് തയ്യാറാകണമെന്ന് എൻസിപി നേതാവ് പി സി ചാക്കോ പറഞ്ഞു. കേരളപുരത്തും ശൂരനാട് കക്കാകുന്നിലും എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലതിനെ അംഗീകരിക്കാൻ കഴിയാത്ത കോൺഗ്രസ് നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അഞ്ചുകൊല്ലം കൂടുമ്പോൾ ഭരണം മാറുമെന്ന വിശ്വാസത്തിലാണ് അവർ. യാഥാർഥ്യം തിരിച്ചറിയാൻ അവർക്കു കഴിയുന്നില്ല. മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയ്‌ക്കും സർക്കാരിനുമെതിരെ ഉന്നയിച്ച ആരോപണം ചീറ്റിയപ്പോൾ വോട്ടർപട്ടികയിൽ ക്രമക്കേട് എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതൊന്നും ഇനി ഏശാൻ പോകുന്നില്ല. കേരളം എൽഡിഎഫ് സർക്കാരിനു തുടർച്ചയും പിണറായി വിജയന് രണ്ടാംമൂഴവും നൽകുമെന്നതിൽ സംശയമില്ല. കേരളത്തിൽ ഇന്ന് പവർകട്ട് ഇല്ല, ലോഡ്‌ഷെഡിങ് ഇല്ല. മന്ത്രി എം എം മണി ഒരു അത്ഭുത മനുഷ്യനാണ്. 268 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാൻ സാധാരണക്കാരിൽ സാധാരണക്കാരനായ പച്ചയായ മനുഷ്യൻ എം എം മണിക്കു കഴിഞ്ഞു.
ഗാന്ധിവധക്കേസിലെപ്രതിയായ നാഥുറാം ഗോഡ്‌സയുടെ ആശയങ്ങൾ പോറുന്ന മോഡിയെയും അമിത്‌ഷായെയും ശക്തമായി നേരിടാൻ കോൺഗ്രസ് നേതാക്കൾക്കു കഴിയുന്നില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി മത്സരിക്കേണ്ടിയിരുന്നത് കേരളത്തിലല്ലായിരുന്നു. അതിൽ അദ്ദേഹത്തിന് തെറ്റുപറ്റിയെന്നും പി സി ചാക്കോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..