02 April Friday

കോണ്‍ഗ്രസിനും ബിജെപിക്കും വംശഹത്യാ പാരമ്പര്യം: പിണറായി

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021

പിണറായി > വംശഹത്യ നടത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ഒരുമിച്ച് നേരിടുന്ന യുഡിഎഫും ബിജെപിയും തമ്മിലുള്ള ഐക്യം ഇപ്പോള്‍ തുടങ്ങിയതല്ല. ആളുകളെ കൊന്നൊടുക്കുന്നതിലും ഈ സാമ്യം കാണാമെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ഭരണമേധാവിത്വത്തിന്റെ ഒത്താശയോടെ രണ്ട് വംശഹത്യയാണ് ഇന്ത്യയില്‍ നടന്നത്. 1984--ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സിഖ് കൂട്ടക്കൊലയാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, 2002--ല്‍ ഗുജറാത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയതും.  ഈ പാരമ്പര്യമാണ് അവര്‍ ഇപ്പോഴും തുടരുന്നത്. അവരാണ് കേരളത്തില്‍വന്ന് അക്രമത്തെക്കുറിച്ച് പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പുള്ള മൂന്നുനാലു മാസംകൊണ്ട് ആറ് കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി ചമയുന്നത്.  കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം ഒന്നു കാണൂ എന്നാണ് അവരോട് പറയാനുള്ളത്.

വ്യക്തിപരമായ ആക്രമണങ്ങളാണ് ഇവരുടെ മറ്റൊരു തന്ത്രം. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി  കടന്നാക്രമിക്കുന്നു. അതിന് അഖിലേന്ത്യാ നേതാക്കളെയും ഉപയോഗിക്കുന്നു. കേരളത്തെക്കുറിച്ചോ ഇവിടുത്തെ ജനങ്ങളെക്കുറിച്ചോ പ്രശ്‌നങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവരാണ് സംസ്ഥാന നേതാക്കള്‍ ചൊല്ലുന്നത് ഏറ്റുപാടുന്നത്. ഇവിടെ  നടക്കുന്നത് അഖിലേന്ത്യാ നേതാക്കള്‍ അറിയുന്നില്ല.

യൂദാസിന്റെയും യേശുവിന്റെയുമൊക്കെ പേരുപറഞ്ഞ് ആരെയെങ്കിലുംആകര്‍ഷിക്കാന്‍ പറ്റുമോ എന്ന് മോഹിക്കുന്നവരുമുണ്ട്. ഇവര്‍തന്നെയാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ പ്രാര്‍ഥിക്കാനോ യാത്രചെയ്യാനോ സ്വാതന്ത്ര്യം നല്‍കാതെ ക്രൈസ്തവരെ ഉപദ്രവിക്കുന്നത്.

ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ആരും മറന്നിട്ടില്ല. കന്ധമാലും മറന്നിട്ടില്ല. അതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കേന്ദ്രഭരണക്കാര്‍ സ്ഥാനമാനങ്ങള്‍ നല്‍കിയതും മറക്കാനാകുന്നതല്ല-- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top