ചെന്നൈ
നമ്മ ഇനത്തുക്ക് ദ്രോഹം ശെയ്‌ത മോഡി, എടപ്പാടി, കൂട്ടണിയെ മന്നിക്ക മുടിയുമാ. (നമ്മുടെ വംശത്തിന് ദ്രോഹം ചെയ്‌ത മോഡി‐എടപ്പാടി കൂട്ടുകെട്ടിന് മാപ്പ് നൽകാനാകുമോ?) സ്‌റ്റാലിന്റെ ചോദ്യത്തിന് ജനാവലിയുടെ മറുപടി ഇങ്ങനെ: മുടിയാത്, മുടിയാത്. (സാധ്യമല്ല, സാധ്യമല്ല). തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്യണമെന്ന തമിഴ് ജനതയുടെ ആവശ്യം നിരാകരിച്ച മോഡിയുടെ നുണകൾ സംസ്ഥാനത്ത് ചെലവാകില്ലെന്ന് തമിഴകമൊന്നാകെ സ്‌റ്റാലിനൊപ്പം ഏറ്റുപറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണി ബഹുദൂരം മുന്നിൽ. ‘സ്‌റ്റാലിൻ വരും, മോചനം തരും’ മുദ്രാവാക്യം സംസ്ഥാനമെങ്ങും അലയടിക്കുന്നു. എഐഎഡിഎംകെ‐ബിജെപി‐ പിഎംകെ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തിയയിടത്തെല്ലാം ‘ഗോ ബാക്കി മോഡി, ഗോ ബാക്ക് അമിത്‌ഷാ’ ഹാഷ് ടാഗുമായി കർഷകർ ഉൾപ്പെടെ കരിങ്കൊടി പ്രതിഷേധം നടത്തി. പരാജയം മുന്നിൽക്കണ്ട സഖ്യത്തിന് ഇവരുടെ പടം വച്ചുള്ള പ്രചാരണം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു.
234 നിയമസഭാ സീറ്റാണുള്ളത്. മതേതരമുന്നണിയിൽ ഡിഎംകെ–- 173, കോൺഗ്രസ് 25, സിപിഐ എം, സിപിഐ, എംഡിഎംകെ, വിടുതലൈ സിറുത്തൈകൾ–- ആറു വീതം സീറ്റിൽ മത്സരിക്കുന്നു. കോവിൽപട്ടിയിൽ കെ ശ്രീനിവാസൻ, കീഴ്‌വേളൂരിൽ പാർടി നാഗപട്ടണം ജില്ലാ സെക്രട്ടറി നാഗൈമാലി, തിരുപ്പറംകുൻട്രത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം എസ് കെ പൊന്നുത്തായ്, ഗന്ധർവകോട്ടയിൽ എം ചിന്നദുരൈ, അരൂരിൽ എ കുമാർ, ദിണ്ഡുക്കലിൽ എൻ പാണ്ഡി എന്നിവരാണ് സിപിഐ എം സ്ഥാനാർഥികൾ.
സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെല്ലാം പ്രചാരണത്തിനെത്തി. എഐഎഡിഎംകെ മുന്നണിയിൽ എഐഎഡിഎംകെ–- 177, ബിജെപി–- 20, പാട്ടാളിമക്കൾ കക്ഷി–- 23, തമിഴ്‌മാനില കോൺഗ്രസ് ആറ് എന്നിങ്ങനെയാണ് സീറ്റ്‌നില. മുന്നണിയിൽനിന്ന് പുറത്തുപോയ നടൻ വിജയകാന്തിന്റെ ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) ശശികലയുടെ അനന്തരവൻ ടിടിവി ദിനകരന്റെ അമ്മാമക്കൾ മുന്നേറ്റ കഴകവുമായി ചേർന്ന് 60 സീറ്റിൽ മത്സരിക്കുന്നു. കമൽ ഹാസന്റെ മക്കൾ നീതിമയ്യം 234 സീറ്റിലും സഖ്യകക്ഷിയായ നടൻ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി 60 സീറ്റിലും മത്സരിക്കുന്നു. ഇടതുപക്ഷത്തെ അപമാനിക്കുന്ന കമൽ ഹാസന്റെ പ്രസ്‌താവന കോയമ്പത്തൂർ സൗത്തിൽ മത്സരിക്കുന്ന നടന് തിരിച്ചടിയാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ കൊളത്തൂരിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലം എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവം തേനി ബോഡിനായ്‌ക്കനൂരിലും ജനവിധിതേടുന്നു. എഐഎഡിഎംകെ അഞ്ചു മന്ത്രിമാർക്കും 48 എംഎൽഎമാർക്കും സീറ്റ് നൽകിയില്ല. പലരും മറ്റ് പാർടികളിൽ ചേക്കേറി മത്സരിക്കുന്നു.
കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ ശക്തമായ വികാരവും തങ്ങളുടെ പ്രചാരണ പരിപാടികളിലെ വൻ ജനപങ്കാളിത്തവും മതേതര മുന്നണിക്ക് ഊർജമേകുന്നു. പ്രീപോൾ സർവേ ഫലവും മുന്നണിക്ക് അനുകൂലം. വർഗീയത പ്രചരിപ്പിച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും നുണക്കഥകളുടെ ബലത്തിൽ തമിഴകത്തിൽ കാലുകുത്താമെന്ന ബിജെപി നീക്കം വിജയിക്കില്ലെന്ന ഉറപ്പിലാണ് മതേതര പുരോഗമന മുന്നണി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..