മാനന്തവാടി > മുതിർന്ന കോൺഗ്രസ് നേതാവ് വി കെ ജോസും കുടുംബവും ഉൾപ്പെടെ 26 കുടുംബങ്ങൾ കുഴിനിലത്ത് കോൺഗ്രസിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു. പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളാണ് നേരിന്റെ പക്ഷത്ത് എത്തിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു.
ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു വി കെ ജോസ്. മാനന്തവാടി പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ്. ഡിസിസി അംഗം, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് വൈസ്‌പ്രസിഡന്റ്, മാനന്തവാടി ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വർഗീയതക്കെതിരെ പോരാടാൻ സിപിഐ എമ്മിനേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കുടുംബങ്ങൾ കോൺഗ്രസ് വിട്ടത് കോൺഗ്രസിനും യുഡിഎഫിനും വൻ തിരിച്ചടിയായി. ജില്ലയിലാകെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും രാജി തുടരുകയാണ്.
സ്വീകരണ യോഗത്തിൽ സഫിയാ മൊയ്‌തീൻ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ഒ ആർ കേളു എംഎൽഎ, എ എൻ പ്രഭാകരൻ, പി വി സഹദേവൻ, കെ വി മോഹനൻ, കെ എം വർക്കി, എം റജീഷ്, പി ടി ബിജു എന്നിവർ സംസാരിച്ചു. കെ വി രാജു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..