31 March Wednesday
അരി, ഭക്ഷ്യധാന്യ വിതരണം തുടങ്ങി

വറുതി അകന്നു, വീട്ടകങ്ങൾ ഭക്ഷ്യസമൃദ്ധം

സ്വന്തം ലേഖിക Updated: Wednesday Mar 31, 2021

മതിയാവോളം...... ബത്തേരി ബ്ലോക്ക്‌ ഓഫീസ്‌ പരിസരത്തെ റേഷൻകടയിൽ നിന്ന്‌ ഏപ്രിൽ മാസത്തെ കിറ്റ്‌ വാങ്ങിയ തൊട്ടുവാടി പണിയ കോളനിയിലെ കറുപ്പിയുടെ സന്തോഷം ‌

കൽപ്പറ്റ> വറുതിയിലും  ക്ഷാമകാലത്തും ചേർത്തുവച്ച കനിവിന്റെ കരുതലിൽ വീട്ടകങ്ങൾ വീണ്ടും സമൃദ്ധം. വിഷുസദ്യയൊരുക്കാനും തിരുപ്പിറവി, പുണ്യമാസാചരണത്തിനും തയ്യാറെടുക്കുന്ന നാടിന് സർക്കാർ സമ്മാനമായി കിറ്റ്  വിതരണം തുടങ്ങി.

സംസ്ഥാനത്തെ  എല്ലാ റേഷൻ കാർഡുടമകൾക്കും  14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ  സൗജന്യ കിറ്റ്‌ വിതരണം ചെയ്യും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞ കിറ്റ് വിതരണമാണ് ഹെെക്കോടതി ഇടപെടലിനെ തുടർന്ന്‌ പുനരാരംഭിച്ചത്‌. 

   കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുടമകൾക്കും സ്കൂൾ വിദ്യാർഥികൾക്കും എൽഡിഎഫ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്‌. കോവിഡിൽ തൊഴിലും വരുമാനവും നഷ്ടമായ ലക്ഷക്കണക്കിന്  കുടുംബങ്ങളുടെ വിശപ്പാണ്‌ സർക്കാർ അകറ്റിയത്.
 
തോട്ടം തൊഴിലാളികളും  നിർധന കർഷകരും ആദിവാസികളും ഉൾപ്പെടുന്ന ജില്ലയിലെ 2,80,000 കുടുംബങ്ങൾക്ക്  സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ലഭിക്കും. കൂടാതെ ചെന്നിത്തലയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞിരുന്ന നീല, വെള്ള കാർഡുടമകൾക്കുള്ള 10 കിലോ അരി 15 രൂപ നിരക്കിൽ വിതരണവും ഏപ്രിൽ  5ന്‌ തുടങ്ങും.
ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ 51,288 കാർഡുടമകളുണ്ട്‌. പിങ്ക്‌ കാർഡുകാരായ  ഈ വിഭാഗത്തിന്‌ പതിവുപോലെ ഒരംഗത്തിന്‌ അഞ്ച്‌ കിലോ അരിവീതം ലഭിക്കും. മഞ്ഞ കാർഡുടമകളായ  46,248  എഎവൈക്കാർക്ക്‌ 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top