തൃശൂർ
രാജ്യസഭാംഗമായ തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തൃശൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർഥിക്കാനെത്തിയപ്പോഴാണ് ചട്ടം ലംഘിച്ച് സുരേഷ് ഗോപി വാഗ്ദാനങ്ങൾ നൽകിയത്. സ്വന്തം കയ്യിൽ നിന്നോ എംപി ഫണ്ടിൽ നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം. എംപി പദവി ദുരുപയോഗിച്ചാണ് വാഗ്‌ദാനം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചത്. 40,000 രൂപയാണ് കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞിരിക്കുന്നതായും സംശയിക്കണം.
തൃശൂർ കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ പ്രതിമയിൽ കോണി വച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകൾ പ്രചാരണാർഥം ഉപയോഗിക്കുന്നതും ചട്ട ലംഘനമാണെന്നും എൽ ഡിഎഫ് തൃശൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ വി ഹരിദാസ്, സെക്രട്ടറി കെ ബി സുമേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..